ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്രാവരുണന്മാരേ, ഞാൻ നിങ്ങൾക്കു സോമം ഹോമിച്ച്, ഉഷാദേവിയെപ്പോലെ ഉജ്ജ്വലിയ്ക്കുന്നതും, രക്ഷസ്സുകൾ തീണ്ടിയിട്ടില്ലാത്തതുമായ സ്തുതി വെടുപ്പിൽ ചൊല്ലുന്നു: അവരിരുവരും യുദ്ധയാത്രയിൽ ഞങ്ങളെ രക്ഷിയ്ക്കട്ടെ!1
ഇന്ദ്രാവരുണന്മാരേ, ഈ വെല്ലുവിളിയിൽ ശത്രുക്കൾ മത്സരിയ്ക്കുമല്ലോ: കൊടിക്കൂറകളിൽ ആയുധങ്ങൾ വന്നുവീഴുമ്പോൾ, നിങ്ങൾ അവരെ, പിന്തിരിപ്പിയ്ക്കുകയും അങ്ങിങ്ങു പായുകയും ചെയ്യുമാറു, കൊലയായുധം കൊണ്ടു പരിക്കേല്പിയ്ക്കണം!2
സ്വയം പുകഴ്‌ന്ന, തിളങ്ങുന്ന തണ്ണീരുകൾ ഇന്ദ്രനും വരുണനുമാകുന്ന ദേവതകളെ യാഗശാലകളിലിരുത്തുന്നു: ഒരാൾ മനുഷ്യരെ വേറുതിരിച്ചുനിർത്തും; മറ്റാൾ എതിരില്ലാത്ത വൈരികളെ വധിയ്ക്കും!3
അദിതിപുത്രന്മാരേ, ആർ ബലവാന്മാരായ നിങ്ങളെ വണങ്ങുമോ, ആ സുകർമ്മാവായ ഹോതാവിന്നു തണ്ണീർ കിട്ടും; യാതൊരു ഹവിഷ്മാൻ നിങ്ങളെ തർപ്പണത്തിന്നു വരുത്തുമോ, അവൻ അന്നയുക്തനായി സൽഫലം നേടും!4
ഞാൻ അയയ്ക്കുന്ന ഈ സ്തുതി ഇന്ദ്രങ്കലും വരുണങ്കലുമെത്തട്ടെ; പുത്രപൗത്രന്മാരെ പുലർത്തട്ടെ. ഞങ്ങൾ നല്ല രത്നങ്ങൾ നേടി, യാഗം കഴിയ്ക്കുമാറാകണം. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5