കണ്വഗോത്രൻ സോഭരി ഋഷി; കകൂപ്പും സതോബൃഹതിയും ദ്വിപാദാവിരാട്ടും ഉഷ്ണിക്കും പംക്തിയും ഛന്ദസ്സുകൾ; അഗ്നിയും ആദിത്യരും ദേവത.
ഭവാൻ ആ സർവനേതാവിനെ സ്തുതിയ്ക്കുക: ഋത്വിക്കുകൾ സ്വാമിയായ ദേവങ്കൽ ചെല്ലുന്നു; ഹവിസ്സു ദേവകളിലെത്തിയ്ക്കുന്നു.1
വിപുലധനനായി, വിചിത്രപ്രഭനായി, ഈ സോമയാഗത്തിന്റെ നിയന്താവായി, പുരാതനനായിരിയ്ക്കുന്ന ഈ അഗ്നിയെ, മേധാവിൻ, സോഭരേ, നീ യജ്ഞത്തിന്നായി സ്തുതിച്ചാലും.2
മികച്ച യഷ്ടാവും, ദേവകളിൽവെച്ചു ദേവനും, ഹോതാവും, മരണരഹിതനും, ഈ യജ്ഞം ശരിയ്ക്കു നടത്തുന്നവനുമായ ഭവാനെ ഞങ്ങൾ ഭജിയ്ക്കുന്നു.3
അന്നരക്ഷകൻ, സുഭഗൻ, നല്ല വെളിച്ചം നൽകുന്നവൻ, പ്രശസ്തതേജസ്കൻ – ഇങ്ങനെയുളള ആ ആഗ്നി നമുക്കുവേണ്ടി, ദ്യോവിങ്കൽ മിത്രന്റെയും വരുണന്റെയും ജലങ്ങളുടെ സുഖത്തെ ലാക്കാക്കി യജിച്ചരുളട്ടെ!4
ആർ ചമതകൊണ്ട്, ആർ ആഹൂതികൊണ്ട്, ആർ വേദം കൊണ്ട്, ആർ വഴിപോലെ യജിച്ചു ഹവിസ്സുകൊണ്ട് അഗ്നിയെ പരിചരിയ്ക്കുമോ;5
ആ മനുഷ്യന്ന്, എങ്ങും ചെല്ലുന്ന കുതിരകൾ ഊക്കുണ്ടാക്കും; വളരെദ്ധനവും അന്നവും കിട്ടും. അവനെ ഒന്നുകൊണ്ടും ദേവകൃതമോ മനുഷ്യകൃതമോ ആയ ദ്രോഹം ബാധിയ്ക്കില്ല.6
ബലത്തിന്റെ മകനേ, അന്നാധിപതേ, ഞങ്ങൾ അഗ്നികളാൽ ശോഭനാഗ്നികളായിത്തീരണം: സുവീരനായ ഭവാൻ ഞങ്ങളിൽ കനിഞ്ഞാലും!7
സ്തുയമാനനായ അഗ്നി, അതിഥിപോലെ സഖാക്കൾക്കു ഹിതനും, തേർപോലെ ലഭിയ്ക്കപ്പെടേണ്ടവനുമാകുന്നു. നല്ല ക്ഷേമങ്ങൾ അങ്ങയുടെ പക്കലുണ്ടു്: സമ്പത്തുകളുടെ തമ്പുരാനാണ,വിടുന്നു്!8
അഗ്നേ, യാതൊരു മനുഷ്യൻ യജ്ഞമനുഷ്ഠിയ്ക്കുന്നുവോ, അവന്നു ഫലം ശരിയ്ക്കു കിട്ടട്ടെ; അവൻ സുഭഗനും ശ്ലാഘ്യനുമായിത്തീരട്ടെ; അവൻ സ്തുതിച്ചു സേവിയ്ക്കട്ടെ!9
