മേധ്യാതിഥി ഋഷി; ബൃഹതിയും സതോബൃഹതിയും അനുഷ്ടുപ്പം ഗായത്രിയും ഛന്ദസ്സുകൾ: ഇന്ദ്രൻ ദേവത.
ഇന്ദ്ര, ഞങ്ങളുടെ ഗോരസം ചേർത്ത സ്വാദേറിയ നീർ നുകർന്നു ഭവാൻ മത്തുകൊണ്ടാലും. ഒത്തൊരുമിച്ചു മത്തുപിടിപ്പിയ്ക്കേണ്ടുന്ന ഭവാൻ ബന്ധുവായിനിന്നു ഞങ്ങളെ തഴപ്പിച്ചാലും: അങ്ങയുടെ തിരുവുള്ളം ഞങ്ങളെ രക്ഷിയ്ക്കട്ടെ!1
ഹവിഷ്മാന്മാരായ ഞങ്ങളിൽ അങ്ങയ്ക്കു നന്മനസ്സുണ്ടാകണം: എതിരാളിയ്ക്കുവേണ്ടി അങ്ങ് ഞങ്ങളെ ദ്രോഹിയ്ക്കരുതു്. പ്രാർത്ഥനീയങ്ങളായ വിചിത്രരക്ഷകൾകൊണ്ടു ഞങ്ങളെ പാലിച്ചാലും; ഞങ്ങളെ നീണ്ട സുഖത്തിലാക്കിയാലും!2
ബഹുധന, എന്റെ ഈ സ്തുതികൾ അങ്ങനെ വർദ്ധിപ്പിയ്ക്കട്ടെ; അഗ്നിയ്ക്കൊത്ത തേജസ്സുള്ള വിശുദ്ധരായ വിപശ്ചിത്തുകളും സ്തോത്രങ്ങൾ പാടുന്നു.3
ആയിരം ഋഷിമാരാൽ പ്രബലനാക്കപ്പെട്ട തന്തിരുവടി സമുദ്രംപോലെ പരന്നു: തന്റെ യഥാർത്ഥമായ മഹിമാവും കെല്പും യാഗങ്ങളിൽ സ്തോതൃരാജ്യത്തു പുകഴ്ത്തപ്പെടുന്നു!4
ഭജിയ്ക്കുന്ന ഞങ്ങൾ യാഗത്തിന്ന് ഇന്ദ്രനെത്തന്നെ, യജ്ഞം തുടങ്ങിയാൽ ഇന്ദ്രനെത്തന്നെ, യുദ്ധത്തിൽ ഇന്ദ്രനെത്തന്നെ, ധനം കിട്ടാൻ ഇന്ദ്രനെത്തന്നെ വിളിച്ചുകൊള്ളുന്നു5
ഇന്ദ്രൻ ബലപ്പെരുമയാൽ വാനൂഴികളെ പരത്തി; ഇന്ദ്രൻ സൂര്യനെ പ്രകാശിപ്പിച്ചു. ഇന്ദ്രങ്കൽ ഒതുങ്ങിനില്ക്കുന്നു, ഉലകെല്ലാം; ഇന്ദ്രങ്കൽത്തന്നേ, പിഴിയുന്ന സോമവും!6
ഇന്ദ്ര, മുമ്പേ കുടിപ്പാൻ അങ്ങയെ മനുഷ്യർ സ്തുതിച്ചുപോരുന്നു; സമ്മിളിതരായ ഋഭുക്കളും പുകഴ്ത്തുന്നു; മരുത്തുക്കളും പുരാതനനായ ഭവാനെ വാഴ്ത്തിപ്പാടുന്നു!7
സോമത്തിന്റെ ലഹരി വ്യാപിച്ചാൽ, ഇന്ദ്രൻ ഇദ്ദേഹത്തിന്നു വീര്യവും ബലവും വളർത്തും: തന്റെ ആ മഹിമാവിനെ ആളുകൾ ഇപ്പോഴും മുമ്പേത്തെപ്പോലെ മുറയ്ക്കു പുകഴ്ത്തുന്നു!8
