സോദരി ഋഷി; കകുപ്പും സതോബൃഹതിയും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത.
പ്രകൃഷ്ടഗമനന്മാരേ, നിങ്ങൾ വരുവിൻ; കഷ്ടപ്പെടുത്തരുതു്; സമാനതേജസ്കന്മാരേ, ഉറപ്പുള്ളവയെപ്പോലും കുനിയിയ്ക്കുന്നവരേ, വിട്ടുനില്കരുതേ!1
മഹാന്മാരായ മരുത്തുക്കളേ. രുദ്രപുത്രന്മാരേ, ഉരുൾച്ചുറ്റിന്നുറപ്പുള്ള സുപ്രഭങ്ങളായ (തേരുകളിലൂടെ) വന്നെത്തുവിൻ – പുരുകാമ്യരേ, സോഭരിയിൽ കനിവുള്ള നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ യജ്ഞത്തിൽ, അന്നവുമായി വന്നെത്തുവിൻ!2
ഞങ്ങൾക്കറിയാം: മഴയെമ്പാടും പൊഴിയ്ക്കുന്ന കർമ്മവാന്മാരും രുദ്രപുത്രന്മാരുമായ മരുത്തുക്കളുടെ കരുത്തു് ഉഗ്രമാണു്!3
ശോഭനായുധന്മാരേ, സ്വയംപ്രഭന്മാരേ, നിങ്ങൾ നടകൊള്ളുമ്പോൾ തുരുത്തുകൾ താഴും; സ്ഥാവരങ്ങളും വാനൂഴികൾ രണ്ടും ചാഞ്ചാടും. വെള്ളം കുതിച്ചോടും.4
നിങ്ങൾ നടകൊള്ളുമ്പോൾ, വേരുറച്ചവപോലും – മലകൾ, മരങ്ങൾ എന്നിവപോലും – നിലവിളിയ്ക്കും; യാത്രകളിൽ പാർത്തലം കുലുങ്ങും!5
മരുത്തുക്കളേ, നിങ്ങളുടെ ബലവും ഗമനവും കരുതി, ദ്യോവു് അന്തരിക്ഷം വിട്ടു് മേല്പോട്ടു പോയ്ക്കളയും: ഇവിടെവെച്ചാണല്ലോ, കൈക്കരുത്തുള്ള നേതാക്കൾ തിരുവുരു തിളങ്ങിയ്ക്കുന്നതു്!6
തേജസ്സും ഓജസ്സുമുള്ള, മഴപൊഴിയ്ക്കുന്ന, സരളരൂപരായ നേതാക്കൾ ഹവിസ്സിനുവേണ്ടി, വലിയ മോടി കൂട്ടും!7
പൊൻപള്ളിത്തേരിന്റെ നടുവിൽ ബാണത്തിന്മേൽ സോഭരികളുടെ ശബ്ദം പുരളുന്നു: ഗോവു പെറ്റ സുജാതരായ മഹാന്മാർ ഞങ്ങൾക്കു് അന്നവും ഭോഗവും പ്രീതിയും നല്കട്ടെ!8
സോമം പകരുന്നവരേ, നിങ്ങൾ യാത്രയിൽ മഴ പൊഴിയ്ക്കുന്ന – വർഷമായ – മരുദ്ബലത്തിന്നു ഹവിസ്സുകൾ കൊണ്ടുവരുവിൻ!9
നേതാക്കളായ മരുത്തുക്കളേ, നിങ്ങൾ വർഷകമായ ചക്രത്തുളയുള്ള വർഷകരൂപമായ വൃഷാശ്വത്തേരിലൂടെ, പരുന്തുപക്ഷികൾപോലെ, നിഷ്പ്രയാസം ഞങ്ങളുടെ ഹവിസ്സുണ്ണുവാൻ വന്നെത്തുവിൻ!10
ഒരേമട്ടിലാണ്, ഇവരുടെ ആഭരണം: മാറത്തു പൊന്നാരം മിന്നുന്നു; തോളത്തു ചുരിക തിളങ്ങുന്നു!11
ഒരുങ്ങി മഴ പൊഴിയ്ക്കുന്ന ആ മഹാഭുജന്മാർ തിരുവുടൽ രക്ഷിയ്ക്കുന്നതിൽ പണിപ്പെടാറില്ല: നിങ്ങളുടെ തേരുകളിലുണ്ടല്ലോ, ഉറപ്പുള്ള വില്ലുകളും ആയുധങ്ങളും; അതിനാൽ മുന്നണിയിൽ ജയം നേടുന്നു!12
വെള്ളം പോലെ പരന്നതും വിളങ്ങുന്നതുമായ ഈ ബഹുക്കളുടെ പേരൊന്നുതന്നെ, പോന്ന പൈതൃകസ്വത്തുപോലെ ഭോഗപ്രദമാകുന്നു!13
നീ ആ മരുത്തുക്കളെ വന്ദിയ്ക്കുക, അടുത്തു സ്തുതിയ്ക്കുക: ഉടമകൾക്കു് അടിമകളെന്നപോലെ,ആ വിറപ്പിയ്ക്കുന്നവർക്കുള്ളവരാണല്ലോ, നമ്മൾ; അതിനാൽ, ഇവരുടെ, അതിനാൽ ഇവരുടെ, ദാനങ്ങൾ വലിയവയായിരിയ്ക്കും!14
