വസിഷ്ഠൻ ഋഷി; ബൃഹസ്പതിയും സതോബൃഹതിയും പ്രസ്താരപംക്തിയും ഗായത്രിയും ഛന്ദസ്സുകൾ; സരസ്വതിയും സരസ്വാനും ദേവത.
വസിഷ്ഠ, നദികളിൽവെച്ചു ബലവതിയെക്കുറിച്ചു് നീ വലിയ സ്തോത്രം പാടുന്നുണ്ടല്ലോ. വാനൂഴികളിൽ വാഴുന്ന സരസ്വതിയെത്തന്നേ നീ നല്ല സ്തുതികൾകൊണ്ടു പൂജിച്ചുകൊള്ളുക!1
ശുഭ്രവർണ്ണേ, നിന്തിരുവടിയുടെ മഹിമാവിനാലാണല്ലോ, മനുഷ്യർക്ക് ഇരുതരം അന്നങ്ങൾ കിട്ടുന്നതു് ആ മരുത്സഖയായ നിന്തിരുവടി ഞങ്ങളെ രക്ഷിച്ചാലും; ഹവിഷ്മാന്മാർക്കു് ധനം തന്നാലും!2
മംഗളയായ സരസ്വതി മംഗളംതന്നേ വരുത്തട്ടെ: നന്ദിത ഗമനയായ അന്നവതി സ്തോത്രം കേട്ടരുളട്ടെ; ജമദഗ്നിയാലെന്നപോലെ പുകഴ്ത്തപ്പെടുന്ന തന്തിരുവടി വസിഷ്ഠന്നനുരൂപമാംവണ്ണം സ്തുതിയ്ക്കപ്പെടുകയും ചെയ്യട്ടെ!3
പത്നിയെയും പുത്രന്മാരെയും ഇച്ഛിയ്ക്കുന്ന ഞങ്ങൾ ഇന്നു ശോഭനദാനരായി സമീപിച്ചു സരസ്വാനേ വിളിച്ചുകൊള്ളുന്നു.4
സരസ്വാനേ, മഴ പെയ്യുന്നവയാണല്ലോ, അങ്ങയുടെ മധുരജലങ്ങൾ; അവകൊണ്ടു ഭവാൻ ഞങ്ങളെ രക്ഷിച്ചാലും!5
സരസ്വാന്റെ സർവദർശനീയമായ തടിച്ച സ്തനത്തെ ഞങ്ങൾ ആസ്വാദിയ്ക്കുമാറാകണം; സന്തതി, അന്നം എന്നിവയെയും!6
[1] വസിഷ്ഠൻ തന്നോടുതന്നേ പറയുന്നു:
[2] ഇരുതരം – ദിവ്യവും ഭൗമവുമായ. മരുത്സഖ = മരുത്തുക്കൾ (മധ്യമസ്ഥാനദേവകൾ) ആകുന്ന സഖാക്കളോടുകൂടിയവൾ.
[3] പുകഴ്ത്തപ്പെടുന്ന – വസിഷ്ഠനാൽ.
[6] സ്തനം – മേഘം, മഴ, സന്തതി, അന്നം എന്നിവയെ സരസ്വാൻ തന്നരുളട്ടെ.