വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; ഇന്ദ്രനും ഇന്ദ്രാബ്രഹ്മണസ്പതികളും ഇന്ദ്രാബൃഹസ്പതികളും ബൃഹസ്പതിയും ദേവത.
യാതൊന്നിൽ ദേവകാമന്മാരായ നേതാക്കൾ ഇമ്പംകൊള്ളുന്നുവോ; യാതൊന്നിൽ സോമം ഇന്ദ്രന്നായി പിഴിയുന്നുവോ; ഭൂമിയുടെ നേതൃസദനമായ ആ യജ്ഞത്തിൽ മത്തുപിടിപ്പാൻ (ഇന്ദ്രൻ) സ്വർഗ്ഗത്തിൽനിന്നു മുമ്പേ വന്നെത്തട്ടെ, പള്ളിക്കുതിരകളും!1
സഖാക്കളേ, നമുക്കു ദിവ്യങ്ങളായ രക്ഷകൾ വരിയ്ക്കാം: ബൃഹസ്പതി നമ്മുടെ (ഹവിസ്സു) കൈക്കൊള്ളും. ദൂരത്തുനിന്നു (കൊണ്ടുവന്നു്) അച്ഛൻപോലെ നമുക്കു തരുന്ന ആ വൃഷാവിന്ന് അനപരാധരായിത്തീരണം, നമ്മൾ!2
ആ മികച്ച, ശോഭനസുഖനായ ബ്രഹ്മണസ്പതിയെത്തന്നെ നമസ്സോടും ഹവിസ്സോടുംകൂടി ഞാൻ സ്തുതിയ്ക്കുന്നു. ദേവാർഹമായ സ്തോത്രം മഹാനായ ഇന്ദ്രങ്കലെത്തട്ടെ: സ്തോതാക്കന്മാരുടെ മന്ത്രത്തിന്റെ അരചനാണല്ലോ, അവിടുന്നു!3
വിശ്വവരേണ്യനായ, ഏറ്റവും പ്രിയപ്പെട്ട ബൃഹസ്പതി നമ്മുടെ വേദിമേൽ വന്നിരിയ്ക്കട്ടെ: അവിടുന്നു ധനത്തിലും നല്ല വീര്യത്തിലുമുള്ള അഭിലാഷം നിറവേറ്റട്ടെ; ഉപദ്രവമിയന്ന നമ്മെ നിർബാധരാക്കി മറുകരയണയ്ക്കട്ടെ!4
ആ ജീവനപര്യാപ്തമായ അന്നം നമുക്കു് ഈ പുരാതനരായ ദേവന്മാർ തരുമാറാകണം: പരിശുദ്ധസ്തോത്രനും, ഗൃഹികൾക്കു യജനീയനും, നിസ്സപത്നനുമായ ബൃഹസ്പതിയെ നാം വിളിയ്ക്കുക!5
ആ പാർപ്പിടവും തറവാടുമുള്ള ബലവാനായ ബൃഹസ്പതിയെ, കരുത്തും കാന്തിയും – സൂര്യന്നൊപ്പം വിളങ്ങുന്ന വടിവും – പൂണ്ടു് ഒപ്പം വലിയ്ക്കുന്ന കുതിരകൾ കൊണ്ടുവരട്ടെ!6
ആ ബൃഹസ്പതി പവിത്രനും പാവനനുമാകുന്നു; അവിടുന്നു് കനകായുധനും, ഗമനശീലനും, സ്വർഗ്ഗസ്ഥനുമാകുന്നു; നല്ല പാർപ്പിടമുള്ള ആ ദർശനീയൻ സഖാക്കൾക്കു വളരെ അന്നം കല്പിച്ചുകൊടുക്കും!7
അമ്മമാരായ ദ്യാവാപൃഥിവീദേവികളാൽ വളർത്തപ്പെട്ടവനാകുന്നു, മഹാനായ ബൃഹസ്പതി: സഖാക്കളേ, നിങ്ങളും ഈ വർദ്ധനീയനായ ദേവനെ വർദ്ധിപ്പിച്ചാലും; മികച്ച അന്നത്തിനായി, സുഖേന ഇറങ്ങാവുന്നവയും സുഖേന കടക്കാവുന്നവയുമായ ജലങ്ങൾ അദ്ദേഹം തരും!8
ബ്രഹ്മണസ്പതേ, ഇതാ, നിങ്ങൾക്ക് – അങ്ങയ്ക്കും വജ്രപാണിയായ ഇന്ദ്രനും – ഒരു ശോഭനമായ മന്ത്രസ്തോത്രം രചിയ്ക്കപ്പെട്ടു: നിങ്ങൾ കർമ്മങ്ങൾ രക്ഷിയ്ക്കുവിൻ; വളരെ സ്തവങ്ങൾ ചെവിക്കൊള്ളുവിൻ; സേവകരോടെറ്റടുക്കുന്ന വൈരികളെ നശിപ്പിയ്ക്കുവിൻ!9
ബൃഹസ്പതേ, നിങ്ങൾ – അങ്ങും ഇന്ദ്രനും – വിണ്ണിലും മന്നിലുമുള്ള സമ്പത്തിന്റെ ഉടമസ്ഥരാണല്ലോ:പുകഴ്ത്തുന്ന സ്തോതാവിന്നു ധനം തരുവിൻ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’10
[1] നേതൃസദനം – നേതാക്കളുടെ മേളനസ്ഥലം; നേതാക്കൾ – ഋത്വിക്കുകൾ.
[2] സ്തോതാക്കളോടു്: തരുന്ന – ധനം.
[3] അവിടുന്നു് – ഇന്ദ്രനോ, ബ്രഹ്മണസ്പതിയോ.
[4] അഭിലാഷം – നമ്മുടെ. മറുകര – ശത്രുക്കളുടെ അപ്പുറം.
[5] ആ – പുകഴ്‌ന്ന.
[8] വർദ്ധിപ്പിച്ചാലും – സ്തുതികൾകൊണ്ടു വളർത്തിയാലും.
[9] കർമ്മങ്ങൾ – ഞങ്ങളുടെ. സേവകരോടു് – ഞങ്ങളോടു്.