ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
മിത്രന്റെയും വരുണന്റെയും കണ്ണായ യാതൊരു ദേവൻ ഇരുട്ടിനെ, തോലിനെയെന്നപോലെ ചുരുട്ടുന്നുവോ; ആ മനുഷ്യസാധാരണനായ, വിശ്വദ്രഷ്ടാവായ, സുഭഗനായ സൂര്യൻ ഉദിച്ചുയരുന്നു!1
ജനങ്ങൾക്ക് അനുജ്ഞ നല്കുന്നവനും, മഹാനും കൊടിമരവും മഴ പെയ്യിക്കുന്നവനുമായ സൂര്യൻ മുമ്പിൽ പൂട്ടപ്പെട്ട പച്ചക്കുതിരയാൽ വലിയ്ക്കപ്പെടുന്ന സമാനമായ രഥം തിരിച്ചുകൊണ്ട് ഉദിച്ചുയരുന്നു!2
ഏകരൂപമായ തേജസ്സിനെ മങ്ങിയ്ക്കാതെ മിന്നിത്തിളങ്ങുന്ന സവിതാവ് സ്തോതാക്കളാൽ തോഷിപ്പിയ്ക്കപ്പെട്ടുകൊണ്ട്, ഉഷോമധ്യത്തിൽ ഉദിയ്ക്കുന്നു.; ഈ ദേവൻ എനിയ്ക്കനുകൂലനാകട്ടെ!3
വളർന്ന തേജസ്സോടെ വിളങ്ങുന്ന ദൂരഗാമിയായ തരണി അന്തരിക്ഷത്തിന്ന് ഒരാഭരണമായി ഉദിയ്ക്കുന്നു. തീർച്ചയായും, സൂര്യനാൽ അനുജ്ഞാതരായിട്ടാണ്, പ്രാണികൾ കർത്തവ്യകർമ്മങ്ങൾ ചെയ്തുപോരുന്നത്.4
തന്തിരുവടി അമർത്യരാൽ വഴി നിർമ്മിയ്ക്കപ്പെട്ട അന്തരിക്ഷത്തിൽ, ഒരു പറക്കുന്ന പരുന്തുപോലെ വന്നെത്തുന്നു! മിത്രാവരുണന്മാരേ, സൂര്യനുദിയ്ക്കുമ്പോൾ, ഞങ്ങൾ നമസ്സുകൾകൊണ്ടും ഹവിസ്സുകൾ കൊണ്ടും നിങ്ങളെ പരിചരിയ്ക്കാം.5
മിത്രനും വരുണനും അര്യാമാവും ഇന്നു ഞങ്ങൾക്കും ഞങ്ങളുടെ പുത്രനും ധനം തന്നരുളട്ടെ; ഞങ്ങൾക്കു മാർഗ്ഗങ്ങളെല്ലാം സുഗമങ്ങളാകട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പൊലിപ്പിനെ, പ്പൊഴുമെങ്ങളെ!’ 6