അശ്വപുത്രൻ വശൻ ഋഷി; പാദനീചൃത്തും ഗായത്രിയും കകുപ്പും ബൃഹതിയും അനുഷ്ടുപ്പും സതോബൃഹതിയും ദ്വിപദാജഗതിയും പിപീലികമധ്യാബൃഹതിയും കകുമ്ന്യങ്കശിരയും വിരാട്ടും ജഗതിയും ഉപരിഷ്ടാദ്ബൃഹതിയും പംക്തിയും ഉഷ്ണിക്കും ഛന്ദസ്സുകൾ; ഇന്ദ്രനും വായുവും ദേവത.
ബഹുധന, മികച്ച നേതാവേ, ഹരിസ്ഥിത, ഇന്ദ്ര, നിന്തിരുവടിയുടെയാകുന്നു, ഞങ്ങൾ!1
വജ്രിൻ, നിന്തിരുവടി തീർച്ചയായും അന്നദാതാവാണെന്നു ഞങ്ങൾക്കറിയാം; ധനദാതാവാണെന്നും ഞങ്ങൾക്കറിയാം!2
ശതരക്ഷ, ശതക്രതോ, നിന്തിരുവടിയുടെ മഹിമാവിനെ പാടിപ്പുകഴ്ത്തുന്നുണ്ടല്ലോ, സ്തോതാക്കൾ!3
ആരെ അദ്രോഹികളായ മരുത്തുക്കൾ, ആരെ അര്യമാവ്, ആരെ മിത്രൻ രക്ഷിയ്ക്കുമോ, ആ മനുഷ്യൻ സുയജ്ഞനാകുമല്ലോ!4
ആദിത്യരാൽ അനുഗ്രഹിയ്ക്കപ്പെട്ടവന്നു ഗോക്കളും അശ്വങ്ങളും സുവീര്യരും ഉണ്ടായിവരും; അവൻ ബഹുകാമ്യമായ സമ്പത്തിനാൽ സദാ വർദ്ധിയ്ക്കും!5
ഭയമെന്നിയേ ബലം പ്രയോഗിയ്ക്കുന്ന ആ ഇന്ദ്രനോടു ഞങ്ങൾ ധനം യാചിയ്ക്കുന്നു – സ്വാമിയോടു സമ്പത്തു യാചിയ്ക്കുന്നു.6
തന്റെ കൂടെയുണ്ടല്ലോ, നിർഭയകളായ രക്ഷകളെല്ലാം: ആ ബഹുധനനെ മത്തുപിടിപ്പിയ്ക്കാൻ, ഹരികളെന്ന കുതിരകൾ സോമത്തിലെയ്ക്കു കൊണ്ടുവരട്ടെ!7
ഇന്ദ്ര, വരണീയവും, ശത്രുക്കളെ തുലോം ഹനിയ്ക്കുന്നതും, അവരിൽനിന്നു സ്വത്തടക്കുന്നതും, യുദ്ധങ്ങളിൽ ദുസ്തരവുമാണല്ലോ, അങ്ങയുടെ മത്തു്!8
വിശ്വവരണീയ, മഹാബല, വസോ, യുദ്ധങ്ങളിൽ ദുസ്തരനും, മറുകരയണയ്ക്കുന്നവനും, സ്തുത്യനുമായ നിന്തിരുവടി ഞങ്ങളുടെ സവനങ്ങളിൽ എഴുന്നള്ളിയാലും: ഞങ്ങൾക്കു് ഒരു പൈത്തൊഴുത്തു കിട്ടുമാറാകട്ടെ!9
മഹാധന, അങ്ങ് മുമ്പേത്തെപ്പോലെ ഞങ്ങൾക്കു ഗോക്കളെയും അശ്വങ്ങളെയും തേരുകളും തരാൻ വന്നുചേർന്നാലും!10
ശൂര, അങ്ങയുടെ ധനത്തിന്റെ അറ്റം സത്യമായും ഞാൻ കണ്ടെത്തിയിട്ടില്ല: മഘവാവേ, വജ്രിൻ, അവിടുന്നു ഇപ്പോൾത്തന്നെ തരിക; ഞങ്ങളുടെ കർമ്മങ്ങൾ അന്നംകൊണ്ടു രക്ഷിച്ചാലും!11