അങ്ങ് യാതൊന്നുകൊണ്ടു യജ്ഞഹീനരിൽനിന്നു ധനം ഭൃഗുവിന്നു നല്കിയോ, യാതൊന്നുകൊണ്ടു കണ്വപുത്രനെ രക്ഷിച്ചുവോ; ആ സുവീര്യവും, ആ അന്നവും മുമ്പേ കിട്ടാൻ ഞാൻ അങ്ങയോടു യാചിയ്ക്കുന്നു.9
ഇന്ദ്ര, ഭവാൻ പെരുവെള്ളം കടലിലെയ്ക്കയച്ചുവല്ലോ; ഭവാന്റെ ആ ബലം വർഷകമാകുന്നു. ഭൂമി യാതൊന്നിന്നധീനമോ, ഇദ്ദേഹത്തിന്റെ ആ മഹിമാവു് ഉടനടി നേടാവുന്നതല്ല!10
ഇന്ദ്ര, പുരാതന, ഞാൻ അങ്ങയോടു യാചിയ്ക്കുന്ന സുവീര്യോപേതമായ ധനം ഞങ്ങൾക്കു തന്നാലും: സേവനേച്ഛവായ ഹവിഷ്മാന്നു മുമ്പേ കൊടുക്കുക; സ്തോതാവിനും കൊടുക്കുക!11
ഇന്ദ്ര, യാതൊന്നിനാൽ അങ്ങ് പുരുപുത്രനെ രക്ഷിച്ചുവോ, അതു ഞങ്ങളുടെ ഈ കർമ്മനിരതന്നു കൊടുത്താലും; ഇന്ദ്ര, രുശമൻ, ശ്യാവകൻ, കൃപൻ എന്നിവരെ ഭവാൻ രക്ഷിച്ചുവല്ലോ, അപ്രകാരം ഈ സ്വർഗ്ഗപ്രാപണീയനെ ശക്തനാക്കിയാലും!12
ഇന്നേത്തെ വായാടിമനുഷ്യനുണ്ടോ, (ഇന്ദ്രനെ) വാഴ്ത്തുന്നു? പണ്ടേത്തെ സ്തോതാക്കൾതന്നെ ഇന്ദ്രന്റേതായ ഇദ്ദേഹത്തിന്റെ മഹത്വത്തിൽ ചെന്നെത്തിയിട്ടില്ലല്ലോ!13
ഇന്ദ്ര, ഏതു സ്തോതാക്കളുണ്ട്, ദേവയജനമിച്ഛിയ്ക്കുന്നു? ഏതൊരു മേധാവിയായ ഋഷി അങ്ങെത്തിയ്ക്കും? മഘവാവേ, ഭവാൻ എപ്പോൾ പിഴിയുന്നവന്റെ വിളിയിൽ, എപ്പോൾ പുഴ്ത്തുന്നവന്റെ വിളിയിൽ, വന്നെത്തും?14
ആ മധുരതരങ്ങളായ ശസ്ത്രങ്ങളും സ്തോത്രങ്ങളും, ഒപ്പം ജയിച്ചു ധനം നേടിയ, രക്ഷയ്ക്കിടിവില്ലാത്ത, അന്നം തേടുന്ന തേരുകൾ പോലേ മേല്പോട്ടു പോകുന്നു!15
കണ്വർപോലെ ഭൃഗുക്കൾ ആ ധ്യാനിയ്ക്കപ്പെട്ട വിഭൂവിനെത്തന്നേ, സൂര്യരശ്മികൾപോലെ, പ്രാപിച്ചു; പ്രിയമേധരായ മനുഷ്യരും ഇന്ദ്രനെത്തന്നെ പൂജിച്ചു സ്തോത്രങ്ങൾ പാടി.16
ഇന്ദ്ര, വൃതനെ അമ്പെക്കൊന്നവനേ, ഭവാൻ ഹരികളെ പൂട്ടുക:മഘവാവേ, മഹാബലനായ അങ്ങ് മരുത്തുക്കളോടുകൂടി, സോമം കുടിപ്പാൻ, ദൂരത്തുനിന്നു് ഇങ്ങോട്ടെഴുന്നള്ളുക!17
