ഭൃഗുഗോത്രൻ ജമദഗ്നി ഋഷി; ബൃഹതിയും സതോബൃഹതിയും ഗായത്രിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മിത്രാവരുണന്മാരും ആദിത്യരും അശ്വികളും വായുവും സൂര്യനും ഉഷസ്സും പവമാനനും ഗോവും ദേവതകൾ.
ആർ ഹവിർദ്ദാതാവിന്നു ചിക്കെന്നു് അഭീഷ്ടം സാധിപ്പാൻ മിത്രാവരുണന്മാരെ അഭിമുഖീകരിയ്ക്കുമോ, ആ മനുഷ്യൻ സത്യമായും, യജ്ഞത്തിന്നു് ഇപ്രകാരം (ഹവിസ്സ്) ഒരുക്കിവെയ്ക്കും.1
വളർന്ന കെല്പും, പരന്ന കാഴ്ചയും, ഉയർന്ന വിജ്ഞാനവുമുള്ള, നേതാക്കളായ ആ ഇരുതമ്പുരാന്മാർ, ഇരുകൈകളെന്നപോലെ, സൂര്യരശ്മികളോടുകൂടി കർമ്മങ്ങളിലേർപ്പെടുന്നു!2
മിത്രാവരുണന്മാരേ, നിങ്ങളെ അഭിഗമിയ്ക്കുന്ന യാത്രക്കാരൻ (ദേവ) ദൂതനും, ശിരസ്സിൽപ്പൊന്നണിഞ്ഞവനും, സമ്പത്തിലെത്തുന്നവനുമായിത്തീരും!3
ചോദിപ്പാനോ, സംസാരിപ്പാനോ വീണ്ടും വീണ്ടും ഹോമിപ്പാനോ ആരൊരുങ്ങില്ലയോ, അവന്റെ യുദ്ധത്തിൽ നിന്നു ഞങ്ങളെ ഇന്നു നിങ്ങൾ രക്ഷിയ്ക്കണം – ഇരുകൈകളിൽനിന്നും ഞങ്ങളെ നിങ്ങൾ രക്ഷിയ്ക്കണം.4
ഹേ, യജ്ഞധന, മിത്രവരുണാര്യമാക്കളാകുന്ന തമ്പുരാക്കന്മാരെക്കുറിച്ചു ഭവാൻ സേവനോചിതവും പ്രീതിജനകവുമായ സ്തോത്രം പെരികെപ്പാടുക!5
അവർ മൂവരുടെ ഏകപുത്രനെ – അരുണവർണ്ണനായ വസുവിനെ – ജയത്തിന്നയയ്ക്കുന്നു; ആ അഹിംസിതരായ അമൃതന്മാർ മർത്ത്യരുടെ ഇരിപ്പിടങ്ങൾ നോക്കിക്കാണുന്നു!6
നാസത്യന്മാരേ, നിങ്ങളിരുവരുമൊന്നിച്ചു്, എന്റെ ഉജ്ജ്വലസ്തോത്രങ്ങളിലും കർമ്മങ്ങളിലും വന്നെത്തുവിൻ; ഹവിസ്സുകളുണ്മാനും വന്നെത്തുവിൻ!7
അന്നധനന്മാരേ, ഞങ്ങൾ നിങ്ങളുടെ രക്ഷോബാധയില്ലാത്ത ദാനത്തെ – നിങ്ങളാൽ ചെയ്യപ്പെടുന്ന ദാനത്തെ – യാചിയ്ക്കുന്നു. ജമദഗ്നിയാൽ പാടിപ്പുകഴ്ത്തപ്പെടുന്ന നേതാക്കളായ നിങ്ങൾ, കിഴക്കോട്ടു് നോക്കുന്ന സ്തുതിയെ തഴപ്പിച്ചുകൊണ്ടു വന്നുചേർന്നാലും!8
വായോ, ഭവാൻ ഞങ്ങളുടെ സ്വർഗ്ഗസ്പർശിയായ യജ്ഞത്തിൽ വന്നാലും: നല്ല സ്തുതികളോടെ അരിപ്പയിൽ പകർന്നരിച്ച, സ്വച്ഛമായ ഇതു് അങ്ങയ്ക്കുള്ളതാണ്!9
നിയുത്ത്വാനേ, അധ്വര്യു നേർവഴിയിലൂടെ നടന്നു്, അമറേത്തിന്നു ഹവിസ്സുകൾ കൊണ്ടുവരുന്നു: അവിടുന്നു ഞങ്ങളുടെ രണ്ടുതരം – അരിച്ചതും, ഗവ്യം പകർന്നതുമായ – സോമം നുകർന്നുകൊണ്ടാലും!10