സഖാക്കളാൽ കേൾപ്പിയ്ക്കുപ്പെടുന്ന, പുരുസ്തുതനായ യാതൊരു ദർശനീയൻ എല്ലാപ്പിറവികളും അറിയുന്നുവോ; ആ ബലവാനായ ഇന്ദ്രനെ മനുഷ്യയുഗങ്ങളിൽ എല്ലാവരും സ്രുക്കെടുത്തു വിളിയ്ക്കുന്നു!12
ആ ബഹുധനനായ, മഘവാവായ വൃത്രഹന്തവു യുദ്ധങ്ങളിൽ നമ്മെ രക്ഷിപ്പാൻ മുമ്പിൽ നില്ക്കട്ടെ! 13
സോമലഹരിയിൽ വീരനായി കുമ്പിടുവിയ്ക്കന്ന, വിശിഷ്ടപ്രജ്ഞനായ, സ്തോതവ്യനായ, ശക്തനായ ഇന്ദ്രനെക്കുറിച്ചു നിങ്ങൾ തോന്നലിനൊത്തു വലിയ സ്തുതി പാടുവിൻ!14
പുരുഹൂത, അവിടുന്നു് ഇപ്പോൾത്തന്നേ പൊറുപ്പാൻ മുതൽ തരിക; സ്വത്തു തരിക; യുദ്ധങ്ങളിൽ അന്നവും തരിക!15
സർവസമ്പത്തുകളുടെയും സ്വാമിയാണു്, ഭവാൻ; ഈ തടുത്തു പൊരുതുന്നവനെ കീഴമർത്തുക. ഇനിയും (സ്വത്തുതരിക)!16
മഹാനായ നിന്തിരുവടിയുടെ ആഗമനം ഞാനിച്ഛിയ്ക്കുന്നു: ഗമനശീലനായ പൂർണ്ണഗമനനായ വൃഷാവിനെ ഞങ്ങൾ യജിച്ചു സ്തുതിയ്ക്കുന്നു. സർവ്വമനുഷ്യരാലും യജിയ്ക്കപ്പെടുന്നവനാണല്ലോ, മരുത്ത്വാനായ ഭവാൻ; അങ്ങയെ ഞാൻ വണങ്ങി വാഴ്ത്തിപ്പാടുന്നു.17
യാവചിലർ ബലകരമായ മേഘജലത്തോടുകൂടി പറക്കുന്നുവോ, ആ ഗഭീരനിനദന്മാരെ ഞങ്ങൾ യജിയ്ക്കുന്നു – ആ ചീറ്റിയിരമ്പുന്നവർക്കു ഞങ്ങൾ യജ്ഞത്തിൽ ഹവിസ്സൊരുക്കുന്നു.18
ദുഷ്ടമർദ്ദന, ബലവാനേ, ഇന്ദ്ര, നിന്തിരുവടി ഞങ്ങൾക്കു് തക്കതു കൊണ്ടുവന്നാലും: ഉദാരമതേ, ഉദാരമതേ, മികച്ച ധനം!19
വീതിയ്ക്കുന്നവനേ, വഴിപോലെ വീതിയ്ക്കുന്നവനേ, ഉഗ്ര, പൂജനീയ, മികച്ച ജ്ഞാനദാതാവേ, സത്യാത്മൻ, കീഴമർത്തുന്നവനേ, ചക്രവർത്തിൻ, അവിടുന്നു യുദ്ധങ്ങളിൽ ചെറുക്കാനും പൊറുക്കാനും പോന്ന പ്രധാനധനം (കൊണ്ടുവന്നാലും)!20
‘ഒരു ദേവനല്ലാത്ത വശൻ തികഞ്ഞ ജംഗമസ്വത്തു വാങ്ങിയല്ലോ – കനീതപുത്രനായ പൃഥുശ്രവസ്സിങ്കൽനിന്ന് ഇന്നു കാലത്തു വാങ്ങിയല്ലോ; ആ അശ്വപുത്രൻ വന്നെത്തട്ടെ!21
‘എഴുപതിനായിരം കുതിരകൾ, രണ്ടായിരം ഒട്ടകങ്ങൾ, ആയിരം കറുത്ത പെൺകുതിരകൾ, ഒരുലക്ഷം മൂന്നിടം മിന്നുന്ന പൈക്കൾ എന്നിവ എനിയ്ക്കു കിട്ടി!22
