കണ്വഗോത്രൻ ബ്രഹ്മാതിഥി ഋഷി; ഗായത്രിയും ബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.
ദൂരത്തുനിന്നു്, ഇവിടെയുള്ളവൾപോലെ, യാതൊരു ഭാസുരാംഗി വെണ്മ വരുത്തിയോ – വെളിച്ചം വിവിധമായി പരത്തിയോ; 1
ആ ഉഷസ്സിനെ, ദസ്രരായ അശ്വികളേ, നിങ്ങൾ നേതാക്കളെന്നപോലെ, മനസ്സുകൊണ്ടൂ പൂട്ടുന്ന തേജസ്സേറിയ തേരിലൂടേ വഴിപൊലെ പ്രാപിയ്ക്കുന്നു!2
അന്നധനാന്വിതന്മാരേ, നോക്കുവിൻ, നിങ്ങൾക്കുള്ള സ്തോത്രങ്ങൾ: ഞാൻ സ്തുതി, ഒരു ദൂതൻപോല കൊണ്ടുവരുന്നു!3
വളരെപ്പേർക്കു പ്രിയപ്പെട്ട, വളരെ മത്തടിയ്ക്കുന്ന, വളരെദ്ധനമുള്ള അശ്വികളേ, ഞങ്ങളുടെ രക്ഷണത്തിന്നു കണ്വന്മാർ സ്തുതിയ്ക്കുന്നു.4
പൂജനീയരേ, ബലം തുലോം നല്കുന്നവരേ, അന്നദാതാക്കളേ, ധനത്തിന്റെ ഉടമസ്ഥരേ, ഹവിർദ്ദാതാവിന്റെ ഗൃഹത്തിൽ ഗമിയ്ക്കുന്നവരേ, 5
ആ നിങ്ങൾ ദേവകളെ യജിയ്ക്കുന്ന ഹവിഷ്പ്രദന്നുവേണ്ടി, നല്ല യജ്ഞത്തോടുകൂടിയതും നിരപായവുമായ പൈമേച്ചിൽനിലം വെള്ളംകൊണ്ടു നനച്ചാലും!6
അശ്വികളേ, നിങ്ങൾ പരുന്തുകൾക്കൊപ്പം പറക്കുന്ന കുതിരകളിലൂടേ ഞങ്ങളുടെ സ്തോത്രത്തിൽ ശീഘ്രം വന്നെത്തുവിൻ:7
ഇവയിലൂടെയാണല്ലോ, നിങ്ങൾ ദൂരത്തുനിന്നു് എല്ലാ നക്ഷത്രങ്ങളിലും മൂന്നു പകലും മൂന്നു രാവും മുഴുവൻ ചുറ്റിനടക്കാറുള്ളതു്!8
പ്രാതഃസ്തുത്യരേ, നിങ്ങൾ ഞങ്ങൾക്കു ഗോക്കളെയും, അന്നവും സമ്പത്തും തരുവിൻ; ലാഭമാർഗ്ഗങ്ങൾ തുറന്നിടുവിൻ!9
അശ്വികളെ, നിങ്ങൾ ഞങ്ങൾക്കു ഗോക്കൾ, അശ്വങ്ങൾ, നല്ല തേരുകൾ, നല്ല പുത്രന്മാർ എന്നിവയോടുകൂടിയ സമ്പത്തും അന്നവും കൊണ്ടുവരുവിൻ!10
മോടിയുടെ ഉടമസ്ഥരായ ദസ്രരേ, പൊന്നിൻതേരുള്ള പ്രവൃദ്ധരായ നിങ്ങൾ സോമമധു നുകർന്നാലും!11
അന്നധനാന്വിതന്മാരേ, നിങ്ങൾ ഹവിസ്സമ്പന്നരായ ഞങ്ങൾക്ക് എമ്പാടും വിശാലമായി അധൃഷ്യമായ ഗൃഹം തന്നാലും!12
ആളുകളുടെ സ്തോത്രത്തിൽ ചെല്ലാറുള്ളവരാണല്ലോ, നിങ്ങൾ: വെക്കം വരുവിൻ; അന്യരുടെ അടുക്കലെയ്ക്കു പോകരുതു്!13
സ്തുത്യർഹരായ അശ്വികളേ, ഈ തന്ന മദകരവും മനോജ്ഞവുമായ മധു നുകർന്നാലും!14
എല്ലാരെയും പുലർത്തത്തക്ക, ബഹുസ്തുത്യമായ, നൂറുമായിരവും ധനം നിങ്ങൾ ഞങ്ങൾക്കു കൊണ്ടുവരുവിൻ!15
നേതാക്കളേ, അശ്വികളേ, നിങ്ങളെ വളരെയിടങ്ങളിൽ മനീഷികൾ വിളിയ്ക്കുന്നുണ്ടാവും; എന്നാലും, നിങ്ങൾ കുതിരകളിലൂടെ വരുവിൻ!16