മരുത്തുക്കളേ, കഴിഞ്ഞ ദിവസങ്ങളിൽ യാവനൊരുത്തൻ തീർച്ചയായും നിങ്ങളുടെയായിരുന്നോ, അവൻ നിങ്ങളുടെ രക്ഷകളിൽ സുഭഗനായി വർത്തിയ്ക്കുന്നു!15
വിറപ്പിയ്ക്കുന്ന നേതാക്കളേ, നിങ്ങൾ യാതൊരന്നവാന്റെ ഹവിസ്സുണ്ണാൻ വന്നെത്തുമോ, അവൻ യശസ്സുകൊണ്ടും അന്നലാഭം കൊണ്ടും നിങ്ങളുടെ സുഖം നേടും!16
വർഷജലമുളവാക്കുന്ന യുവാക്കളായ രുദ്രപുത്രന്മാർ അന്തരിക്ഷത്തിൽ നിന്നു (വന്നു) കാംക്ഷിയ്ക്കത്തക്കവണ്ണമായിത്തീരട്ടെ, ഇതു്!17
ശോഭനദാനരായ യാവചിലർ ദേവന്മാരെ പൂജിയ്ക്കുന്നുവോ, യാവചിലർ വർഷകർത്താക്കളെ വഴിപോലെ യജിയ്ക്കുന്നുവോ; ആ ഞങ്ങളെ ഉദ്ദേശിച്ചു, യുവാക്കളായ നിങ്ങൾ ധനവത്തായ ഹൃദയത്തോടേ വന്നണയുവിൻ!18
സോഭരേ, നീ യുവാക്കന്മാരും പരിപാവനരുമായ വൃഷാക്കളെ അതിനൂതനമായ സ്തോത്രംകൊണ്ടു, കൃഷിക്കാരൻ കാളകളെയെന്നപോലെ നന്നായി സ്തുതിച്ചുപാടുക!19
യാവചിലർ എല്ലാ യുദ്ധങ്ങളിലും, പോരിനു വിളിയ്ക്കുന്നവരിലും, ഒരാഹ്വാതവ്യനായ മല്ലൻപോലെ കീഴമർത്തുമോ; ആ വൃഷാക്കളും ആഹ്ലാദകരും മികച്ച യശസ്വികളുമായ മരുത്തുക്കളെത്തന്നെ നീ സ്തുതിച്ചു വന്ദിയ്ക്കുക!20
ഒരേതേജസ്സിയന്ന മരുത്തുക്കളേ, പൈക്കളും ഒരേജാതിയാൽ ഒരേബന്ധുവോടുകൂടി, ദിക്കുകളിൽച്ചെന്നു പരസ്പരം നക്കുന്നു!21
മാറത്തു പൊന്നണിഞ്ഞു നൃത്തംവെയ്ക്കുന്ന മരുത്തുക്കളേ, മനുഷ്യനും നിങ്ങളുടെ ഭ്രാതാവായിത്തീരാറുണ്ടു് അതിനാൽ, ഞങ്ങളെ പുകഴ്ത്തിപ്പാടുവിൻ: എന്നെന്നുമുണ്ടല്ലോ, സ്ത്രോത്രത്തിൽ നിങ്ങളുടെ ബന്ധുത്വം!22
ശോഭനദാനന്മാരും സഖാക്കളും സഞ്ചരിഷ്ണുക്കളുമായ മരുത്തുക്കളേ, നിങ്ങൾ മാരുത്വൗഷധം ഞങ്ങൾക്കു കൊണ്ടുവന്നാലും!23
സുഖമുളവാക്കുന്ന നിസ്സപത്നന്മാരേ, നിങ്ങൾ എവകൊണ്ടു സമുദ്രത്തെ രക്ഷിയ്ക്കുന്നുവോ, ഏവകൊണ്ടു ഹനിയ്ക്കുന്നുവോ, ഏവകൊണ്ടു കിണർ കൊടുക്കുന്നുവോ; ആ നല്ല രക്ഷകൾകൊണ്ടു ഞങ്ങൾക്കു സുഖം വരുത്തുവിൻ!24
ശോഭനയജ്ഞന്മാരായ മരുത്തുക്കളേ, സിന്ധുവിലും, അസിക്നിയിലും, സമുദ്രങ്ങളിലും പർവ്വതങ്ങളിലും എന്തെന്തു മരുന്നുണ്ടോ,25
അതെല്ലാം കണ്ടറിഞ്ഞവരായ നിങ്ങൾ ഞങ്ങൾക്കായി കൊണ്ടുവരുവിൻ; അതുകൊണ്ടു ഞങ്ങളെ ചികിത്സിക്കുവിൻ. മരുത്തുക്കളേ, ഞങ്ങളിലെ ആതുരന്നു രോഗം ശമിയ്ക്കത്തക്കവണ്ണം, രുഗ്ണാംഗത്തെ വീണ്ടും സ്വാസ്ഥ്യപ്പെടുത്തുവിൻ!26
[1] സമാനതേജസ്കന്മാർ – ഒരേതരം തേജസ്സുള്ളവർ. ഉറപ്പുള്ളവ – പർവതാദികൾ. വിട്ടുനില്ക്കരുതേ – ഞങ്ങളെ വിട്ടു മറ്റെങ്ങാനും നില്ക്കരുതേ.
