ഭൃഗുഗോത്രൻ നേമൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
ഇന്ദ്ര, ഞാനിതാ, പുത്രനോടുകൂടി ഭവാന്റെ മുമ്പിൽ നടകൊള്ളുന്നു: ദേവകളൊക്കെ എന്റെ പിന്നാലെ വരും: അവിടുന്നു് എനിയ്ക്കു പങ്കു കരുതുന്നുണ്ടെങ്കിൽ, എന്നോടുകൂടി പൗരുഷം കാണിച്ചാലും!1
അവിടെയ്ക്കുമറേത്തിനു മധു ഞാൻ മുമ്പേ വെയ്ക്കുന്നു: സേവ്യമായ പിഴിഞ്ഞ സോമം ഭവാനിൽ വെയ്ക്കപ്പെടട്ടെ. അവിടുന്നു സഖാവായി എന്റെ വലത്തു നില്ക്കുക: എന്നാൽ, നമുക്കു വളരെശ്ശത്രുക്കളെ വധിയ്ക്കാം!2
പടയ്ക്കു പുറപ്പെടുന്ന നിങ്ങൾ ഇന്ദ്രന്നു – സത്യമാണെങ്കിൽ – സത്യമായ സ്തോത്രം സംഭരിയ്ക്കുവിൻ! ഇന്ദ്രനെന്നൊരാളില്ലെന്നു് നേമൻതന്നെ വാദിയ്ക്കുന്നു: ആർ കണ്ടു, അദ്ദേഹത്തെ? ആരെ നാം സ്തുതിയ്ക്കും?3
‘ഇതാ, ഞാനുണ്ടു്: സ്തോതാവേ, ഇവിടെ എന്നെ നോക്കൂ. ഞാൻ മഹത്ത്വംകൊണ്ടു ഭുവനമെല്ലാം കീഴടക്കിയിരിയ്ക്കുന്നു: യജ്ഞോപദേഷ്ടാക്കൾ എന്നെ വളർത്തുന്നു. ആദരവുള്ള ഞാൻ അരാതികളെ പിളർത്തിപ്പോരുന്നു.4
യജ്ഞകാമന്മാർ അന്തരിക്ഷത്തിന്റെ മുകളിൽ തനിയേ ഇരിയ്ക്കുന്ന എങ്കൽ കേറിയാൽ, എന്റെ മനസ്സു് ഹൃദയത്തോടു പറയും: – ‘കുഞ്ഞുങ്ങളോടുകൂടിയ സഖാക്കൾ നിലവിളിയ്ക്കുന്നു!’5
മഘവാവേ, ഇന്ദ്ര, സവനങ്ങളിൽ പിഴിഞ്ഞവന്നു നിന്തിരുവടി ചെയ്തിട്ടുള്ളതെല്ലാം വർണ്ണനീയമാകുന്നു: പരാവാന്റെ പെരികെക്കൂട്ടിവെച്ചിരുന്ന ധനം ഭവാൻ ശരഭനെന്ന ഋഷിയ്ക്കു തുറന്നുകൊടുത്തുവല്ലോ!6
യാവനൊരുത്തൻ കിടന്നോടിയിരുന്നുവോ, യാവനൊരുത്തൻ വിടാതെ നിങ്ങളെ വളഞ്ഞിരുന്നുവോ, ആ വൃത്രന്റെ മർമ്മത്ത് ഇന്ദ്രൻ വജ്രം ആഞ്ഞെറിഞ്ഞു!7
ഗരുഡൻ മനോവേഗത്തിൽ നടകൊണ്ടു്, ഇരിമ്പുപുരി കടന്നു്, സ്വർഗ്ഗത്തിൽ ചെന്നു്, വജ്രധരന്നു സോമം കൊണ്ടുവന്നു!8
യാതൊന്നു സമുദ്രത്തിന്റെ അടിയിൽ ജലാവൃതമായിരുന്നുവോ, ആ വജ്രത്തിന്നു യുദ്ധത്തിലെ മുന്നണിക്കാർ ബലിയർപ്പിയ്ക്കുന്നു!9