നിന്തിരുവടി ആരുടെ യജ്ഞത്തിന്നു മുതിർന്നു നില്ക്കുമോ, അവൻ കൂറുറ്റ വീരന്മാരാൽ എന്തും സാധിയ്ക്കും – അവൻ കുതിരകളെക്കൊണ്ട്, അവൻ സ്തോതാക്കളെക്കൊണ്ട്, അവൻ ശൂരന്മാരെക്കൊണ്ടു് നേടും!10
അവന്റെ ഗൃഹത്തിൽ, വിശ്വവരേണ്യനായി വിളങ്ങുന്ന അഗ്നി സ്തോത്രവും അന്നവും സ്വീകരിക്കും; ഹവിസ്സുകൾ ദേവകളിലെത്തിയ്ക്കുകയും ചെയ്യും!11
വസോ, ബലപുത്ര, മേധാവിയായ സ്തോതാവോ, തെരുതെരെ ദാനം ചെയ്യുന്നവനോ ആയ വിജ്ഞന്റെ വചനത്തെ അവിടുന്നു ദേവകൾക്കുതാഴേ, മനുഷ്യർക്കുമീതെ, വ്യാപിപ്പിച്ചാലും!12
ശോഭനബലനായി ജവനതേജസ്കനായിരിയ്ക്കുന്ന അഗ്നിയെ ഹവിസ്സർപ്പിച്ചും പ്രണമിച്ചും സ്തുതിച്ചും പരിചരിയ്ക്കുന്നവൻ (സമൃദ്ധനായിവരും)13
മൂർത്ത്യന്തരങ്ങളോടുകൂടിയ അഖണ്ഡ്യനായ അഗ്നിയെ യാതൊരു മനുഷ്യൻ ചമതകൊണ്ടു പരിചരിയ്ക്കുമോ; അവൻ കർമ്മങ്ങളാൽ സുഭഗനായിച്ചമഞ്ഞു, യശ്ശസ്സുംകൊണ്ടു സർവജനങ്ങളെയും, സലിലങ്ങളെയെന്നപോലെ പിന്നീടും!14
അഗ്നേ, യാതൊന്നു ഗൃഹത്തിലെ വല്ല തിന്മനെയും, ദുർജ്ജനത്തിന്റെ അമർഷത്തെയും തീരെയമർത്തുമോ, ആ ത്രാണി ഭവാൻ കൊണ്ടുവന്നാലും!15
യാതൊന്നുകൊണ്ടു വരുണനും മിത്രനും ആര്യമാവും, യാതൊന്നുകൊണ്ടു് അശ്വികളും ഭഗവനും വെളിച്ചം വീശുന്നുവോ; അങ്ങയുടേതായ അതിനെ ഞങ്ങൾ ബലേന തുലോം സ്തുതിജ്ഞരും, ഈശ്വരനായ ഭവാനാൽ രക്ഷിതരുമായിത്തീർന്നു പരിചരിയ്ക്കുമാറാകണം!16
അഗ്നേ, മേധാവിൻ, ദേവ, മനുഷ്യരെ നോക്കുന്ന സുകർമ്മാവായ നിന്തിരുവടിയെ യാവചില മേധാവികൾ പ്രതിഷ്ഠിയ്ക്കുമോ; അവർതന്നേ, ശോഭനധ്യാനന്മാർ!17
സുഭഗ, എവർ അങ്ങയെ തുലോം അഭിലഷിയ്ക്കുമോ,അവർ വേദി തീർക്കുന്നു; അവർ ഹോമിയ്ക്കുന്നു; അവർ നല്ല നാളിൽ പിഴിയാനൊരുങ്ങുന്നു, അവർ ബലംകൊണ്ടു വമ്പിച്ച സമ്പത്തടക്കുന്നു!18
ആഹുതനായ അഗ്നി ഞങ്ങൾക്കു നന്മ തരട്ടെ; സുഭഗ, ദാനം നന്മ തരട്ടെ; യജ്ഞം നന്മ തരെട്ടെ; സ്തുതികൾ നന്മ തരട്ടെ!19