[2] സോഭരിയിൽ – എന്റെ പേരിൽ. അന്നവുമായി – ഞങ്ങൾക്കു തരാൻ അന്നമെടുത്തു്.
[5] യാത്രകളിൽ – നിങ്ങളുടെ ഗമനങ്ങളിൽ.
[6] കരുതി – പേടിച്ചു്. ഉത്തരാർത്ഥം പരോക്ഷോക്തി: നേതാക്കൾ – മരുത്തുക്കൾ. തിരുവുരു = വിരുവുടൽ. തിളങ്ങിയ്ക്കുന്നതു് – മോടിപ്പെടുത്തുന്നതു്.
[8] ബാണം – മരുത്തുക്കളുടെ വീണ.
[9] അധ്വര്യുക്കളോടു്:
[11] പരോക്ഷവചനം: ഇവർ – മരുത്തുക്കൾ. പൊന്നാരം = സ്വർണ്ണഹാരം.
[12] പണിപ്പെടാറില്ല – ആരുമെതിർക്കില്ല, മത്തുക്കളോടെന്നു താൽപര്യം അടുത്ത വാക്യം പ്രത്യക്ഷം:
[13] ഈ ബഹുക്കൾ – വളരെപ്പേരായ മരുത്തുക്കൾ. പോന്ന – ത്രാണിയുള്ള. ഭോഗപ്രദം – സ്തോതാക്കൾക്ക് അനുഭവിയ്ക്കാവുന്നതു്.
[14] ഋഷി തന്നോടുതന്നെ പറയുന്നു: ആ വിറപ്പിയ്ക്കന്നവർ – മരുത്തുക്കൾ. അതിനാൽ ഇവരുടെ എന്ന ദ്വിരുക്തി ആദരവാലാകുന്നു; പദപൂരണത്തിന്നാണെന്നും പറയാം.
[16] അന്നവാൻ – ഹവിഷ്മാൻ, യജമാനൻ.
[17] ഇതു് – സ്തോത്രം. കാംക്ഷിയ്ക്ക – സശ്രദ്ധം കേൾക്കുക എന്നു സാരം.
[18] വർഷകർത്താക്കൾ – മരുത്തുക്കൾ. ധനവത്തായ ഹൃദയത്തോടേ – ധനം തരാൻ നിശ്ചയിച്ചു്.
[19] തന്നോടുതന്നേ: വൃഷാക്കൾ – മരുത്തുക്കൾ.
[21] പൈക്കൾ – നിങ്ങളുടെ അമ്മമാർ. ഒരേജാതിയാൽ – സജാതീയത്വംമൂലം.
[22] ഭ്രാതാവ് – ഉറ്റ സഖാവെന്നർത്ഥം. ഞങ്ങളെ – സ്തുതിയ്ക്കുന്ന മനുഷ്യരായ ഞങ്ങളെ.
[23] മാരുത്വൗഷധം = മരുത്തുക്കളുടേതായ മരുന്നു്.
[24] ഹനിയ്ക്കുന്നു – സ്തോതാക്കളുടെ ശത്രുക്കളെ. കിണർ – ഗോതമനെന്ന ഋഷിയ്ക്കു കിണറുകൊണ്ടു കൊടുത്തുവല്ലോ.
[25] സിന്ധു – ഒരു നദം. അസിക്നി – ഒരു നദി.
[26] ആതുരൻ = രോഗി. രുഗ്ണാംഗം = രോഗബാധിതമായ ശരീരം.