കണ്വഗോത്രൻ ദേവാതിഥി ഋഷി; ബൃഹതിയും സതോബൃഹതിയും പുരഉഷ്ണിക്കും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
ഇന്ദ്ര, കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ആളുകൾ അങ്ങയെ വിളിയ്ക്കുന്നുണ്ടു്; ശ്രേഷ്ഠ, അത്യന്തം കീഴമർത്തുന്നവനേ, എന്നാലും, ഭവാൻ ആൾക്കാരാൽ തുലോം സ്തുതിയ്ക്കപ്പെട്ടിട്ടു്, അനുപുത്രങ്കലും തുർവശങ്കലും എഴുന്നള്ളി!1
ഇന്ദ്ര, അവിടുന്നു് രുമൻ,രുശമൻ, ശ്യാവകൻ, കൃപൻ എന്നിവരുടെ അടുക്കൽ മത്തടിയ്ക്കുയായിരിയ്ക്കാം; എന്നാലും, അങ്ങയെ സ്തോത്രം ചൊല്ലുന്ന കണ്വന്മാർ മന്ത്രംകൊണ്ടു വരുത്തുന്നു. ഇന്ദ്ര, വന്നെത്തിയാലും!2
ഒരു ദാഹം പൂണ്ട ഗൗരമൃഗം വെള്ളം നിറഞ്ഞ തടാകത്തിലെയ്ക്കു പോകുന്നതെപ്രകാരമോ, അപ്രകാരം അവിടുന്നു, ബന്ധുത്വം പൂണ്ടു, ഞങ്ങളുടെ അടുക്കലെയ്ക്കു വെക്കം വന്നാലും: കണ്വരിൽ, ഒന്നിച്ചു വഴിപോലെ പാനംചെയ്താലും!3
ഇന്ദ്ര, മഘവാവേ, സോമം അങ്ങയെ, പിഴിഞ്ഞവന്നു ധനം കൊടുക്കാൻ ഇമ്പപ്പെടുത്തട്ടെ: ഇരുപലകകൾകൊണ്ടു പിഴിഞ്ഞതു കട്ടുകുടിച്ചുവല്ലോ, ഭവാൻ; അതുനിമിത്തം, മികച്ച ബലം അവിടുന്നു വഹിയ്ക്കുന്നു!4
അദ്ദേഹം വീരകർമ്മത്താൽ കീഴമർത്തു; കരുത്തുകൊണ്ടു് അരിശം കൊടുത്തു. മഹാനായ ഇന്ദ്ര, പടയ്ക്കേറ്റവരെയെല്ലാം അവിടുന്നു വൃക്ഷങ്ങളെപ്പോലെ അടക്കിനിർത്തി!5
ആർ സ്തുതി ഭവാന്നയയ്ക്കുമോ, അവൻ, ഒരായിരം പോരാളികളോടു് ചേർന്നവനെപ്പോലെയാവും; ആർ സ്തോത്രം ചൊല്ലിക്കൊണ്ടു ഹവിസ്സർപ്പിയ്ക്കുമോ, അവന്നു യുദ്ധത്തിൽ ശത്രുക്കളെപ്പോക്കുന്നവൻ പിറക്കും!6
ബലിഷ്ഠനായ ഭവാന്റെ സഖ്യമുണ്ടായാൽ, ഞങ്ങൾക്കു പിന്നെ ഭയം വേണ്ടാ, തളർച്ച വേണ്ടാ; പ്രശംസനീയമാണു്, വൃക്ഷാവായ ഭവാന്റെ മഹാകർമ്മം; തുർവശനെയും യദുവിനെയും ഞങ്ങൾ കണ്ടിട്ടുണ്ടു്!7
വൃക്ഷാവ് ഇടത്തേ ആസനംകൊണ്ടു (ഭുവനത്തെ) മറയ്ക്കുന്നു. മുറിവുപെടുത്തുന്നവൻ ഇദ്ദേഹത്തെ പീഢിപ്പിയ്ക്കില്ല. തേൻപോലെയുള്ള മധുരദ്രവ്യം ചേർത്തിരിയ്ക്കുന്നു, സോമത്തിൽ: അങ്ങ് വെക്കം വരിക; ഒന്നോടുക; കുടിയ്ക്കുക!8
ഇന്ദ്ര, അങ്ങയുടെ സഖാവ് എന്നെന്നും അശ്വ – രഥ – ഗോക്കളോടുകൂടിയവനും സുന്ദരാംഗനുമായിത്തീരും; ധനത്തോടും അന്നത്തോടും ചേരും; ആഹ്ലാദകനായി സഭയിൽ ചെല്ലും!9
മഘവാവേ, അങ്ങ്, ദാഹമുള്ള ഒരു മരമാൻപോലെ, പാത്രങ്ങളിൽ കൊണ്ടുവന്നിട്ടുള്ള സോമത്തിന്റെ അടുക്കൽ വന്നാലും: വേണ്ടുവോളം കുടിച്ചാലും. ഇതുകൊണ്ടാണല്ലോ, അവിടുന്നു നാളിൽ നാളിൽ മഴപെയ്യിയ്ക്കുന്നതും മഹത്തരമായ ബലം നേടുന്നതും!10
