ശശകർണ്ണൻ ഋഷി; ബൃഹതിയും ഗായത്രിയും കകുപ്പും ത്രിഷ്ടുപ്പും വിരാട്ടും ജഗതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.
അശ്വികളേ, നിങ്ങൾ തീർച്ചയായും വത്സനെ രക്ഷിപ്പാൻ വന്നെത്തുവിൻ; ഇയ്യാൾക്കു നിർബാധമായ വലിയ ഗൃഹം നല്കുവിൻ; ശത്രുക്കളെപ്പോക്കുവിൻ!1
അന്തരിക്ഷത്തിലും സ്വർഗ്ഗത്തിലും പഞ്ചജനങ്ങളിലും യാതൊന്നു യാതൊന്നുണ്ടോ, അശ്വികളേ, ആ ധനം തന്നരുളുവിൻ!2
അശ്വികളേ, മേധാവികൾ നിങ്ങളെ പരിചരിച്ചു പോരുന്നുണ്ടല്ലോ; അതുപോലെ ഗണിയ്ക്കുവിൻ, കണ്വപുത്രന്റെ കർമ്മവും!3
അശ്വികളേ, ഇതാ, നിങ്ങൾക്കായി കലത്തിൽ ഒന്നാംതരം പാൽ പകരുന്നു. അന്നധനന്മാരേ, ഇതാ, മധുരമായ സോമവും: ഇതുകൊണ്ടാണല്ലോ, നിങ്ങൾ വൃത്രനെ അറിഞ്ഞതു്!4
ബഹുകർമ്മാക്കളായ അശ്വികളേ, വെള്ളത്തിലും വൃക്ഷങ്ങളിലും സസ്യങ്ങളിലും നിങ്ങൾ എന്തെന്തു നിർമ്മിച്ചിരിയ്ക്കുന്നുവോ, അവകൊണ്ടു് എന്നെ രക്ഷിയ്ക്കുവിൻ!5
നാസത്യന്മാരേ, നിങ്ങൾ പുലർത്തിപ്പോരുന്നു; ദേവന്മാരേ, നിങ്ങൾ രോഗം ശമിപ്പിയ്ക്കുന്നു. ആ നിങ്ങളെ ഈ വത്സൻ സ്തുതികൾ കൊണ്ടു കണ്ടെത്തില്ല: ഹവിഷ്മാങ്കൽ ചെല്ലുന്നവരാണല്ലോ, നിങ്ങൾ!6
തീർച്ചയായും, ഋഷി അശ്വികൾക്കു കേമമായി ചിന്തിച്ചു; സ്തോത്രം ചമയ്ക്കും; മാധുര്യമേറിയ സോമവും കാച്ചുപാലും അഗ്നിയിൽ തൂകുകയും ചെയ്യും!7
അശ്വികളേ, നിങ്ങൾ തീർച്ചയായും ഗതിവേഗമിയന്ന തേരിൽ കേറുവിൻ: ഇതാ, എന്റെ സ്തോത്രങ്ങൾ സൂര്യന്നൊത്ത നിങ്ങളെ സമീപിയ്ക്കുന്നു!8
നാസത്യരേ, ഞങ്ങളിപ്പോൾ നിങ്ങളെ ഉക്ഥങ്ങൾകൊണ്ടും മറ്റു സ്തുതികൾകൊണ്ടും വരുത്തുകയാണു്; അശ്വികളേ, കണ്വപുത്രന്റെ ഈ കർമ്മം നിങ്ങളറിയണം!9
അശ്വികളേ, നിങ്ങളെ എപ്രകാരം കക്ഷീവാൻ, എപ്രകാരം വ്യശ്വൻ, എപ്രകാരം ദീർഘതമസ്സെന്ന ഋഷി, എപ്രകാരം യാഗശായിൽ വേനപുത്രൻ പ്യഥി വിളിച്ചുവോ; അപ്രകാരംതന്നെ ഇതും നിങ്ങൾ അറിയണം!10
നിങ്ങൾ ഞങ്ങളുടെ ഗൃഹം രക്ഷിപ്പാൻ വന്നുചേരുവിൻ; ഞങ്ങളുടെ ജംഗമങ്ങളെയും ദേഹങ്ങളെയും രക്ഷിപ്പിൻ; പുത്രന്റെയും പൗത്രന്റെയും ഗൃഹത്തിൽ വരുവിൻ!11
അശ്വികളേ, നിങ്ങൾ ഇന്ദ്രനോടൊരുമിച്ചു് ഒരേ തേരിൽ സഞ്ചരിയ്ക്കുകയായിരിയ്ക്കാം; വായുവോടൊന്നിച്ചു് ഒരേസ്ഥലത്തു വസിയ്ക്കുകയായിരിയ്ക്കാം! ആദിത്യരോടും ഋഭുക്കളോടുംകൂടി രസിയ്ക്കുകയായിരിയ്ക്കാം; വിഷ്ണുവിനാൽ അളക്കപ്പെട്ടേടങ്ങളിലിരിയ്ക്കുകയായിരിയ്ക്കാം!12
ഇന്നു, ഞാൻ യുദ്ധത്തിനുവേണ്ടി, അശ്വികളെ വിളിയ്ക്കും: ശ്രേഷ്ഠമാണല്ലോ, പടകളിൽ കൊല്ലാൻ ത്രാണിയുള്ള അശ്വികളുടെ രക്ഷണം!13