ഇതാ, കർമ്മികളായ മേധാവികൾ അങ്ങയെ, യജ്ഞത്തിൽ സംബന്ധിപ്പാൻ, വീണ്ടും വീണ്ടും സ്തുതിയ്ക്കുന്നു. മഘവാവേ, ഇന്ദ്ര, സ്തോത്രവാഹ്യ, ആ ഭവാൻ, ഒരഭിലാഷിയെന്നപോലെ, ഞങ്ങളുടെ വിളികേട്ടാലും!18
ഇന്ദ്ര, അവിടുന്നു വൃതനെ വലിയ പള്ളിവില്ലുകൾകൊണ്ടു് നിശ്ശേഷം നിഹനിച്ചു; മായാവിയായ അർബുദൻ, മൃഗയൻ എന്നിവരെയും നിഹനിച്ചു; മലയിൽനിന്നു് ഗോക്കളെ പുറത്തിറക്കി!19
ഇന്ദ്ര, അവിടുന്നു വൃത്രക്കൂറ്റനെ അന്തരിക്ഷത്തിൽനിന്നും നിർഗ്ഗമിച്ചു്, ആ കരുത്തു കാണിച്ചപ്പോൾ, അഗ്നികളും, സൂര്യനും, ഇന്ദ്രന്നുള്ളതായ സോമാമൃതവും ആകെത്തിളങ്ങി!20
എനിയ്ക്കു് ഇന്ദ്രനും മരുത്തുക്കളുമെന്നപോലെ, കുരയാണപുത്രനായ പാകസ്ഥാമാവും എല്ലാറ്റിലുംവെച്ചു, വാനിലോടുന്ന സൂര്യൻ പോലെ സ്വയം തിളങ്ങുന്നതു് ദാനംചെയ്തു!21
എനിയ്ക്കു പാകസ്ഥാമാവു നല്ല ചുമലുള്ള, തടിച്ച, ധനാർജ്ജനത്തിന്നുതകുന്ന ഒരു ചെംകുതിരയെ തന്നു!22
അതിന്നുപകരം,പത്തു ധുരന്ധരങ്ങൾ, തുഗ്രപുത്രനെ ഗൃഹത്തിലെയ്ക്കു കുതിരകളെന്നപോലെ, (എന്നെ) വഹിച്ചുപോരുന്നു!23
വിപുലമായ അന്നവും, വീതിയുള്ള വസ്ത്രവും, എണ്ണയും, കെല്പും ആർ തന്നുവോ; ആ നാലാമനായ, ചെങ്കുതിരയെത്തന്ന, രക്ഷിതാവായ പാകസ്ഥാമാവിനെ ഞാൻ സ്തുതിച്ചു.24
[1] നീർ – സോമരസം.
[3] വിപശ്ചിത്തുക്കൾ = വിദ്വാന്മാർ, ഉദ്ഗാതാക്കൾ.
[4] ഋഷിമാർ – അതീന്ദ്രിയജ്ഞരായ സ്തോതാക്കൾ. പ്രബലനാക്കപ്പെട്ട – സ്തുതികൾ കൊണ്ടാണല്ലോ, ദേവതകൾക്കു ബലം വർദ്ധിയ്ക്കുന്നതു്. തന്റെ – ഇന്ദ്രന്റെ സ്തോതൃരാജ്യത്തു് – സ്തോതൃസംഘത്തിൽ, സ്തോതാക്കളുടെഇടയിൽ.
[5] സോമവും ഇന്ദ്രങ്കൽത്തന്നേ, ഇന്ദ്രന്റെ വയറ്റിൽത്തന്നേ ഒതുങ്ങി നില്ക്കുന്നു.
[7] സമ്മിളിതർ – ഒത്തുചേർന്നവർ.
[8] ഇദ്ദേഹത്തിന്നു് – യജമാനന്നു്.
