വസിഷ്ഠൻ ഋഷി; വിരാട്ടും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.
നല്ല കുതിരകളുള്ള തേജസ്വികളായ അശ്വികളേ, വരുവിൻ: ദസ്രരേ, ഭവൽക്കാമന്റെ സ്തുതികൾ കേൾക്കുവിൻ; ഞങ്ങൾ ഒരുക്കിയ ഹവിസ്സും ഭുജിയ്ക്കുവിൻ.1
നിങ്ങൾക്കു, മത്തുണ്ടാക്കുന്ന അന്നം തയ്യാറായി: വെക്കം വരുവിൻ, എന്റെ ഹവിസ്സു നുകരാൻ. നിങ്ങൾ ശത്രുവിന്റെ ഹവ്യം തിരസ്കരിച്ചു, ഞങ്ങളുടെ (വിളി) കേൾക്കുവിൻ!2
സൂര്യയോടൊന്നിച്ചിരിയ്ക്കുന്ന അശ്വികളേ, ഒരുനൂറുരക്ഷകളുൾച്ചേർന്ന മനോവേഗിയായ നിങ്ങളുടെ രഥം ഞങ്ങളുടെ അപേക്ഷയാൽ, ലോകങ്ങളെ പിന്നിട്ട് ഇങ്ങോട്ടു പോരും!3
ഇതാ ഭവൽക്കാമമായ അമ്മിക്കുഴ നിങ്ങൾക്കായി സോമം ചതച്ചുകൊണ്ടു, മേല്പോട്ടു നോക്കി ശബ്ദിയ്ക്കുന്നു; സുന്ദരന്മാരായ നിങ്ങളെ മേധാവി ഹവിസ്സുകൊണ്ട് ഇങ്ങോട്ടു തിരിയ്ക്കുകയുംചെയ്യുന്നു!4
പൂജനീയമായ ധനമുണ്ടല്ലോ, നിങ്ങളുടെ പക്കൽ! നിങ്ങൾ അത്രിയെ ഉമിത്തിയ്യിൽനിന്നു മോചിപ്പിച്ചു: അദ്ദേഹം നിങ്ങൾക്കു പ്രിയനായിത്തീർന്നു രക്ഷണസുഖമനുഭവിയ്ക്കുന്നു!5
അശ്വികളേ, നിങ്ങൾക്കു് ഹവിസ്സർപ്പിച്ചതിനാൽ, കഴവനായിരുന്ന ച്യവനന്ന് അങ്ങനെ തിരിച്ചുകിട്ടി: അദ്ദേഹത്തിന്റെ രൂപം നിങ്ങൾ വീണ്ടടുത്തുവല്ലോ!6
അശ്വികളേ, ചങ്ങാതികളായിനിന്ന ദുർന്നടപ്പുകാരാൽ കടൽ നടുവിൽത്തള്ളപ്പെട്ട ഭുജ്യുവിനെ – അദ്ദേഹം ഭവൽക്കാമനായി ശരണം പ്രാപിച്ചൽ – നിങ്ങൾ കരയേറ്റി!7
അശ്വികളേ, മെലിഞ്ഞുപോയ വൃകന്നു നിങ്ങൾ (ധനം) നല്കി. വിളി കേട്ടു നിങ്ങൾ ശയുവിന്റെ പേറുനിന്ന പയ്യിനെ കർമ്മംകൊണ്ടു ശക്തിപ്പെടുത്തി, (നദിയെ) വെള്ളംകൊണ്ടെന്നപോലെ (പാൽകൊണ്ടു) നിറച്ചു!8
ഇതാ ആ സ്തോതാവ് ഉഷസ്സുദിപ്പിൽ ഉണർന്നു, തെളിഞ്ഞ ബുദ്ധിയോടേ സൂക്തങ്ങൾകൊണ്ടു സ്തുതിയ്ക്കുന്നു: അവനെ പയ്യു ക്ഷീരാന്നങ്ങൾകൊണ്ടു തഴപ്പിയ്ക്കട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’9
[2] അന്നം – സോമം. ശത്രു – ഞങ്ങളുടെ വൈരി.
[3] സൂര്യ – സൂര്യപുത്രി.
[4] ശബ്ദിയ്ക്കുന്നു – സ്തുതിയ്ക്കയാണെന്നു തോന്നും!
[5] രക്ഷണസുഖം – നിങ്ങളുടെ രക്ഷയാലുള്ള സുഖം.
[6] തിരിച്ചുകിട്ടി – യൗവനം.
[8] മെലിഞ്ഞുപോയ – കർമ്മാനുഷ്ഠാനങ്ങൾമൂലം. വൃകൻ – ഒര്യഷി. ഈ കഥകളൊക്കെ ഒന്നാംമണ്ഡലത്തിൽത്തന്നെയുണ്ട്.
[9] ആ സ്തോതാവ് – ഞാൻ, വസിഷ്ഠൻ. ക്ഷീരാന്നങ്ങൾ = പാലാകുന്ന അന്നങ്ങൾ, നെയ്യും മറ്റും.