ഋഷിച്ഛന്ദോ ദേവതകൾ മുമ്പേത്തവ.
വരുണൻ സൂര്യന്നു വഴി വെട്ടി; അന്തരിക്ഷത്തിലെ അംഭസ്സുകൾ നദികൾക്കയച്ചു; വിമുക്തമായ ഒരു കുതിര ബഡബകളിലെയ്ക്കെന്നപോലെ പാഞ്ഞുപോകാനൊരുങ്ങിയിട്ടു, വലിയ രാത്രികളെ പകലുകളിൽനിന്നു വേർതിരിച്ചു!1
വരുണ, അങ്ങയുടെയായ വായു പ്രാണനാകുന്നു; വൃഷ്ടികർത്താവാകുന്നു; തീറ്റ കിട്ടിയ മാടുപോലെ, ചേർന്നു ഭാരം വഹിയ്ക്കുന്നവനാകുന്നു. ഈ വലിയ, മികച്ച വാനൂഴികൾക്കിടയിൽ അങ്ങയുടെ എല്ലാ സ്ഥാനങ്ങളും പ്രീതികരങ്ങൾതന്നെ!2
വരുണന്റെ പ്രേക്ഷിതരായ പ്രശസ്തചാരന്മാർ വടിവൊത്തവാനൂഴികളെ നോക്കിപ്പോരുന്നു; കർമ്മയുക്തരും യജ്ഞസക്തരും പ്രകൃഷ്ടജ്ഞാനരും കവികളുമായ യാവചിലർ സ്തോത്രമയയ്ക്കുന്നുവോ അവരെയും!3
വരുണൻ ബുദ്ധിമാനായ എന്നോടരുളിച്ചെയ്തു:- ‘ഇരുപത്തൊന്നു പേരുകളുണ്ട്, ഗോവിന്ന്’ സ്ഥാനത്തിന്റെ രഹസ്യങ്ങളും അറിവുറ്റ ആ മേധാവി തക്ക അന്തേവാസിയായ എനിയ്ക്കുപദേശിച്ചുതന്നു!4
മൂന്നു വിണ്ണുകൾ വരുണനിൽ വെച്ചിരിയ്ക്കുന്നു; ആറവസ്ഥകളോടുകൂടിയ മൂന്നു ഭൂമികളും പാകിയിരിയ്ക്കുന്നു. ആ സ്തുത്യനായ തമ്പുരാനാണ്, അന്തരിക്ഷത്തിൽ ശോഭയ്ക്കായി ഈയൊരു പൊന്നുഴിഞ്ഞാലുമിട്ടത്!5
സൂര്യനൊത്തെ വരുണനാണ്, സമുദ്രത്തെ നിയന്ത്രിച്ചത്: നീർത്തുള്ളിപോലെ ധവളവർണ്ണനും, ഗൗരവമൃഗം പോലെ ബലവാനും, ഗഭീരസ്തോത്രനും, ഉദകനിർമ്മാതാവും, മറുകരയണയ്ക്കുന്ന സമ്പത്തുള്ളവനും, ഇക്കാണുന്നതിന്റെ അരചനുമാകുന്നു, തന്തിരുവടി!6
അപരാധം ചെയ്തവങ്കലും അവിടുന്നു കനിഞ്ഞരുളും: ഞങ്ങൾ വരുണങ്കൽ അനപരാധരായി, ആ അദീനന്നുള്ള കർമ്മങ്ങൾ കൈവളർത്തുമാറാകണം; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’7
[1] ഒടുവിലെ വാക്യത്തിൽ, അസ്തമിയ്ക്കുന്ന സൂര്യനെത്തന്നെയാണ്, വരുണനെന്നു പ്രതിപാദിച്ചിരിയ്ക്കുന്നത്. അസ്തമയസൂര്യനാണല്ലോ, രാത്രികളെ ജനിപ്പിയ്ക്കുന്നത്. പാഞ്ഞുപോകാൻ – അസ്തംഗമിപ്പാൻ.
[3] വാനൂഴികളെ – വാനൂഴികളിലെ സുകൃതി – പാപികളെ.
[4] ഗോശബ്ദത്തിന്നു പയ്യ് എന്നും, വാക്ക് എന്നും, ഭൂമി എന്നും അർത്ഥമെടുക്കാം; മൂന്നിന്നുമാണ്ടത്രേ, ഇരുപത്തൊന്നു പര്യായപദങ്ങൾ. സ്ഥനം – ബ്രഹ്മലോകം.
[5] മൂന്നുവിണ്ണുകൾ – ഉത്തമം, മധ്യമം,അധമം. ആറവസ്ഥകൾ – വസന്താദിഷഡ്യതുജന്യങ്ങൾ. പാകിയിരിയ്ക്കുന്നു – വരുണനിൽ. പൊന്നുഴിഞ്ഞാൽ – ഇരുദിക്കുകളെ സ്പർശിയ്ക്കുന്ന സൂര്യൻ.
[6] ഗഭീരസ്തോത്രൻ – ആളുകളാൽ കേമമായി സ്തുതിയ്ക്കപ്പെടുന്നവൻ. മറുകര – ദുഃഖത്തിന്റെ. ഇക്കാണുന്നതിന്റെ – ജഗത്തിന്റെ.