അധ്വര്യോ, ഭവാൻ സോമം പിഴിയുക, ഇന്ദ്രന്നു കുടിപ്പാൻ: വൃക്ഷാക്കളായ ഹരികളെ പൂട്ടിയിരിയ്ക്കും; വൃത്രഘ്നൻ വരികയുമായി!11
നിന്തിരുവടി ആരിൽ സോമംകൊണ്ടു സംതൃപ്തനാകുമോ, ആ ഹവിർദ്ദാതാവ് സ്വയം അറിയും. ഇതാ, അങ്ങയ്ക്കു യോഗ്യമായ അന്നം പകർന്നുവെച്ചിരിയ്ക്കുന്നു: അതിങ്കൽ വരിക, ഓടുക; കുടിയ്ക്കുക!12
അധ്വര്യുക്കളേ, നിങ്ങൾ തേരിലിരിയ്ക്കുന്ന ഇന്ദ്രന്ന്, അമ്മിമേൽ വെച്ച അമ്മിക്കുഴകൾകൊണ്ടു് സോമം പിഴിയുവിൻ: യജ്ഞസാധനം പിഴിയുന്ന ഇവ വിശേഷേണ വിളങ്ങുന്നു!13
അന്തരിക്ഷത്തിൽ നടക്കുന്ന വൃഷാക്കളായ ഹരികൾ ഇന്ദ്രനെ കർമ്മങ്ങളിൽ കൊണ്ടുവരട്ടെ – (മറ്റു)യജ്ഞസേവികളായ കുതിരകളും അങ്ങയെ സവനങ്ങൾക്ക് ഇങ്ങോട്ടു കൊണ്ടുവരട്ടെ!14
പുരുവിത്തനായ പൂഷാവിനെ ഞങ്ങൽ സഖ്യത്തിന്നായി ഭജിയ്ക്കുന്നു: ശക്ര, പുരുഹൂത, വിമോചക, ആ നിന്തിരുവടി ഞങ്ങളെ ബുദ്ധികൊണ്ടു ധനത്തിനും (ശത്രു) നിഗ്രഹത്തിന്നും ശക്തരാക്കിയാലും!15
വിമോചക, അങ്ങ് ഞങ്ങൾക്കു, ക്ഷൗരക്കത്തിയ്ക്കെന്നപോലെ മൂർച്ച വരുത്തിയാലും; സമ്പത്തും തന്നാലും. അങ്ങയുടെ പക്കലാണ്, ഞങ്ങൾക്കു് എളുപ്പത്തിൽക്കിട്ടാവുന്ന ഗോധനം: ഇതു ഭവാൻ മനുഷ്യന്നയയ്ക്കാറുണ്ടല്ലോ!16
തേജസ്സുപൂണ്ട പുഷാവേ, ഞാൻ അങ്ങയെ ചമയിയ്ക്കാനാഗ്രഹിയ്ക്കുന്നു, സ്തുതിയ്ക്കാനാഗ്രഹിയ്ക്കുന്നു. വസോ, സ്തോത്രങ്ങൾ സംഭരിച്ചു സ്തുതിയ്ക്കുന്ന സാമവാന്നു സുഖം നല്കാത്തവനെ സ്തുതിപ്പാൻ ഞാനാഗ്രഹിയ്ക്കുന്നില്ല!17
തേജസ്സു പൂണ്ട പൂഷാവേ, ദേവ, പൈക്കൾ വല്ലപ്പോഴും പുല്ലുതേടി പോയേയ്ക്കും; ആ ധനം നിലനില്ക്കേണമേ! അവിടുന്നു ഞങ്ങളെ രക്ഷിച്ചു, സുഖപ്പെടുത്തണം; അന്നം ധാരാളം തരണം!18
വിളങ്ങുന്ന സുഭഗനായ കുരുംഗരാജാവിന്റെ യാഗദാനാവസരത്തിൽ, ഞങ്ങൾക്ക് ആളുകളിൽവെച്ച്, ഒരു നൂറശ്വങ്ങളോടുകൂടിയ വളരെദ്ധനം കിട്ടി.19
ഹവിഷ്മാനായ കണ്വപുത്രന്റെ സ്തോതാക്കളും, തേജസ്സിയന്ന പ്രിയമേധരും വാങ്ങിയപോലെ, ഋഷിയായ ഞാനും അറുപതിനായിരം പരിശുദ്ധഗോക്കളെ മുഴുവൻ പ്രതിഗ്രഹിച്ചു.20
എനിയ്ക്കു കിട്ടിയപ്പോൾ വൃക്ഷങ്ങളും പിറുപിറുത്തു: – ‘ഇവർക്കു മികച്ച ഗോക്കളെ കിട്ടി; ഇവർക്കു മികച്ച കുതിരകളെ കിട്ടു!’21
[1] കീഴമർത്തുന്നവനേ – ശത്രുക്കളെ. ആൾക്കാരാൽ – അനുവിന്റെ പുത്രൻ, തുർവശൻ എന്നീ രാജാക്കന്മാരുടെ സ്തോതാക്കളാൽ.
