സോഭരി ഋഷി; കകുപ്പും സതോബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
അഭിനവനായുള്ളോവേ, പോറ്റിപ്പോരുന്ന ഞങ്ങൾ പോരിൽ രക്ഷിയ്ക്ക, വിചിത്രരൂപനായ നിന്തിരുവവടിയെത്തന്നെ, ഒരു വമ്പനെ എന്നപോലെ വിളിച്ചുകൊള്ളുന്നു.1
ഞങ്ങൾ കർമ്മരക്ഷയ്ക്കു് അങ്ങയെ പ്രാപിയ്ക്കുന്നു: ആ ധർഷകനും ഉഗ്രനുമായ യുവാവു ഞങ്ങളിലണയട്ടെ. ഇന്ദ്ര, സേവ്യനായ ഭവാനെത്തന്നെയാണല്ലോ, സഖാക്കളായ ഞങ്ങൾ രക്ഷിതാവാക്കി വരിയ്ക്കുന്നതു്.2
നിന്തിരുവടി വന്നാലും: ഇതാ, സോമനീർ; അശ്വപതേ, ഗോപതേ, ഉർവരാപതേ, സോമപതേ, സോമം നുകർന്നാലും!3
ഇന്ദ്ര, ബന്ധുവില്ലാത്ത മേധാവികളായ ഞങ്ങൾ ബന്ധുയുക്തനായ ഭവാനെത്തന്നേ നിർത്തുമാറാകണം: വൃഷാവേ, ഭവാൻ, ഭവാന്റെ എല്ലാ രൂപങ്ങളോടുംകൂടി, സോമം കുടിപ്പാൻ വന്നാലും!4
ഇന്ദ്ര,ഗോരസം ചേർത്തതും മത്തുണ്ടാക്കുന്നതും സമർത്ഥവുമായ ഭവാന്റെ സോമത്തിന്നടുക്കൽ പക്ഷികൾപോലേ ഇരിയ്ക്കുന്ന ഞങ്ങൾ ഭവാനെ പേർത്തും പേർത്തും സ്തുതിയ്ക്കുന്നു;5
ഈ സ്തോത്രംകൊണ്ടു ഞങ്ങൾ നേരിട്ടു പറയുകയും ചെയ്യുന്നു. എന്തുകൊണ്ടാണു്, അവിടുന്നു കൂടെക്കുടെ ചിന്തിയ്ക്കുന്നതു്? ഹര്യശ്വ, ഞങ്ങൾക്ക് അഭിലാഷങ്ങളുണ്ടു്: അങ്ങ് ദാതാവാണല്ലോ. അതിനാൽ ഞങ്ങൾ വരുന്നു; ഞങ്ങളുടെ കർമ്മങ്ങളും സമീപിയ്ക്കുന്നു.6
ഇന്ദ്ര, അങ്ങ് രക്ഷിച്ചതിനാൽ ഞങ്ങൾ പുതിയവരായിത്തീർന്നിരിയ്ക്കുന്നു: വജ്രിൻ, അവിടുന്നു് ഇത്ര മഹാനാണെന്നു, ഞങ്ങൾ മുമ്പറിഞ്ഞിരുന്നില്ല!7
ശൂര, അങ്ങയുടെ സഖ്യവും സമ്പത്തും ഞങ്ങൾക്കറിയാം: വജ്രിൻ, അതു രണ്ടും ഞങ്ങൾ യാചിയ്ക്കുന്നു. വാസോ, നല്ല തൊപ്പിവെച്ചവനേ, അവിടുന്നു ഞങ്ങളെ ഗോസമേതമായ എല്ലാ അന്നവുംകൊണ്ട് ഉശിരുപിടിപ്പിച്ചാലും!8
സഖാക്കളേ, മുമ്പു് ആർ നമുക്കു് ഈ ഈ പ്രശസ്തധനം കൊണ്ടുവന്നുവോ, ആ ഇന്ദ്രനെത്തന്നേ നിങ്ങളുടെ രക്ഷയ്ക്കായി ഞാൻ സ്തുതിയ്ക്കുന്നു.9
ആർ തൃപ്തിയടഞ്ഞുവോ, അവൻ സൽപതിയും ശത്രുധർഷകനുമായ ഹർര്യശ്വനെ സ്തുതിയ്ക്കുന്നുണ്ടല്ലോ; ആ മഘവാവു സ്തോതാക്കളായ നമുക്കു് ഒരു നൂറുഗോക്കളെയും അശ്വങ്ങളെയും ക്ഷിപ്രം കൊണ്ടുവരട്ടെ!10
വൃഷാവേ, ഒരു ഗോസമേതന്റെ എതിർപ്പിൽ, കിതയ്ക്കുന്ന അവനോടു ഞങ്ങൾ അങ്ങയുടെ തുണയാൽത്തന്നെ മറുപടി പറയുമാറാകണം!11
പുരൂഹൂത, ദ്രോഹിയ്ക്കുന്നവരെ ഞങ്ങൾ യുദ്ധത്തിൽ ജയിയ്ക്കുണം; ദുരാത്മാക്കളെയും എതിർക്കണം; ശത്രുവിനെ നേതാക്കളോടൊന്നിച്ചു ഹനിയ്ക്കണം. എന്നിട്ടു് (അങ്ങയെ) വർദ്ധിപ്പിച്ചു കൊള്ളാം; ഇന്ദ്ര, നിന്തിരുവടി ഞങ്ങളുടെ കർമ്മങ്ങൾ രക്ഷിച്ചാലും!12