ഭവാൻ യുദ്ധത്തിൽ നല്ല മനസ്സു വെച്ചാലും: ഇതുകൊണ്ടാണല്ലോ അവിടുന്നു് പോരുകളിൽ കീഴമർന്നതു്. ഉറപ്പുള്ളവയെങ്കിലും വളരെശ്ശത്രുപുരങ്ങൾ ഭവാൻ നിലമ്പൊത്തിച്ചാലും. ഞങ്ങൾ ഭവാങ്കൽ നിന്നു് ഇഷ്ടഫലം നേടുമാറാകണം!20
മികച്ച യഷ്ടാവും ഹവ്യവാനുമായ യാതൊരധീശനെ ദേവന്മാർ ദൂതിന്നയയ്ക്കുന്നുവോ, ആ മനുനിഹിതനെ ഞാൻ സ്തുതിയ്ക്കുന്നു.21
യാതൊരഗ്നി പ്രിയവും സത്യവുമാംവണ്ണം സ്തുതിയ്ക്കപ്പെട്ടാൽ, നൈകൊണ്ടു ഹോമിയ്ക്കപ്പെട്ടാൽ, നല്ല വീര്യം കിട്ടിയ്ക്കുമോ; ആ അഗ്നിയ്ക്കു – മൂർത്ത പല്ലുകളോടെ വിളങ്ങുന്ന യുവാവിന്നു – ഭവാൻ അന്നം സമർപ്പിയ്ക്കുക!22
നൈകൊണ്ടു ഹോമിയ്ക്കപ്പെട്ടാൽ അഗ്നി ചീറ്റുന്ന ജ്വാലയെ, സൂര്യൻ വെളിച്ചത്തെയെന്നപോലെ, ഉയർത്തുകയും താഴ്ത്തുകയും ചെയ്യും!23
യാതൊരു മനുനിഹിതനായ ദേവൻ തൂമണമിയന്ന തിരുവായകൊണ്ടു ഹവിസ്സുകൾ അയയ്ക്കുന്നുവോ; ആ സുയജ്ഞനായ, ഹോതാവായ, മരണരഹിതനായ ദേവൻ സേവകന്നു വരണീയങ്ങൾ (കല്പിച്ചുകൊടുക്കും)!24
അഗ്നേ, അനുകൂലപ്രകാശ, ബലപുത്ര, ഹോമിയ്ക്കപ്പെട്ടവനേ, മർത്ത്യനായ ഞാൻ അമർത്ത്യനായ നിന്തിരുവടിയായിത്തീരുമെങ്കിൽ!25
വസോ, ഞാൻ അങ്ങയോടു മിഥ്യാപവാദത്തിന്നു നിലവിളിയ്ക്കരുതു്. സംസേവ്യ, ദുഷ്ടതയ്ക്കുമരുത് അഗ്നേ, എനിയ്ക്കു ബുദ്ധികെട്ട സ്തോതാവുണ്ടാകരുതു്; ശത്രുവുണ്ടാകരുതു്, ദ്രോഹിയ്ക്കരുതു്!26
അച്ഛനാൽ മകനെന്നപോലെ വളർത്തപ്പെട്ടവൻ യാഗശാലയിൽ ഞങ്ങളുടെ ഹവിസ്സു ദേവകൾക്കയയ്ക്കട്ടെ!27
അഗ്നേ, വാസോ, നിന്തിരുവടിയുടെ രക്ഷകൾ തൊട്ടടുത്തുനില്ക്കുകയാൽ, മനുഷ്യനായ ഞാൻ സദാ ദേവനായ നിന്തിരുവടിയുടെ പ്രീതി നേടുമാറാകണം!28
അഗ്നേ, ഞാൻ അങ്ങയ്ക്കു ഹവിസ്സർപ്പിച്ചും, അങ്ങയെ സ്തുതിച്ചും അങ്ങയെ പരിചരിയ്ക്കുമാറാകണം: അങ്ങുതന്നെയാണു്, ഉൽക്കൃഷ്ടാശയനെന്നു പറഞ്ഞുവരുന്നു; അങ്ങ് എനിയ്ക്കു തരുന്നതിൽ ഇമ്പം പൂണ്ടാലും!29
