സോഭരി ഋഷി; ബൃഹതിയും സതോബൃഹതിയും അനുഷ്ടുപ്പും കകുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.
ഓ അശ്വികളേ, ശോഭനാഹ്വാനരേ, സ്തുയമാനമാർഗ്ഗരേ, നിങ്ങളിരുവരും സൂര്യപുത്രിയെ വിരിപ്പാൻ യാതൊന്നിൽ കേറിയോ, ആ അതിദർശനീയമായ പള്ളിത്തേരിനെ ഞാൻ ഇന്നു രക്ഷയ്ക്കായി വിളിയ്ക്കുന്നു.1
പൂർവ്വികന്മാരെ പുലർത്തിയ, ശോഭനാഹ്വാനമായ, പുരുസ്പൃഹണീയമായ, രക്ഷകമായ, യുദ്ധങ്ങളിൽ മുന്നണിയിൽ ചെല്ലുന്ന, സർവസേവ്യമായ, വിദ്വേഷിയായ, പാപരഹിതമായ (പള്ളിത്തേരിനെ) സോഭരേ, നീ നന്നായി സ്തുതിയ്ക്കുക!2
തുലോം കീഴമർത്തും, ഹവിർദ്ദാതാവിന്റെ ഗൃഹത്തിലെഴുന്നള്ളും – ഇങ്ങനെയുള്ള അശ്വിദേവന്മാരേ ഞങ്ങൾ ഇതിൽ രക്ഷയ്ക്കായി സ്തുതികൾകൊണ്ടു് ഇങ്ങോട്ടു വരുത്തിക്കൊള്ളുന്നു.3
നിങ്ങളുടെ തേരിന്റെ ഒരു ചക്രം ചുറ്റിനടക്കും; മറ്റേതു പ്രേരകമായ നിങ്ങളിലെത്തും. ഉദകപാലകന്മാരേ, നിങ്ങളുടെ തിരുവുളളം ഞങ്ങളുടെ അടുക്കലെയ്ക്ക്, ഒരു കറവപ്പയ്യുപോലെ പാഞ്ഞുവരട്ടെ!4
അശ്വികളേ, മൂന്നിരുപ്പടികളും പൊന്നിൽകടിഞ്ഞാണുകളുമുള്ളതായ നിങ്ങളുടെ വിളിപ്പെട്ട പള്ളിത്തേർ വാനൂഴികളെ ചുറ്റും അലങ്കരിയ്ക്കുന്നു: നാസ്യത്യരേ, അതിലൂടേ വരുവിൻ!5
അശ്വികളേ, നിങ്ങൾ വാനിലെ പുരാതനജലം മനുവിന്നു നല്കി, കലപ്പകൊണ്ടുഴുതു യവം വിതച്ചുവല്ലോ; ഉദകപാലകന്മാരേ, ആ നിങ്ങളെ ഞങ്ങൾ ഇന്നു നല്ല സ്തോത്രങ്ങൾകൊണ്ടു തുലോം സ്തുതിയ്ക്കുന്നു. 6
വൃഷാക്കളേ, നിങ്ങൾ എവയിലൂടെ ത്രസദസ്യുപുത്രനായ തൃക്ഷിയെ വമ്പിച്ച സമ്പത്താൽ പ്രീതിപ്പെടുത്തിയോ; അന്നധനന്മാരേ, ആ യജ്ഞമാർഗ്ഗങ്ങളിലൂടേ ഞങ്ങളുടെ അടുക്കൽ വന്നാലും!7
നേതാക്കളേ, വർഷണധനന്മാരേ, ഇതാ, നിങ്ങൾക്കു് അമ്മിയാൽ പിഴിഞ്ഞ സോമം: വരുവിൻ, സോമം കുടിപ്പാൻ; ഹവിർദ്ദാതാവിന്റെ ഗൃഹത്തിൽ കുടിയ്ക്കുവിൻ!8
വർഷണധനന്മാരായ അശ്വികളേ, നിങ്ങൾതന്നെ പൊൻതേരറയിൽ കേറുവിൻ; അന്നം വളരെ ചേർക്കുവിൻ!9
അശ്വികളേ, നിങ്ങൾ ഏവകൊണ്ടു പക്ഥനെ, ഏവകൊണ്ടു് അധ്രിഗുവിനെ, ഏവകൊണ്ടു പ്രീതിപ്പെടുത്തിയ ബഭ്രുവിനെ രക്ഷിച്ചുവോ അവയോടുകൂടി ഞങ്ങളുടെ അടുക്കൽ ശീഘ്രം – വെക്കം – വരുവിൻ; രോഗിയെ ചികിത്സിക്കുവിൻ:10
വെമ്പൽകൊള്ളുന്ന മേധാവികളായ ഞങ്ങൾ വെമ്പൽകൊള്ളുന്ന അശ്വികളെ ഈ പകൽപ്പിറപ്പിൽ സ്തോത്രങ്ങൾ കൊണ്ടു വിളിയ്ക്കുന്നുണ്ടല്ലോ!11
വൃഷാക്കളേ, നിങ്ങൾ വിവിധരൂപവും വിശ്വവരേണ്യവുമായ എന്റെ വിളിയിൽ അവയുമായി വന്നെത്തിയാലും – ഇച്ഛിയ്ക്കുന്നവരും, മികച്ച ദാതാക്കളും, തുലോം കീഴമർത്തുന്നവരും, നേതാക്കളുമായ നിങ്ങൾ ഏവകൊണ്ടു് കിണർ നിറച്ചുവോ, അവയുമായി വന്നെത്തിയാലും!12