ഊക്കിൽപ്പായുന്ന, കരുത്തുള്ള, മെതിയ്ക്കുന്ന പത്തു കരിംകുതിരകൾ തേർവട്ടുരുട്ടുന്നു!23
ശോഭനധനനായ കനീതപുത്രൻ പൃഥുശ്രവസ്സിന്റെ ദാനമാണിതൊക്കെ: ഒരു കനകത്തേരും തന്നു്, ആ പെരിയ ദാതാവായ പ്രാജ്ഞൻ വളരെകീർത്തി നേടിയിരിയ്ക്കുന്നു!24
വായോ, അങ്ങ് മഹത്തായ സ്വത്തും മഹനീയമായ കരുത്തും തരാൻ ഞങ്ങളിൽ വന്നാലും: വളരെക്കൊടുക്കുന്ന, വലുതു കൊടുക്കുന്ന ഭവാനെ ഞങ്ങൾ ഉടനടി പൂജിയ്ക്കുമല്ലോ!25
ആർ കുതിരകളാലും ആയിരത്തിനാനൂറ്റെഴുപതു ഗോക്കളാലും വഹിയ്ക്കപ്പെടുന്നുവോ; അദ്ദേഹം ഇതാ, സോമം പിഴിയുന്നവരോടുകൂടി, സോമം കുടിയ്ക്കുന്നവനേ, – അരിച്ചു തിളങ്ങുന്ന സോമം കുടിയ്ക്കുന്നവനേ, – സോമം തരാൻ തുടങ്ങുന്നു!26
ആർ എനിയ്ക്കു് ഈ വിവിധദാനം ചെയ്യുന്നതിൽ സ്വയം ഇമ്പപ്പെട്ടുവോ; ആ സുയജ്ഞൻ സുകൃതത്തിനായി അരട്വനോടും അക്ഷനോടും നഹുഷനോടും കല്പിച്ചു!27
വായോ, ഉചത്ഥ്യനെക്കാളും വപുസ്സിനെക്കാളും മീതെയാണു്, ഈ നെയ്യു പോലെ പരിശുദ്ധനായ രാജാവു്. ഇതാ,കുതിരകളും ഒട്ടകങ്ങളും നായ്ക്കളും ചുമന്നു കൊണ്ടുവന്ന ആ അന്നം!28
ആ പ്രദാതാവിന്നു പ്രിയപ്പെട്ട അറുപതുനായിരം കുതിരകളെപ്പോലെ, വിത്തുകാളകളെയും എനിയ്ക്കു കിട്ടി!29
ഗോക്കൾ കൂട്ടത്തിലെന്നപോലെ, ഉഴുതുമൂരികളും എങ്കലെത്തി – ഉഴുതുമൂരികളും എങ്കലെത്തി!30
മേച്ചിൽക്കൂട്ടത്തിലെ നൂറൊട്ടകങ്ങൾ, രണ്ടായിരം വെള്ളപൈക്കൾ എന്നിവയും വരുത്തപ്പെട്ടു!31
വളരെയെണ്ണത്തെ പ്രാജ്ഞനായ ഞാൻ അധികൃതനായ ബല്ബൂഥനെന്ന ദാസങ്കൽനിന്നു വാങ്ങി. വായോ, അങ്ങയുടെ ആളുകൾ ഇതാ, ഇന്ദ്രരക്ഷിതരായി ഇമ്പം കൊള്ളുന്നു – ദേവരക്ഷിതനായി ഇമ്പംകൊള്ളുന്നു!32
ആ മഹതിയായ മങ്കയെയും പൊൻപണ്ടങ്ങളണിയിച്ചു്, അശ്വപുത്രനായ വശന്റെ മുമ്പിലെയ്ക്കു കൊണ്ടുവരുന്നുണ്ടു്!33
[1] ഹരിസ്ഥിത – ഹരികളെന്ന അശ്വങ്ങളിലിരിയ്ക്കുന്നവനേ.