അശ്വികളേ,ആളുകൾ ദർഭ മുറിച്ചു, ഹവിസ്സൊരുക്കി, വട്ടമെല്ലാം കൂട്ടി നിങ്ങളെ വിളിയ്ക്കുന്നു!17
അശ്വികളേ, ഇപ്പോൾ ഞങ്ങളുടെ ഈ സ്തോത്രം നിങ്ങളെ കൊണ്ടുവരാൻ നിങ്ങളുടെ തൊട്ടടുക്കലെത്തട്ടെ!18
അശ്വികളേ, നിങ്ങളുടെ തേരിൽ വെച്ചിട്ടുണ്ടല്ലോ, ഒരു മധുത്തോൽത്തുരുത്തി; അതിൽനിന്നു കുടിയ്ക്കുവിൻ!19
അന്നധനാന്വിതന്മാരേ, ഞങ്ങളുടെ നാല്കാലികൾക്കും മക്കൾക്കും പൈക്കൾക്കും സുഖമുളവാകുമാറു, നിങ്ങൾ ഒരുപാടന്നം അതിൽ കൊണ്ടുവന്നാലും!20
പ്രാതഃസ്തുത്യരേ, നിങ്ങൾ ഞങ്ങൾക്കു വാനിലെ അന്നം ഒരു തുളയിലൂടെയെന്നപോലെ പൊഴിയ്ക്കുവിൻ; നദികൾ നിർമ്മിയ്ക്കുവിൻ!21
നേതാക്കളേ, നിങ്ങളെ കടലിലെറിയപ്പെട്ട തുഗ്രപുത്രൻ എപ്പോൾ സ്തുതിച്ചു? നിങ്ങളുടെ കുതിരത്തേർ ചെന്നപ്പോൾ!22
നാസത്യരേ, നിങ്ങൾ മേടയിൽ പീഡിതനായ കണ്വന്നു വളരെ രക്ഷകൾ കൊടുക്കുകയുണ്ടായല്ലോ;23
വർഷണധനന്മാരേ, ആ സുപ്രശസ്തങ്ങളായ നവീനരക്ഷകളോടേ വന്നെത്തുവിൻ: ഞാൻ നിങ്ങളെ വിളിയ്ക്കുന്നുണ്ടല്ലോ; 24
അശ്വികളേ, നിങ്ങൾ കണ്വനെയും, പ്രിയമേധനെയും, ഉപസ്തുതനെയും, സ്തുതിച്ച അത്രിയെയും രക്ഷിച്ചുവല്ലോ;25
ധനമിച്ഛിച്ച അംശുവിനെയും ഗോകാംക്ഷിയായ അഗസ്ത്യനെയും അനൈഷിയായ സോഭരിയെയും നിങ്ങൾ രക്ഷിച്ചുവല്ലോ;26
വർഷണധനന്മാരേ, അശ്വികളേ, അത്രയ്ക്കോ അതിലുമധികമോ സുഖം നിങ്ങളോടു് ഞങ്ങൾ സ്തുതിച്ചു യാചിയ്ക്കുന്നു.27
അശ്വികളേ, പൊന്നിൻനുകത്തണ്ടും പൊന്നിൻ കടിഞ്ഞാണുമുള്ള, വാനിലുരുമ്മുന്ന തേരിലാണല്ലോ, നിങ്ങൾ ഇരിയ്ക്കാറുള്ളതു്!28
നിങ്ങളുടെ ഇരുപ്പടി പൊന്നുകൊണ്ടു്, അച്ചുതണ്ടു് പൊന്നുകൊണ്ടു്, ഇരുചക്രങ്ങൾ പൊന്നുകൊണ്ടു് – 29
അതിലൂടെ, അകലത്തുനിന്നായാലും നിങ്ങൾ ഞങ്ങളിൽ വന്നെത്തുവിൻ; വർഷണധനന്മാരേ, എന്റെ എന്റെ ഈ നല്ല സ്തുതിയെ സമീപിയ്ക്കുവിൻ!30
അശ്വികളേ, അമൃതരേ, നിങ്ങൾ അസുരപുരികളുടച്ചു്, അന്നങ്ങൾ ദൂരത്തുനിന്നു കൊണ്ടുവരണം!31
വളരെപ്പൊന്നുള്ള നാസത്യരായ അശ്വകളേ, നിങ്ങൾ തിളങ്ങുന്ന അന്നങ്ങളോടും യശസ്സുകളോടും കൂടി ഞങ്ങളിൽ വന്നെത്തിയാലും!32
നിങ്ങളെ മെഴുക്കൊലിമെയ്യരായ, പക്ഷികൾക്കൊത്ത കുതിരകൾ ഇവിടെ യജ്ഞം ശരിയ്ക്കനുഷ്ഠിയ്ക്കുന്നവങ്കലെയ്ക്കു കൊണ്ടുവരുമാറാകട്ടെ!33
യാതൊന്നിൽ അന്നം വെച്ചിരിയ്ക്കുന്നുവോ, നിങ്ങളുടെ ആ സ്തുത്യമായ രഥത്തെ സൈന്യം എതിർത്തുപദ്രവിയ്ക്കില്ല!34
