കണ്വപുത്രൻ പ്രഗാഥൻ ഋഷി; ബൃഹതിയും ജ്യോതിസ്സും അനുഷ്ടുപ്പും ആസ്താരപംക്തിയും, സതോബൃഹതിയും ഛന്ദസ്സുകൾ; അശ്വികൾ ദേവത.
അശ്വികളേ, നിങ്ങൾ നെടിയ യാഗശാലകളിലായിരിയ്ക്കാം; സ്വർഗ്ഗത്തിലെ ആ രോചനത്തിലായിരിയ്ക്കാം. അഥവാ, അന്തരിക്ഷാലയത്തിലായിരിയ്ക്കാം. അവിടെനിന്നു വന്നെത്തുവിൻ!1
മനുവിന്റെ യാഗം നിങ്ങൾ നടത്തിയല്ലോ; അതുപോലെ, കണ്വഗോത്രന്റേതും അറിയുവാൻ. ബ്രഹസ്പതിയെയും വിശ്വേദേവകളെയും ഇന്ദ്രാവിഷ്ണുക്കളെയും ശീഘ്രാശ്വരായ അശ്വികളെയും ഞാൻ വിളിയ്ക്കുന്നു.2
സ്വീകരണത്തിന്നാവിർഭവിച്ച സുകർമ്മാക്കളായ അശ്വികളെ ഞാൻ വിളിച്ചു കൊള്ളുന്നു: ദേവകളിൽ വെച്ച്, ഇവരുടെ നേടേണ്ടുന്ന സഖ്യം തുലോമുണ്ടല്ലോ, നമുക്കു്!3
ഏവരിലാണോ, യജ്ഞങ്ങൾ കുടികൊള്ളുന്നതു്; സ്തോതാവില്ലാത്തേടത്തും എവർ വാഴ്ത്തപ്പെടുന്നുവോ; എവർ സോമത്തേൻ നുകർന്നു പോരുന്നുവോ, ആ അഹിംസയജ്ഞാഭിജ്ഞരിരുവരെയും ഞാൻ സ്തുതിയ്ക്കുന്നു.4
അശ്വികളേ, അന്നധനന്മാരേ, നിങ്ങൾ ഇപ്പോൾ പടിഞ്ഞാറേദ്ദിക്കിലാവാം; കിഴക്കേദ്ദിക്കിലാവാം; ദ്രുഹ്യുവിന്റെയോ, അനുപുത്രന്റെയോ, തുർവശന്റെയോ, യദുവിന്റെയോ അടുക്കലാണെന്നും വരാം – ഞാൻ നിങ്ങളെ വിളിയ്ക്കുന്നു; ഉടനേ എങ്കൽ വരുവിൻ!5
ധാരാളമുണ്ണുന്നവരേ, നിങ്ങൾ അന്തരിക്ഷത്തിൽ പറക്കുകയായിരിയ്ക്കാം; ഈ ദ്യാവാപൃഥിവികളിലായിരിയ്ക്കാം; അല്ലെങ്കിൽ തേജസ്സോടെ തേരിലിരിയ്ക്കയാവാം – അശ്വികളേ, അവിടെനിന്നു് വരുവിൻ!6
[1] രോചനം – ഒരിടത്തിന്റെ പേര്.
[2] അറിയുവിൻ – അറിഞ്ഞു നടത്തുവിൻ. ബൃഹസ്പതിയെയും എന്നു തുടങ്ങുന്ന വാക്യം പരോക്ഷം:
[3] സ്വീകരണത്തിന്നായി – നമ്മുടെ ഹവിസ്സുകൾ സ്വീകരിപ്പാൻ.
[4] കുടികൊള്ളുന്നതു് – മുറിയ്ക്കപ്പെട്ട യജ്ഞശിരസ്സു ചേർത്തുവെച്ചതു്, അശ്വികളത്രേ. അഹിംസയജ്ഞാഭിജ്ഞർ – ഹിംസാരഹിതമായ യജ്ഞമറിയുന്ന അശ്വികളെ.
[6] ഉണ്ണുന്നവരേ – ഹവിസ്സുകൾ ഭുജിയ്ക്കുന്നവരേ.