ഇന്ദ്ര, അങ്ങയ്ക്കു ജന്മനാതന്നെ ഭ്രാതാവില്ല, നേതാവില്ല; പണ്ടേ ബന്ധുരഹിതനാണു്, ഭവാൻ; സഖ്യം വേണമെന്നു തോന്നിയാൽ, പൊരുതും!13
അങ്ങ് ഒരു പണക്കാരങ്കൽ ചങ്ങാതിത്തത്തിന്നു ചെല്ലില്ല; കള്ളുകുടിയന്മാർ അങ്ങനെ നിരസിയ്ക്കുന്നു. കർമ്മാനുഷ്ഠാനത്തിൽ അങ്ങ് പിശുക്കിനെ ആട്ടിപ്പായിയ്ക്കും; അതിനാൽ ഒരച്ഛൻപോലെ വിളിയ്ക്കപ്പെടുന്നു.14
ഇന്ദ്ര, അങ്ങയുടെ ഞങ്ങൾ ഭവാദൃശന്റെ സഖ്യമറിയാത്തവരെന്നപോലെ, പിഴിയാത്തവരാകരുതു്; ഞങ്ങൾ ഒപ്പം സോമത്തിൽ വർത്തിയ്ക്കമാറാകണം.15
ഗോദാതാവായ ഇന്ദ്ര, അങ്ങയുടെ ഞങ്ങൾ ധനത്തിൽനിന്നു പുറത്താക്കരുതു്; അങ്ങയുടെ ഞങ്ങൾ വാങ്ങരുതു് സ്വാമിയായ ഭവാൻ ഉറച്ച മുതൽ തന്നു, പോറ്റിയാലും: അമർത്തപ്പെടാവുന്നവയല്ലല്ലോ, ഭവാന്റെ ദാനങ്ങൾ!16
ഹവിസ്സു നല്കിയവന്ന് ഇത്ര മഹനീയധനം തന്നതു്, ഇന്ദ്രൻ തന്നെയോ? സുഭഗയായ സരസ്വതിയോ? ചിത്ര, ഭവനോ?17
മഴ പെയ്യുന്ന പർജ്ജന്യൻപോലെ, ആയിരവും പതിനായിരവും കൊടുക്കുന്ന ചിത്രരാജാവ് ഈ സരസ്വതീതീരത്തിലെ മറ്റു രാജാക്കന്മാരെ അല്പന്മാരാക്കിയിരിയ്ക്കുന്നു!18
[1] പോറ്റിപ്പോരുന്ന – അങ്ങയെ സോമംകൊണ്ടു പോഷിപ്പിയ്ക്കുന്ന.
[2] ദ്വിതീയവാക്യം പരോക്ഷം: യുവാവു് – നിത്യതരുണനായ ഇന്ദ്രൻ.
[3] ഉർവ്വര = സസ്യസമ്പന്നമായ നിലം.
[4] നീർത്തുമാറാകണം – ബന്ധുസ്ഥാനത്തു്.
[5] സമർത്ഥം – സ്വർഗ്ഗപ്രാപണസമർത്ഥം.
[9] ഋത്വിഗ്യജമാനരോടു്: ഈ ഈ എന്ന ദ്വിരുക്തി ആദരാധിക്യത്താലാകുന്നു.
[10] ആർ തൃപ്തിയടഞ്ഞുവോ – ഇന്ദ്രങ്കൽനിന്നു ലഭിച്ച ധനത്താൽ.
[11] ഗോസമേതൻ – ധനവാൻ എന്നർത്ഥം. കിതയ്ക്കുന്ന – ഞങ്ങളെക്കുറിച്ചുള്ള ക്രോധത്താൽ. മറുപടി പറയുക – നിരാകരിയ്ക്കുക.
[12] നേതാക്കൾ – മരുത്തുക്കൾ. വർദ്ധിപ്പിച്ചുകൊള്ളാം – ഹവിസ്സുകൾ കൊണ്ടു്.
[13] പൊരുതും – സ്തോതാക്കൾക്കുവേണ്ടി.
[14] പണക്കാരൻ – യജ്ഞമനുഷ്ഠിയ്ക്കാത്ത ധനികൻ. കള്ളുകുടിയന്മാർ – നാസ്തികത്വലഹരിപിടിച്ചവർ. അച്ഛൻ – രക്ഷിതാവു്.
[15] സോമത്തിൽ വർത്തിയ്ക്കുമാറാകണം – സോമദാനത്താൽ ഭവാന്റെ സഖാക്കളായിരിത്തീരണം.
[16] വാങ്ങരുതു് – ത്വദന്യങ്കൽനിന്നു ധനം വാങ്ങരുതു്.
[17] സരസ്വതീതീരത്തുവച്ചു് ഇന്ദ്രന്നു യാഗം ചെയ്തു ചിത്രനെന്ന രാജാവിങ്കൽനിന്നു വളരദ്ധനം കിട്ടിയ ഋഷി, സോഭരി, ഇതാർ തന്നു എന്നു സന്ദേഹിയ്ക്കുന്നു: ഹവീസ്സു നല്കിയവന്നു് – ഇന്ദ്രന്നു ഹവിസ്സു ഹോമിച്ച എനിയ്ക്കു്.