[3] ശതരക്ഷ – വളരെ രക്ഷകളുള്ളവനേ.
[5] സുവീര്യർ – നല്ല വീര്യമുള്ള പുത്രന്മാർ.
[11] തരിക – ധനം.
[12] സഖാക്കൾ – ഋത്വിക്കുകൾ. കേൾപ്പിയ്ക്ക – കീർത്തിയ്ക്ക. എല്ലാപ്പിറവികളും – പ്രാണികളുടെയെല്ലാം ഉൽപത്തി. മനുഷ്യയുഗങ്ങളിൽ – എല്ലാക്കാലത്തും. സ്രുക്കെടുത്തു – ഹവിസ്സു ഹോമിപ്പാൻ.
[14] ഉദ്ഗാതാക്കളോടു്:
[18] ഗഭീരനിനദന്മാരെ – മരുത്തുക്കളെ.
[19] തക്കതു് എന്താണു്? മികച്ച ധനം. ഉദാരമതേ എന്ന ആവൃത്തി ആ ഒരാധിക്യത്താലാകുന്നു.
[20] പൊറുക്കാനും – നാൾ കഴിപ്പാനും. പോന്ന – മതിയാവുന്ന.
[21] കനീതപുത്രനായ പൃഥുശ്രവസ്സെന്ന രാജാവിങ്കൽനിന്നു ജംഗമ (ഗോക്കളും മറ്റുമാകുന്ന) സ്വത്തു കിട്ടിയ അശ്വപുത്രൻ വശൻ വന്നെത്തെട്ടെ എന്നു ബന്ധുക്കൾ ആശംസിയ്ക്കുന്നു: ദേവനല്ലാത്തതുകൊണ്ടു പ്രത്യക്ഷനായിത്തന്നേ വന്നെത്തട്ടെ.
[22] ആ വശൻ തിരിച്ചുവന്നു പറയുന്നു: മൂന്നിടം – പൂഞ്ഞ, പുറം, വാരിഭാഗം.
[23] മെതിയ്ക്കുന്ന – എതിരാളികളെ മർദ്ദിയ്ക്കുന്ന. തേർതട്ടുരുട്ടുന്നു – തേർ വലിയ്ക്കുന്നു.
[25] ഉടനടി – വന്നാലപ്പോൾ.
[26] അദ്ദേഹം – പ്രഥുശ്രവസ്സ്. സോമം കുടിയ്ക്കുന്നവനേ – സോമപായിയായ വായോ. തരാൻ – അങ്ങയ്ക്കു്.
[27] ആ സൂയജ്ഞൻ – പൃഥുശ്രവസ്സ്. അരട്വൻ, അക്ഷൻ, നഹുഷൻ എന്നിർ സചിവന്മാരാകുന്നു. കല്പിച്ചു – ‘വശർഷിയ്ക്കു കൊടുക്കാൻ ഗോക്കളെയും മറ്റും വരുത്തുവിൻ’ എന്ന്.
[28] ഉചിത്ഥ്യനും, വപുസ്സും രണ്ടു രാജാക്കന്മാരത്രേ. ആ – പൃഥുശ്രവസ്സു തന്ന.
[30] പൃഥുശ്രവസ്സ് ഉഴുതുമൂരികളെയും വശന്നു കൊടുത്തു എന്നു്:
[31] വരുത്തപ്പെട്ടു – എനിയ്ക്കു തരാൻ.
[32] അതികൃതൻ – മാടുവകുപ്പിന്റെ മേലാൾ. ദാസൻ – എനിയ്ക്കു തരാൻ രാജാവിനാൽ അജ്ഞാപിയ്ക്കപ്പെട്ടവൻ. ഈ സമ്പത്തൊക്കെ കിട്ടിയതു വായുവിന്റെ അനുഗ്രഹത്താലാണെന്നു്. അങ്ങയുടെ ആ ആളുകൾ – അങ്ങയെ സ്തുതിച്ച ഞങ്ങൾ.
[33] പൃഥുശ്രവസ്സ് ഒരുത്തമസ്ത്രീയെയും വശന്നു കൊടുത്തു എന്ന്: വശന്റെ – എന്റെ.