ആ അശ്വികളെ ഞാൻ ഈ പകൽപ്പിറപ്പിൽ വന്ദിച്ചുകൊണ്ടുചെന്നു സ്തുതിയ്ക്കുന്നു; അവരോടുതന്നെ ഞങ്ങൾ സ്തോത്രങ്ങൾകൊണ്ടു് യാചിയ്ക്കുന്നു.13
ഉദകപാലകന്മാരായ സ്തുയമാനമാർഗ്ഗന്മാരായ അവരെ രാത്രിയിൽ, അവരെ ഉഷസ്സിൽ, അവരെത്തന്നേ അഹസ്സിൽ (ഞങ്ങൾ വിളിയ്ക്കുന്നു). അന്നധനന്മാരേ, രുദ്രന്മാരേ, നിങ്ങൾ ഞങ്ങളെ ശത്രുവായ മനുഷ്യന്നു വിട്ടേയ്ക്കരുതേ!14
സേവ്യശീലരായ അശ്വികളേ, നിങ്ങൾ പ്രാതഃകാലത്തു് പള്ളിത്തേരിൽ സുഖാർഹന്നു സുഖം കൊണ്ടുവന്നാലും: അതിന്നായി സോഭരി, അച്ഛനെന്നപോലെ വിളിയ്ക്കുന്നു!15
മനോവേഗികളേ, വൃഷാക്കളേ, വിരോധികളെ വീഴ്ത്തുന്നവരേ, ബഹുത്രാതാക്കളെ, നിങ്ങൾ ക്ഷിപ്രകാരിണികളായ അനേകരക്ഷകളോടേ, ഞങ്ങളെ രക്ഷിപ്പാൻ അരികിൽത്തന്നെ നില്ക്കുവിൻ!16
സോമം വളരെക്കുടിയ്ക്കുന്ന നേതാക്കളായ അശ്വികളേ, ദസ്രന്മാരേ, നിങ്ങൾ ഞങ്ങളുടെ ഗൃഹത്തെ അശ്വ – ഗോ – കനകസമേതമാക്കി വന്നെത്തുവിൻ!17
അന്നധനന്മാരേ, യാചിയ്ക്കേണമെന്നില്ലാത്ത, നല്ല വീര്യമുള്ള, വഴിപോലെ വിരിയ്ക്കേണ്ടുന്ന, അരക്കനാക്രമിയ്ക്കാത്ത എല്ലാ സമ്പത്തും നിങ്ങളൂടെ ഈ വരവിൽ ഞങ്ങൾക്കു കിട്ടുമാറാകണം!18
[2] തന്നോടുതന്നെ പറയുന്നു: പൂർവ്വന്മാർ – പണ്ടേത്തെ സ്തോതാക്കൾ. വിദ്വേഷി – ശത്രുദ്വേഷി.
[3] കീഴമർത്തും – ശത്രുക്കളെ. ഇതിൽ – ഈ യജ്ഞത്തിൽ.
[4] മറ്റേതു – മറ്റേച്ചക്രം. പ്രേരകർ – വൃഷ്ടികർത്താക്കൾ. നിങ്ങളിലെത്തും – നിങ്ങളുടെ അടുക്കൽ വന്നുനില്ക്കും. കറവപ്പയ്യുപോലെ – നവപ്രസൂതയായ പയ്യു കുട്ടിയ്ക്കു പാൽ കൊടുപ്പാനെന്നപോലെ, നിങ്ങളുടെ തിരുവുള്ളം (അനുഗ്രബുദ്ധി) ഞങ്ങൾക്കു ധനം തരാൻ പാഞ്ഞുവരട്ടെ.
[5] അലംകരിയ്ക്കുന്നു – ശോഭിപ്പിയ്ക്കുന്നു. അതിലൂടെ – ആ തേരിൽ കേറി.
[8] വർഷണധന്മാർ = വർഷിയ്ക്കുന്ന ധനത്തോടുകൂടിയവർ.
[9] അറ – വിഹാരസ്ഥാനം. ചേർക്കുവിൻ – ഞങ്ങളിലണയ്ക്കുവിൻ.
[10] പക്ഥനും, അധ്രിഗുവും, ബഭ്രുവും രാജാക്കന്മാരത്രേ. പ്രീതിപ്പെടുത്തിയ – സോമം നല്കി പ്രസാദിപ്പിച്ച. അവ – ആ രക്ഷകൾ. രോഗിയെ – ഞങ്ങളുടെയിടയിലുള്ള രോഗിയെ.
[11] വെമ്പൽകൊള്ളുന്ന – കർമ്മങ്ങളിൽ സത്വരനായ. വെമ്പൽകൊള്ളുന്ന – ശത്രുവധത്തിൽ സത്വരരായ. അശ്വികളെ – നിങ്ങളെ. പകൽപ്പിറപ്പു് – പ്രാതഃകാലം.
[12] വിശ്വവരേണ്യം – എല്ലാദ്ദേവന്മാരാലും വരിയ്ക്കപ്പെടേണ്ടതു്. അവയുമായി – ആ രക്ഷകളോടുകൂടി. ഇച്ഛിയ്ക്കുന്നവർ – ഹവിസ്സാഗ്രഹിയ്ക്കുന്നവർ. കിണർ നിറച്ചതു, വന്ദനയെ ഉദ്ധരിപ്പാനാണു്.
[14] രുദ്രന്മാർ – രോഗം മാറ്റുന്നവർ.
[15] സുഖാർഹന്ന – സുഖമർഹിയ്ക്കുന്ന എനിയ്ക്കു്. അച്ഛനെന്നപോലെ – എന്റെ അച്ഛൻ നിങ്ങളെ വിളിച്ചതുപോലെ.
[16] ബഹുത്രാതാക്കൾ – അനേകജനരക്ഷകർ.
[18] യാചിയ്ക്കേണമെന്നില്ലാത്ത – സ്വയം തരുന്ന.