വസിഷ്ഠൻ ഋഷി; തൃഷ്ടുപ്പു് ഛന്ദസ്സ്; ഇന്ദ്രനും ഇന്ദ്രാബൃഹസ്പതികളും ദേവത.
അധ്വര്യുക്കളേ, ജനങ്ങളിൽവെച്ചു ശ്രേഷ്ഠനായ ഇന്ദ്രന്നു നിങ്ങൾ തിളങ്ങുന്ന സോമനീർ ഹോമിയ്ക്കുവിൻ: ദൂരസ്ഥമായ പേയവും ഗൗരമൃഗത്തെക്കാളേറെ അറിയുന്ന തന്തിരുവടി എപ്പോഴും സോമം പിഴിയുന്നവനെത്തേടിച്ചെല്ലും!1
ഇന്ദ്ര, ഭവാൻ മുമ്പു യാതൊരു ശോഭനാന്നം തിരുവയറ്റിലാക്കിപ്പോന്നുവോ, അതു നാളിൽ നാളിൽ കുടിപ്പാൻ അങ്ങ് കാംക്ഷിക്കുന്നുണ്ടല്ലോ; കാമയമാനനായ ഭവാൻ ഹൃദയംകൊണ്ടും മനസ്സുകൊണ്ടും സ്വീകരിച്ചു, കൊണ്ടുവന്നുവെയ്ക്കപ്പെട്ടിട്ടുള്ള സോമം കുടിച്ചാലും!2
ഇന്ദ്ര, അവിടുന്നു ജനിച്ചപ്പോൾത്തന്നെ കെല്പിന്നായി സോമം നുകർന്നു: അമ്മ പറകയുണ്ടായി, അങ്ങയുടെ മഹത്വം. അങ്ങ് വിശാലമായ അന്തരിക്ഷം നിറച്ചു; യുദ്ധംകൊണ്ടു ദേവന്മാർക്കു ധനമുണ്ടാക്കി!3
ഇന്ദ്ര, അവിടുന്നു് വലിയ ഊറ്റക്കാരോടു് പൊരുതിയ്ക്കുകയാണെങ്കിൽ, ഞങ്ങൾ കൈക്കൊണ്ടുതന്നെ ആ ഹിംസകരെ അമർത്തും; അതല്ലാ, നേതാക്കളാൽ പരിവൃതനായി ഭവാൻതന്നെ പൊരുതുകയാണെങ്കിൽ, നല്ല യശസ്സുളവാക്കുന്ന ആ യുദ്ധത്തിൽ ഞങ്ങൾ ഭവാനാൽ വിജയം നേടും!4
ഇന്ദ്രൻ പണ്ടു ചെയ്തവയും, മഘവാവിന്റെ നൂതനകർമ്മങ്ങളും ഞാൻ വർണ്ണിച്ചു. അദ്ദേഹം അസുരമായകളെ അമർത്തി; അതോടേ സോമം അവിടെയ്ക്കു കൂടുതലായി!5
ഇന്ദ്ര, അങ്ങയുടെതന്നെയാണു്, പ്രാണിഹിതമായ ഈ ലോകമെല്ലാം: അവിടുന്നു സൂര്യതേജസ്സുകൊണ്ടു നോക്കിപ്പോരുന്നു. അവിടുന്നൊരാളാണു്, ഗോപതി – സർവഗോക്കളുടേയും പതി; അവിടുന്നു ഞങ്ങൾക്കു ധനം തരുമാറാകണം!6
ബൃഹസ്പതേ, നിങ്ങൾ – അങ്ങും ഇന്ദ്രനും – വിണ്ണിലും മന്നിലുമുള്ള സമ്പത്തിന്റെ ഉടമസ്ഥരാണല്ലോ: പുകഴ്ത്തുന്ന സ്തോതാവിന്നു ധനം തരുവിൻ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’7