സൂര്യ, സത്യം, അവിടുന്നു മഹാനാണ്; ആദിത്യ, സത്യം, അവിടുന്നു മഹാനാണ്; മഹാനായ ഭവാന്റെ മഹിമ സ്തുതിയ്ക്കപ്പെട്ടു പോരുന്നു; ദേവ, അവിടുന്നു മഹാൻതന്നെ!11
സൂര്യ, സത്യം, കേൾവികൊണ്ടു മഹാനാണു്, ഭവാൻ; ദേവ, സത്യം, ദേവന്മാരിൽവെച്ചു മഹത്വമേറിയവവാണു്, അസുരഹന്താവാണു്. ഹിതോപദേഷ്ടാവുമാണു്, ഭവാൻ. വലുതും അഹിംസ്യവുമാകുന്നു, (ഭവാന്റെ) തേജസ്സ്!12
ഇതാ, പ്രകാശവതിയായി സൃഷ്ടിക്കപ്പെട്ട, താഴത്തെയ്ക്കു നോക്കുന്ന, സ്തുതിയുക്തയായ സുന്ദരി ബ്രഹ്മാണ്ഡത്തിന്റെ പത്തു കൈകളിലും വന്നെത്തി, ഒരു ചിത്രപ്പയ്യുപോലെ കാണപ്പെടുന്നു!13
മൂന്നുപ്രജകൾ അറുതിയടഞ്ഞു; മറ്റവ അഗ്നിയുടെ ചുറ്റുംകൂടി. മഹാൻ ഭുവനങ്ങളുടെ നടുവിൽ വാണരുളി; വായു ദിക്കുകളിൽ ഉൾപ്പൂകി.14
മരുത്തുക്കളുടെ അമ്മ, വസുക്കളുടെ മകൾ, ആദിത്യരുടെ സോദരി, പാലിന്റെ ഇരിപ്പിടം – ഇങ്ങനെയുള്ള അപാപയും അദീനയുമായ ഗോവിനെ വധിയ്ക്കരുതേ എന്ന് അഭിജ്ഞജനങ്ങളോടു ഞാൻ പറയുന്നു.15
വാക്കു കിട്ടിയ്ക്കുന്ന, വാക്കു പുറപ്പെടുവിയ്ക്കുന്ന, സർവ്വവാക്കുകളാലും ഉപാസിയ്ക്കപ്പെടുന്ന, ദേവകൾക്കുവേണ്ടി എങ്കലണയുന്ന ഗോദേവിയെ അല്പബുദ്ധിയായ മനുഷ്യൻ തള്ളിക്കളയുന്നു!16
[2] ഇരുതമ്പുരാന്മാർ – മിത്രാവരുണന്മാർ. ഇരുകൈകളെന്നപോലെ – കൈകൾ രണ്ടും ഒരുമിച്ചാണല്ലോ, പണിയെടുക്കുക.
[3] യാത്രക്കാരൻ – യജമാനൻ.
[4] യജ്ഞത്തിൽ യാതൊരു ശ്രദ്ധയുമില്ലാത്തവനിൽനിന്നു് ഞങ്ങൾക്കുപദ്രവമുണ്ടാകരുതു്. ഇരുകൈകളിൽനിന്നും—അവന്റെ.
[6] അവർ – ദേവന്മാർ. മൂവ്വരുടെ – മുപ്പാരുകളുടെ. അരുണവർണ്ണനായ വസുവിനെ – സൂര്യനെ. ജയത്തിന്നു് – ഇരുട്ടുകളെ ജയിപ്പാൻ, നശിപ്പിയ്ക്കാൻ.
[8] ജമദഗ്നി – ഞാൻ. കിഴക്കോട്ടു നോക്കുന്ന – പുലർകാലത്തു ചെയ്യുന്ന എന്നർത്ഥം: ഉഷസ്സിലാണല്ലോ, അശ്വീയജനം.
[9] ഇതു് – സോമം.
[13] സുന്ദരി – ഉഷസ്സ്, പത്തുകൈകൾ – പത്തു ദിക്കുകൾ.
[14] മൂന്നു പ്രജകൾ – പ്രജാപതിയാൽ സൃഷ്ടിയ്ക്കപ്പെട്ട പക്ഷികളും ഇഴ ജന്തുക്കളും പാമ്പുകളും. അറുതിയടഞ്ഞു – ആഹാരമില്ലായ്കയാൽ. മറ്റവ – നാലാമതു സൃഷ്ടിയ്ക്കപ്പെട്ടവ. ചുറ്റുംകൂടി – അതിനാൽ അറുതിയടഞ്ഞില്ലെന്നർത്ഥം. ഇങ്ങനെ ഒരിതിഹാസമുണ്ടത്രേ.
[16] ദേവകൾക്കുവേണ്ടി – ദേവന്മാർക്കു ഹവിസ്സു നിർമ്മിയ്ക്കൻ.