വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; സരസ്വതി ദേവത.
ഒരിരിമ്പുപുരിപോലെ ധാരയിത്രിയായ ഈ സരസ്വതീനദിധാരകമായ തണ്ണീരോടേ പ്രവഹിയ്ക്കുന്നു – മഹിമാവുകൊണ്ടു മറ്റാപഗകളെയെല്ലാം അടിപെടുത്തി, ഒരു തേർവീഥിപോലെ നടകൊള്ളുന്നു.1
നദികളിൽവെച്ചു വിശുദ്ധയായി, മലകളിൽനിന്നു സമുദ്രംവരെ ഗമിയ്ക്കുന്ന, അനേകജീവജാലത്തിന്നു സമ്പത്തരുളുന്ന, ഏകയായ സരസ്വതി ശരിയ്ക്കറിഞ്ഞു, നാഹുഷന്നു പാലും നെയ്യും ചുരത്തിക്കൊടുത്തു!2
മനുഷ്യഹിതനായി വൃഷാവായി വർഷിതാവായ യാതൊരു ശിശുയജനീയകളായ യോഷിത്തുകളുടെ ഇടയിൽ വളരുന്നുവോ, അവൻ ഹവിർദ്ധനന്മാർക്കു ബലവാനെ കൊടുക്കുന്നു; നേട്ടത്തിന്നായി ശരീരം തോർത്തിത്തുടയ്ക്കുന്നു!3
നമസ്കരണീയർ മുട്ടിമടക്കി ചെല്ലുന്ന, നിത്യധനയായ, സഖികളെക്കാൾ മീതെയായ, ആ സുഭഗയായ സരസ്വതി ഈ യജ്ഞത്തിൽ നമ്മുടെ (സ്തോത്രം) പ്രീതിയോടെ കേട്ടരുളട്ടെ!4
സരസ്വതി, ഞങ്ങൾ ഇവ ഹോമിച്ചു ഭവതിയെ നമസ്കരിയ്ക്കുന്നു: ഭവതി സ്തോത്രം കേട്ടാലും. ഞങ്ങൾ ഭവതിയുടെ പ്രിയതരമായ സുഖത്തിലിരുത്തപ്പെട്ട്, ഒരാശ്രയവൃക്ഷത്തെയന്നപോലെ (ഭവതിയെ) സേവിയ്ക്കുമാറാകണം!5
സുഭഗേ, സരസ്വതി, ഇതാ, വസിഷ്ഠൻ ഭവതിയുടെ യജ്ഞത്തിന്റെ ഇരുവാതിലുകൾ തുറക്കുന്നു: ശൂഭ്രവർണ്ണേ, വർദ്ധിച്ചാലും; സ്തോതാവിന്നു് അന്നം തന്നാലും. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങവളെ!6
[1] ധാരയിത്രി = ധരിയ്ക്കുന്നവൾ, ഭാരവാഹിനി. ആപഗകൾ = നദികൾ. തേർവീഥിപോലെ—വിശാലയായി.
[2] ആയിരംകൊല്ലത്തെയ്ക്കു് ഒരു യാഗം തുടങ്ങിയ നാഹുഷനെന്ന രാജാവിനാൽ പ്രാർത്ഥിതയായ സരസ്വതീനദി അദ്ദേഹത്തിന്ന് ആ കാലത്തെയ്ക്കു വേണ്ടുവോളം പാലും നെയ്യും കൊടുത്തു. ഇതാണു്, ഈ ഋക്കിൽ പറയുന്നതു്: അറിഞ്ഞ് – പ്രാർത്ഥനയറിഞ്ഞ്.
[3] സരസ്വാൻ എന്ന മധ്യസ്ഥാനവായുവിനെപ്പറ്റി: വർഷിതാവു് = അഭീഷ്ടവർഷി. ശിശു – ജനനസമയത്തു കൃശനായി കാണപ്പെടുന്ന സരസ്വാൻ. യോഷിത്തുകൾ – സ്വപത്നിമാരായ തണ്ണീരുകൾ. ബലവാനെ – ബലവാനായ പുത്രനെ. നേട്ടം – ധനാർജ്ജനം. ശരീരം – ഹവിർദ്ധനന്മാരുടെ, യജമാനരുടെ ദേഹം. തോർത്തിത്തുടയ്ക്കുന്നു – വെടുപ്പും കെല്പുമുള്ളതാക്കുന്നു എന്നു സാരം; എന്നാലല്ലേ, ധനാർജ്ജനത്തിന്നു ശേഷിയുണ്ടാകൂ?
[4] നമസ്കരണീയർ – ദേവന്മാർ. മുട്ടുമടക്കി ചെല്ലുന്ന – ദേവന്മാർപോലും വണങ്ങിക്കൊണ്ടു് സമീപിയ്ക്കുന്ന; വന്ദ്യർക്കും വന്ദനീയ എന്നർത്ഥം. സഖികൾ – മറ്റുനദികൾ.
[5] ഇവ – ഹവിസ്സുകൾ. ഒരാശ്രയവൃക്ഷത്തെ – പക്ഷികളെന്നപോലെ.
[6] തുറക്കുന്നു – യജ്ഞം ആവിഷ്കരിക്കുന്നു എന്നർത്ഥം. സ്തോതാവിന്ന് – എനിയ്ക്കു്. നിങ്ങൾ – സരസ്വതിയും മറ്റു നദികളും.