അഗ്നേ,അങ്ങ് ആർക്കു സഖ്യം ആചരിയ്ക്കുമോ, അവൻ ഭവാന്റെ സുവീരകളും ബലവതികളുമായ രക്ഷകൾകൊണ്ടു വർദ്ധിയ്ക്കും!30
സേചിയ്ക്കപ്പെടുന്നവനേ, അങ്ങയ്ക്കായി വണ്ടിയിൽ കൊണ്ടുവരുന്ന, ഒലികൊള്ളുന്ന, വിളങ്ങുന്ന, ഋതുജന്യമായ സോമം എടുക്കപ്പെടുന്നു. അങ്ങ് മഹതികളായ ഉഷസ്സുകൾക്കു പ്രിയപ്പെട്ടവനാകുന്നു; അങ്ങ് രാത്രിയിൽ വെളിച്ചം കൊടുക്കുന്നു!31
ഒരായിരം പ്രകാശമുള്ളവനും ശോഭനാന്വേഷണനും ത്രസദസ്യുവിന്റെ ചാർച്ചക്കാരനുമായ ആ സാമ്രാട്ടിനെ രക്ഷയ്ക്കുവേണ്ടി പ്രാപിച്ചവരാണ്, ഞങ്ങൾ, സോഭരികൾ.32
അഗ്നേ, മറ്റഗ്നികൾ അങ്ങയുടെ അടുക്കൽ കൊമ്പുകൾപോലെ നില്ക്കുന്നു: ആ അങ്ങയുടെ ബലം വളർത്തിക്കൊണ്ടു, മനുഷ്യരിൽ വെച്ചു ഞാൻ സ്തോതാക്കളെന്നപോലെ യശസ്സു നേടുമാറാകണം!33
ദ്രോഹിയ്ക്കാത്ത ശോഭനദാനന്മാരായ ആദിത്യരേ, എല്ലാ ഹവിഷ്മാരിലുംവെച്ചു യാതൊരു മനുഷ്യനെ നിങ്ങൾ മറുകരയണയ്ക്കുമോ; (അവൻ ഫലം നേടും!)34
അമിത്രരെ അമർത്തുന്ന തമ്പുരാക്കന്മാരേ, നിങ്ങൾ മനുഷ്യർക്കുവേണ്ടി, ഏതൊരു ക്ഷയകാരിയേയും (ആക്രമിയ്ക്കാറുണ്ടു്). അതിനാൽ, വരുണ, മിത്ര, ആര്യമാവേ, ഞങ്ങൾ നിങ്ങൾക്കുള്ള യാഗത്തിന്നു തേരാളികളായിത്തീരണം!35
മികച്ച ദാതാവും സ്വാമിയും സൽപതിയുമായ പുരുകത്സപുത്രൻ ത്രസദസ്യു എനിയ്ക്കു് ഐമ്പതു പെണ്ണുങ്ങളെ തന്നിരിയ്ക്കുന്നു!36
അത്രമാത്രമല്ല, അന്നവും രക്ഷയും തേടിയ എനിയ്ക്കു, സുവാസ്തുതീരത്തുവെച്ചു ധനവാനും ഗോപതിയുമായ ശ്യാവൻ ഇരുന്നൂറ്റിപ്പത്തു പൈക്കളെ തന്നു!37
[1] സ്തോതാവിനോടു്: ആ സർവ്വനേതാവു് – അഗ്നി.
[2] തന്നോടുതന്നെ പറയുന്നു:
[3] പ്രത്യക്ഷോക്തി:
[6] ഊക്ക് = ഗതിവേഗം.
[7] പ്രത്യക്ഷോക്തി: അഗ്നികളാൽ – ഭവാന്റെ അവയവങ്ങളായ ഗാർഹപത്യാദികളെക്കൊണ്ട്. ശോഭനാഗ്നികൾ = നല്ല അഗ്നിയോടു കൂടിയവർ. സുവീരൻ – ശോഭനവീരോപേതൻ.