നാസത്യരേ, കുതിച്ചോടുന്ന കുതിരകളെപ്പൂട്ടിയ പൊന്നിൻതേരിലൂടേ നിങ്ങൾ മനോവേഗേന വന്നാലും!35
വർഷണധനന്മാരേ, നിങ്ങൾ ഉണർവുറ്റ മൃഗനെ നിഹനിച്ചുവല്ലോ; ആ നിങ്ങൾ ഞങ്ങൾക്കു് അന്നവും ധനവും കിട്ടിയ്ക്കുവിൻ!36
അശ്വികളേ, ആ നിങ്ങൾ എനിയ്ക്കു പുതിയ ധനം തരുവിയ്ക്കുവിൻ: ചേദിപുത്രൻ കശു നൂറൊട്ടകങ്ങളെയും പതിനായിരം പൈക്കളെയും തരികയുണ്ടായല്ലോ!37
ഇദ്ദേഹം എനിയ്ക്കു പൊന്നൊളിതിരണ്ട പത്തരചന്മാരെ ദാസരാക്കിത്തന്നു: ചൈദ്യന്റെ കാല്ക്കീഴിലാണ്, പ്രജകൾ; ആളുകൾ പരക്കെ പയറ്റുള്ളവരുമാണു്!38
ആരും ആളാവില്ല, ഈ ചേദികൾ പോകുന്ന വഴിയിലൂടെ നടക്കാൻ: മറ്റൊരാളില്ല, ഇത്ര വളരെ അറിഞ്ഞുകൊടുക്കാൻ!39
[2] ആ ഉഷസ്സിനെ പ്രാപിയ്ക്കുന്നു – ഉഷസ്സുദിപ്പിന്നുശേഷമാണല്ലോ അശ്വികളെ സ്തുതിയ്ക്കുക.
[3] അന്നധനാന്വിതന്മാരേ – സ്തോതാക്കൾക്കു കൊടുപ്പാൻ അന്നവും ധനവുമെടുത്തവരേ. ദൂതൻപോലെ – ദൂതൻ സ്വാമിയുടെ ആജ്ഞ കൊണ്ടുവരുന്നതുപോലെ.
[4] കണ്വന്മാർ – കണ്വഗോത്രന്മാർ. സ്തുതിയ്ക്കുന്നു – നിങ്ങളെ.
[6] നല്ല യജ്ഞത്തോടുകൂടിയതും – പൈക്കളുടെ പുഷ്ടിയാലാണല്ലോ, യാഗം നടക്കുന്നതു്.
[7] പറക്കുന്ന – പായുന്ന.
[8] ഇവ – മുകളിൽപ്പറഞ്ഞ കുതിരകൾ.
[14] തന്ന – ഞങ്ങൾ തന്ന. മധു – മധുരസോമം.
[19] മധുത്തോൽത്തുരുത്തി – ഞങ്ങൾ തന്ന സോമനീർ നിറച്ച തോൽത്തുരുത്തി.
[20] അതിൽ – തേരിൽ.
[21] വാനിലെ അന്നം – മഴവെള്ളം.
[22] എപ്പോൾ സ്തുതിച്ചു എന്ന ചോദ്യത്തിന്റെ മറുപടിയാണ് അടുത്ത വാക്യം.
[23] ഈ കഥ ഒന്നാംമണ്ഡലത്തിലുണ്ട്: പീഡിതൻ – അസുരന്മാരാൽ കണ്വൻ – ഋഷി.
[25] ഉപസ്തുതൻ – ഋഷിതന്നെ.
[27] അത്രയ്ക്കു് – അവർക്കു നിങ്ങളിൽ നിന്നു കിട്ടിയേടത്തോളം.
[28] വാനിലുരുമ്മുന്ന – അത്യുന്നമായ.
[30] അതിലൂടെ – അത്തേരിൽക്കേറി.
[31] അമൃതർ – മരണരഹിതർ.
[33] മെഴുക്കൊലിമെയ്യർ – മെഴുക്കൊലിയ്ക്കുന്നതായി തോന്നുന്ന, അത്ര സ്നിഗ്ദ്ധമായ ഉടലോടുകൂടിയവ.
[34] സൈന്യം – ഏതൊരു ശത്രുസേനയും.
[36] ഉണർവുറ്റ – കൃത്യങ്ങളിൽ അമാന്തിയ്ക്കാത്ത. മൃഗൻ – ഒരസുരൻ.
[37] ചേദിയുടെ മകൻ കശു എന്ന രാജാവു തന്നതു, നിങ്ങളുടെ പ്രേരണയാലാണല്ലോ; വീണ്ടും പുതിയ ധനങ്ങൾ മറ്റു ധനവാന്മാരെക്കൊണ്ടു തരുവിയ്ക്കുവിൻ.
[38] ഇദ്ദേഹം – കശു. ചൈദ്യൻ = ചേദിപുത്രൻ.
[39] ചേദികൾ – കശുവിന്റെ അച്ഛൻ മുതലായവർ.