[9] യജ്ഞഹീനരിൽനിന്നു് – യജ്ഞമനുഷ്ഠിയ്ക്കാത്തവരിൽനിന്നു പിടിച്ചടക്കി.
[10] വർഷകം – അഭീഷ്ടവർഷി. അന്തിമവാക്യം പരോക്ഷം:
[11] ഹവിഷ്മാൻ – യജമാനൻ.
[12] പൂരു – ഒരു രാജാവ്. കർമ്മനിരതന്ന് – യജമാനന്നു്. രുശമനും, ശ്യാവകനും, കൃപനും രാജർഷിമാർതന്നെ. സ്വർഗ്ഗപ്രാപണീയനെ – സ്വർഗ്ഗത്തിലെയ്ക്കു കൊണ്ടുപോകപ്പെടേണ്ടവനെ, യജമാനനെ. ശക്തനാക്കിയാലും – ധനസ്മൃദ്ധികൊണ്ടു യാഗാനുഷ്ഠാനത്തിന്നു കഴിവുള്ളവനാക്കിയാലും.
[13] വാഴ്ത്തുന്നു – വാഴ്ത്താനാളാകുന്നു? അല്പബുദ്ധികൾക്കു പുകഴ്ത്താവുന്നവനല്ല, ഇന്ദ്രൻ! ഇന്ദ്രന്റേതായ – മറ്റാർക്കുമില്ലാത്ത. ചെന്നെത്തിയിട്ടില്ലല്ലോ – മഹത്ത്വമറിഞ്ഞു സ്തുതിപ്പാൻ ശക്തരായിട്ടില്ലല്ലോ.
[14] ഇച്ഛിയ്ക്കുന്നവർതന്നെയില്ല; പിന്നെയല്ലേ, അനുഷ്ഠിയ്ക്കുന്നവർ? അങ്ങെത്തിയ്ക്കും – സ്തുതി ഭവാങ്കലണയ്ക്കും.
[15] ഒപ്പം – ശത്രുക്കളെ ഒന്നിച്ച് മേല്പോട്ടു – ഭവാന്റെ അടുക്കലെയ്ക്കു്.
[16] സൂര്യരശ്മിപോലെ – സൂര്യരശ്മികൾ ഭുവനത്തെ പ്രാപിയ്ക്കുന്നതുപോലെ. പ്രിയമേധർ = യജ്ഞതൽപരർ.
[18] അഭിലാഷി = അഭിലാഷമുള്ളവൻ, വിളിയ്ക്കപ്പെടാനിച്ഛിയ്ക്കുന്നവൻ.
[19] അർബുദൻ, മൃഗയൻ – രണ്ടസുരന്മാർ.
[20] നിർഗ്ഗമിപ്പിച്ചു് – പുറത്തെയ്ക്കിറക്കി. ആ കരുത്തു് – വൃത്രവധവീര്യം. സോമാമൃതം = അമൃതുപോലുള്ള സോമനീർ.
[21] കുരയാണപുത്രനായ പാകസ്ഥാമാവു് – കുരയാണെന്റെ മകൻ, പാകസ്ഥാമാവെന്ന രാജാവു്. എല്ലാറ്റിലും സർവധനങ്ങളിലും. തിളങ്ങുന്നതു് – ഉജ്ജ്വലമായ ധനം.
[23] ആ ഒരശ്വത്താൽ വഹിയ്ക്കപ്പെടുന്നതിനെ വഹിപ്പാൻ പത്തു കുതിരകൾ വേണം! ധുരന്ധരങ്ങൾ – ഭാരം ചുമക്കുന്ന അശ്വങ്ങൾ. തുഗ്രപുത്രനെ – സമുദ്രത്തിൽ എറിയപ്പെട്ട ഭുജ്യുവിനെ.
[24] നാലാമനായ – തന്റെ മുതുമുത്തച്ഛൻ, മുത്തച്ഛൻ, അച്ഛൻ എന്നീ മൂന്നുപേർപോലെതന്നെ സുചരിതനായ.