[8] ആദ്യവാക്യം പരോക്ഷം;
[10] നേടും – വിജയം.
[12] ദേവകൾക്കിതാഴെ, മനുഷ്യർക്കുമീതേ – അന്തരിക്ഷത്തിലെങ്ങും.
[13] ജവനതേജസ്കൻ – വേഗത്തിൽ കത്തിപ്പടരുന്നവൻ.
[14] മൂർത്ത്യന്തരങ്ങൾ – മറ്റു (ഗാർഹപത്യാദി) രൂപങ്ങൾ. സലിലങ്ങളെയെന്നപോലെ – പുഴകടക്കുന്നതുപോലെ.
[15] തിന്മൻ – രക്ഷസ്സും മറ്റും.
[16] അതിനെ – തേജസ്സിനെ.
[18] അഭിലഷിയ്ക്കുക – ആദരിച്ചു സ്തുതിയ്ക്കുക എന്നർത്ഥം. സമ്പത്തു് – ശത്രുക്കളുടെ.
[19] ഒന്നാംവാക്യം പരോക്ഷം.
[20] കീഴമർത്തുന്നതു് – ശത്രുക്കളെ.
[21] പരോക്ഷോക്തി: മനുനിഹിതനെ – മനുവിനാൽ പ്രതിഷ്ഠിയ്ക്കപ്പെട്ടവനെ, അഗ്നിയെ.
[22] സ്തോതാവിനോടു്: മൂർത്ത – മൂർച്ചയുള്ള. പല്ലുകൾ – ജ്വാലകൾ. അന്നം – ഹവിസ്സ്.
[24] അയയ്ക്കുന്നുവോ – ദേവന്മാരുടെ അടുക്കലേയ്ക്ക്. വരണീയങ്ങൾ – ധനങ്ങൾ.
[25] തീരുമെങ്കിൽ – വലിയ ഭാഗ്യമായി!
[26] മിഥ്യാപവാദവും മറ്റും എനിയ്ക്കുണ്ടാകരുതു്. ദ്രോഹിയ്ക്കരുതു് – ശത്രു എന്നെ ഉപദ്രവിയ്ക്കരുതു്.
[27] വളർത്തപ്പെട്ടവൻ – ഞങ്ങളാൽ ഹവിസ്സുകൊണ്ടു പോഷിതനായ അഗ്നി.
[29] തരുന്നതിൽ – ധനം.
[30] സുവീരകൾ – ശോഭനപുത്രോപേതകൾ, നല്ല പുത്രന്മാരെ നല്കുന്നവ.
[31] സേചിയ്ക്ക – സോമനീരാടിയ്ക്ക ഋതുജന്യം = ഋതുവിൽ (യഥാകാലം) ജനിച്ചതു്. എടുക്കപ്പെടുന്നു – ഹോതാവിനാൽ. ഉഷസ്സുകൾക്കു് – പുലർകാലത്താണല്ലോ, ഹോമാഗ്നിയെ ജ്വലിപ്പിയ്ക്കുക.
[32] ശോഭനാന്വേഷണൻ – അഗ്നിയെ തേടുന്നതു ശ്രേയസ്കരമാണല്ലോ. ആ സാമ്രാട്ട് – അഗ്നി.
[33] കൊമ്പുകൾ – വൃക്ഷത്തിന്റെ ശാഖകൾ. സ്തോതാക്കൾ – മറ്റു സ്തുതികാരന്മാർ. ബലം വളർത്തുക എന്നതിന്നു സ്തുതിയ്ക്കുക എന്നർത്ഥം.
[34] ദ്രോഹിയ്ക്കാത്ത – ദയാശീലരായ. മറുകര – കർമ്മസമാപ്തി.
[35] ക്ഷയകാരി – ശത്രു. തേരാളികൾ – ശരിയ്ക്കു നടത്തുന്നവർ.
[37] സുവാസ്തു – ഒരു നദി. ശ്യാവൻ – ഒരു രാജാവു്.