ദേവന്മാരെ ഇമ്പപ്പെടുത്തുന്ന ദേവിയായ വാക്കു് എന്തൊക്കെയോ പേശിക്കൊണ്ടിരുന്നു, നാലിടത്തും അന്നജനകങ്ങളായ തണ്ണീരുകൾ തൂകുന്നു; എവിടെപ്പോയി, അവളുടെ മേന്മ!10
യാതൊരു ദേവിയായ വാക്കിനെ ദേവകൾ ഉൽപാദിപ്പിച്ചുവോ, അതിനെ എല്ലാ പ്രാണികളും ചൊല്ലിപ്പോരുന്നു; ആ വാക്കു ഞങ്ങളെ അഹ്ലാദിപ്പിച്ചുകൊണ്ട്, അന്നവും രസവും ചുരത്തുന്ന ഒരു പയ്യായി, വഴിപോലെ സ്തുതിയ്ക്കപ്പെട്ടു, ഞങ്ങളിലെത്തട്ടെ!11
സഖേ, വിഷ്ണോ, ഭവാൻ അത്യന്തം വിക്രമിച്ചാലും; ദ്യോവേ, നീ വജ്രത്തിന്നു പായുവാൻ ഇടം കൊടുക്കുക. നമുക്കിരുവർക്കും കൂടി വൃത്രനെക്കൊല്ലാം, നദികളെ വിടുവിയ്ക്കാം; വിട്ടയയ്ക്കപ്പെട്ട ഇവ വരുതിയിൽ നടകൊള്ളട്ടെ!12
[1] നടകൊള്ളുന്നു – ശത്രുക്കളെ ആക്രമിപ്പാൻ പോകുന്നു. പങ്കു കരുതുന്നുണ്ടെങ്കിൽ – ശത്രുധനത്തിൽ ഒരംശം തരാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ.
[2] മധു – മത്തുണ്ടാക്കുന്ന സോമം. ഭവാനിൽ – ഭവാന്റെ ഉള്ളിൽ.
[3] സ്വന്തം ആളുകളോടു്: സത്യമാണെങ്കിൽ – ഇന്ദ്രൻ ഉണ്ടെന്നതു നേരാണങ്കിൽ. നേമൻ – ഞാൻ.
[4] നേമന്റെ വാദം കേട്ടിട്ടു് ഇന്ദ്രൻ തത്സമീപത്തിൽ വന്നെത്തി, പറയുന്നു: വളർത്തുന്നു – സ്തുതികളാൽ. ആദരവു് – ജഗദ്രക്ഷണത്തിൽ. അരാതികൾ = ശത്രുക്കൾ.
[5] എങ്കിൽ കേറിയാൽ – എന്നെ പ്രാപിച്ചാൽ. കുഞ്ഞുങ്ങളോടുകൂടിയ സഖാക്കൾ നിലവിളിയ്ക്കുന്നതു, കേണപേക്ഷിയ്ക്കുന്നതു, ഞാനറിയും – അവരുടെ ദുഃഖം ഞാൻ തീർക്കും.
[6] ഇന്ദ്രനെ അരികത്തു കണ്ടിട്ടു സന്തുഷ്ടനായ ഋഷി ഇന്ദ്രനെ സ്തുതിയ്ക്കുന്നു: പരാവാൻ – ഒരു ശത്രു.
[7] നിങ്ങളെ—ദേവന്മാരേ.
[9] ബലിയർപ്പിയ്ക്കുന്നു – ഇരയായിത്തീരുന്നു.
[10] ദേവിയായ = വിളങ്ങുന്ന. വാക്കു – മാധ്യമികവാക്ക്. ഇടിവെട്ടും മഴയുമാണു്, ഈ ഋക്കിലെ പ്രതിപാദ്യം. എവിടെപ്പോയി – വർഷാനന്തരം അവളുടെ മേന്മ കാണപ്പെടുന്നില്ല.
[12] നമുക്കിരുവർക്കുംകൂടി – വിഷ്ണുവിന്നും ഇന്ദ്രന്നും കൂടി.