അശ്വികളേ, നിങ്ങൾ തീർച്ചയായും വരുവിൻ: ഇതാ, നിങ്ങൾക്കു ഹവിസ്സുകൾ വെച്ചിരിയ്ക്കുന്നു – ഇതാ, നിങ്ങൾക്കു തുർവശന്റേയും യദുവിന്റേയും സോമങ്ങൾ; ഇതാ, കണ്വപുത്രരുടെയും.14
പ്രകൃഷ്ടജ്ഞാനരായ നാസത്യരേ, ദൂരത്തും ചാരത്തുമുണ്ടല്ലോ, നിങ്ങളുടെ മരുന്നുകൾ; അവയോടുകൂടിയ ഒരു ഗൃഹം നിങ്ങൾ വിമദന്നെന്നപോലെ വത്സന്നും തീർച്ചയായി നല്കണം!15
ഞാൻ അശ്വകളെക്കുറിച്ചുള്ള ഉജ്ജലവാക്കോടുംകൂടി ഉണർന്നു: ദേവി, അവിടുന്നു സ്തുതിയ്ക്കായി പുലർന്നാലും; മനുഷ്യർക്കു ധനം കാട്ടിത്തന്നാലും!16
ഉഷസ്സേ, ദേവി, സൂനൃതെ, മഹതി, അവിടുന്ന് അശ്വികളെ പള്ളിയുണർത്തുക! യജ്ഞഹോതാവേ, ഭവാൻ ഇടവിടാതെ(സ്തുതിയ്ക്കുക): മത്തിന്നു പെരിയ അന്നം (ഒരുക്കിക്കഴിഞ്ഞു).17
ഉഷസ്സേ, അവിടുന്നു ശോഭയോടേ നടക്കുന്നു, സൂര്യനാൽ വിളങ്ങിയ്ക്കപ്പെടുന്നു; അപ്പോൾ അശ്വികളുടെ രഥം നേതൃപാല്യമായ ഗൃഹത്തിലെത്തുമല്ലോ!18
അശ്വികളേ, മഞ്ഞച്ച സോമലതകൾ, പൈക്കൾ അകിടുകൊണ്ടെന്നപോലെ (രസം)ചുരത്തുന്നു; ദേവകാമന്മാർ സ്തോത്രവും പാടുന്നു!19
പ്രകൃഷ്ടജ്ഞാനരേ, യശസ്സിന്നു്, ബലത്തിന്നു്, മനുഷ്യോചിതമായ സുഖത്തിന്നു് വളർച്ചയ്ക്കു്, ഞങ്ങളെ കാത്തരുളുവിൻ!20
സ്തുത്യരേ, അശ്വികളേ, നിങ്ങൾ അച്ഛന്റെ വസതിയിൽ ജോലിയെടുക്കുകയായിരിയ്ക്കാം; അല്ലെങ്കിൽ സുഖിയ്ക്കുകയായിരിയ്ക്കാം!21
[1] വത്സൻ – സ്തോതാവ്, ഞാൻ.
[3] കണ്വപുത്രന്റെ – എന്റെ.
[4] കുലം – മഹാവീരമെന്ന പാത്രം. അറിഞ്ഞതു് – ഹന്തവ്യനാണെന്നു്.
[5] എന്തെന്തു് – മരുന്നു്.
[6] പുലർത്തിപ്പോരുന്നു – ജഗത്തിനെ. സ്തുതി മാത്രം പോരാ, ഹവിസ്സും വേണം, നിങ്ങളെ കണ്ടെത്താൻ.
[7] കാച്ചുപാൽ – മഹാവീരത്തിലെ പാൽ. തൂകുക – ഹോമിയ്ക്കുക.
[8] സൂര്യന്നൊത്ത – തേജസ്വികളായ.
[10] പൃഥി – പൃഥു എന്ന രാജാവു്. ഇതും – എന്റെ വിളിയും.
[11] ജംഗമങ്ങൾ – ഗോക്കളും മറ്റും.
[12] എവിടെനിന്നായാലും വരുവിൻ.
[13] യുദ്ധത്തിനുവേണ്ടി – യുദ്ധത്തിൽ ജയിപ്പാൻ. കൊല്ലാൻ – ശത്രുക്കളെ.
[14] കണ്വപുത്രർ – ഞങ്ങൾ.
[15] വിമദൻ – ഒരു ഋഷി.
[16] ഉജ്ജ്വലവാക്കു് – സ്മൃതി. ദേവി – ഉഷസ്സേ. സ്തുതിയ്ക്കായി – എന്റെ സ്തുതി കേൾപ്പാൻ. മനുഷ്യർക്കു – സ്തുതിയ്ക്കുന്ന ഞങ്ങൾക്കു്.
[17] സൂനൃതേ – വഴിപോലേ നയിയ്ക്കുന്നവളേ, സുനേത്രി. യജ്ഞഹോതാവ് – അഗ്നി. മത്തിനു – അശ്വികൾക്കു ലഹരിപിടിയ്ക്കാൻ. അന്നം-സോമം.
[18] നെതൃപാല്യം – ഋത്വിക്കുകളാൽ പാലിയ്ക്കപ്പെടേണ്ടതു്. ഗൃഹം – യജ്ഞസദനം.
[19] അകിടുകൊണ്ടു് – പാലെന്നപോലെ. ദേവകാമന്മാർ – ഋത്വിക്കുകൾ.
[21] അച്ഛൻ – ദ്യോവ്. എന്നാലും വരുവിൻ.