വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.
സ്തുത്യരായ തമ്പുരാന്മാരേ, യാതൊന്നു നിങ്ങളെ ഒരു ദൂതനെന്നപോലെ – മകൻ അച്ഛനമ്മമാരെയെന്നപോലെ – ഉണർത്തുമോ, നിങ്ങളുടെ ആ രഥത്തോടു ഞാൻ ഹവിര്യക്തമായ യജ്ഞാർഹസ്തോത്രം കൊണ്ടു സ്തുതിച്ചു നേരെ പറയുന്നു.1
ഞങ്ങളാൽ വളർത്തപ്പെട്ട അഗ്നി കത്തുകയായി: ഇരുട്ടിന്റെ അറ്റങ്ങൾ കണ്ടുതുടങ്ങി: ശരി, കൊടിമരമായ കതിരവൻ വിണ്മകളുടെ മുന്നിൽ അഴകിന്നായി ആവിർഭവിയ്ക്കുന്നു!2
നാസത്യരായ അശ്വികളേ, നിങ്ങളെ ഇപ്പോൾ നന്നായിച്ചൊല്ലുന്ന സ്തോതാവു സ്തോത്രങ്ങൾകൊണ്ടു സേവിയ്ക്കുന്നു: നിങ്ങൾ ധന സമേതമായ തേരോടിച്ചു, പതിവുവഴികളിലൂടെ ഇങ്ങോട്ടു വന്നാലും!3
അശ്വികളേ, മധുവിദ്യാകുശലരേ, രക്ഷിതാക്കളായ നിങ്ങളുടെയാണ്, ഞാൻ; ഭവൽക്കാമനായ ഞാനിപ്പോൾ ധനേച്ഛയാൽ (സോമം) പിഴിഞ്ഞു, നിങ്ങളെ സ്തുതിയ്ക്കുന്നു. തടിച്ച കുതിരകൾ നിങ്ങളെ ക്കൊണ്ടുവരട്ടെ: നിങ്ങളിരുവരും ഞങ്ങളുടെ വെടിപ്പിൽപ്പിഴിഞ്ഞ തേൻ നുകരുരുവിൻ!4
അശ്വിദേവന്മാരേ എന്റെ ധനകാമമായ ഋജൂസ്തോത്രത്തെ നിങ്ങൾ പീഡപറ്റാതെ നേട്ടത്തിലെത്തിയ്ക്കുവിൻ; യുദ്ധത്തിലും ബുദ്ധികളെല്ലാം രക്ഷിയ്ക്കുവിൻ; കർമ്മപാലകരേ, കർമ്മംചെയ്യുന്ന ഞങ്ങൾക്കു (ധനം) തന്നരുളുവിൻ!5
അശ്വികളേ, നിങ്ങൾ ഈ കർമ്മങ്ങളിൽ ഞങ്ങളെ രക്ഷിയ്ക്കുവിൻ: ഞങ്ങൾക്ക് പ്രജോൽപാദനത്തിന്നു വറ്റാത്ത രേതസ്സുണ്ടാകട്ടെ: ഞങ്ങൾ, നിങ്ങൾ തന്ന പുത്രപൗത്രന്മാരെ പുലർത്തിക്കൊണ്ടു, ശോഭനധനരായിത്തീർന്നു, യാഗം കഴിയ്ക്കുമാറാകണം!6
മധുപ്രിയന്മാരേ, ഇതാ, നിങ്ങൾക്കായി ഞങ്ങൾ വെച്ച ആ നിധി, സഖ്യത്തിന്നുള്ള ഒരു ദൂതനെന്നപോലെ, സ്ഥിതിചെയ്യുന്നു: നിങ്ങൾ മനംതെളിഞ്ഞു, മനുഷ്യപ്രജകളുടെ ഹവിസ്സശിപ്പാൻ ഇങ്ങോട്ടു വന്നാലും!7
ഭരണകർത്താക്കളേ, ഇരുവരും ഒപ്പം ചേർന്നാൽ നിങ്ങളുടെ രഥം ഏഴുനദികളിലും നടകൊള്ളും. തൃക്കൈകളാൽ മുന്നിൽ പൂട്ടപ്പെട്ടു നിങ്ങളെ വഹിയ്ക്കുന്ന പള്ളിക്കുതിരകൾ മന്ദിയ്ക്കാറില്ലല്ലോ!8
യാവചില ധനവാന്മാർ ഹവിസ്സയയ്ക്ക്ക്കുന്നുവോ; യാവചിലർ ഗവാശ്വസമ്പത്തു നൽകി, സൂനൃതോക്തികൾകൊണ്ടു ബന്ധുവിനെ വർദ്ധിപ്പിയ്ക്കുന്നുവോ; എങ്ങും തങ്ങാത്ത നിങ്ങൾ ആ ഹവിർദ്ധനന്മാർക്കുവേണ്ടി നിലകൊള്ളണം!9
യുവാക്കളേ, അശ്വകളേ, നിങ്ങൾ ഇപ്പോൾ എന്റെ വിളി കേൾക്കുവിൻ: അന്നസഹിതമായ ഗൃഹത്തിൽ വരുവിൻ; രത്നങ്ങൾ തരുവിൻ; സ്തോതാക്കളെ തഴപ്പിയ്ക്കുവിൻ; ‘സ്വസ്തിയാൽപ്പാലിപ്പിനെ, പ്പൊഴുമെങ്ങളെ!’10
[1] ഉണർത്തുമോ – ഞങ്ങളുടെ അടുക്കലെയ്ക്കു പോരാൻ. പറയുന്നു – നിങ്ങളെ കൊണ്ടുവരുവാൻ.
[2] വിണ്മകൾ – ഉഷസ്സ്.
[3] സ്തോതാവ് – ഞാൻ.
[4] അശ്വികളുടെ മധുവിദ്യാകുശലത്വം മുൻപു പ്രതിപാദിയ്ക്കപ്പെട്ടിട്ടുണ്ട്. തേൻ – മധുരസോമം.
[5] നേട്ടത്തിലെത്തിയ്ക്കുക – സാഫല്യപ്പെടുത്തുക. ബുദ്ധികൾ – വിജയ ചിന്തകൾ.
[7] ആ നിധി – സോമം. മനുഷ്യപ്രജകൾ – ഞങ്ങൾ.
[8] മുന്നിൽ – തേരിന്റെ മുമ്പിൽ.
[9] അയയ്ക്കുന്നുവോ – നിങ്ങൾക്ക്. ഹവിർദ്ധനന്മാർ – യജമാനന്മാർ.
[10] അന്നസഹിതം – ഹവിസ്സമേതം.