[2] രുമൻ മുതലായ നാലുപേരും രാജാക്കന്മാരത്രേ. മത്തടിയ്ക്കുകയയിരിയ്ക്കാം – സോമം കുടിച്ചു്.
[3] കണ്വരിൽ – കണ്വപുത്രന്മാരുടെ ഇടയിൽ.
[4] കട്ടു: ഇക്കഥ മുമ്പുണ്ടു്.
[5] ആദ്യഭാഗം പരോക്ഷകഥനം: കീഴമർത്തു – ശത്രുക്കളെ. അരിശം – ശത്രുക്കളുടെ. വൃക്ഷങ്ങളെപ്പോലെ – നിശ്ചലനാക്കി.
[6] പോക്കുന്നവൻ – ആട്ടിപ്പായിയ്ക്കുന്ന പുത്രൻ.
[7] ഭയം വേണ്ടാ – ഭയപ്പെടേണ്ടിവരില്ല. തുർവശനും യദുവും ഭവൽ പ്രസാദംമൂലം എത്ര സുഖത്തിലിരിയ്ക്കുന്നു!
[8] മുറിവുപെടുത്തുന്നവൻ – യുദ്ധവിദഗ്ദ്ധൻ; ഒരു പോരാളിയും ആളാകില്ല, ഇന്ദ്രനെ പീഢിപ്പിയ്ക്കാൻ. മധുരദ്രവ്യം – കുറുക്കിയ പാലും മറ്റും.
[9] സഖാവ് – സഖ്യം ലഭിച്ചവൻ.
[10] ദാഹമുള്ള ഒരു മരമാൻപോലെ – മരമാൻ തടാകത്തിൽ ചെല്ലുന്നതുപോലെ. ഇതു – സോമപാനം.
[12] സ്വയം അറിയും – പരാപേക്ഷകൂടാതെ എല്ലാം മനസ്സിലാക്കും. അന്നം – സോമം.
[13] ഇവ – അമ്മിയും അമ്മിക്കുഴയും.
[14] കർമ്മങ്ങളിൽ – നമ്മുടെ, അടുത്ത വാക്യം പ്രത്യക്ഷം: യജ്ഞസേവികൾ = യജ്ഞത്തിൽ ചെല്ലുന്നവ.
[15] ഇതുമുതൽ നാലൃക്കുകൾ പൂഷാവിനേയും ഇന്ദ്രനെയും പരാമർശിയ്ക്കുന്നവയത്രേ: പുഷാവ് = പുഷാവെന്ന ദേവൻ; ഇന്ദ്രപക്ഷത്തിൽ പോഷകൻ. ശക്ര – ശക്ത. പുരുഹൂത = വളരെ ആളുകളാൽ വിളിയ്ക്കപ്പെട്ടവനേ. വിമോചക – പാപത്തിൽനിന്നു മോചിപ്പിയ്ക്കുന്നവനേ.
[16] ഇതു – ഗോധനം. മനുഷ്യന്ന് – സ്തുതിയ്ക്കുന്ന മനുഷ്യന്ന്.
[17] സ്തുതിയ്ക്കുന്ന സാമജ്ഞന്നു സുഖം നല്കാൻ ഭവാനേ ഉള്ളൂ; അതിനാൽ, ഞാൻ മറ്റൊരു ദേവനെ സ്തുതിപ്പാനാഗ്രഹിയ്ക്കുന്നില്ല.
[18] പൈക്കൾ – ഞങ്ങളുടെ. ആ ധനം നിലനില്ക്കേണമേ – പൈക്കളെ പുലികൾ പിടിയ്ക്കുകയും മറ്റും ചെയ്യാതെ നോക്കണമേ.
[19] ഋഷി മൂന്നൃക്കുകൾകൊണ്ടു കുരുംഗരാജാവിന്റെ ദാനത്തെ സ്തുതിയ്ക്കുന്നു: യാഗദാനം – ദക്ഷിണ.
[20] കണ്വപുത്രൻ – മേധാതിഥി. പ്രിയമേധർ – പ്രിയമേധനും, കൂട്ടരും. ഇവർക്കും കുരുംഗൻ കൊടുക്കുകയുണ്ടായി. പ്രതിഗ്രഹിച്ചു – സ്വീകരിച്ചു.
[21] ഇവർ – ദേവാതിഥി മുതലായ ഋഷികൾ. ‘നമുക്കൊന്നും കിട്ടിയില്ല’ എന്നു വൃക്ഷങ്ങൾപോലും പിറുപിറുത്തു – ഇലകളുടെ മർമ്മശബ്ദമാണു്. ഈ പിറുപിറുക്കൽ.