ആപ്ത്യൻ ത്രിതൻ ഋഷി; മഹാപംക്തി ഛന്ദസ്സ്; ആദിത്യരും ഉരുസ്സും ദേവത.
വരുണ, മിത്ര, വിലിയവരായ നിങ്ങൾ ഹവിർദ്ദാതാവിന്നു ചെയ്യുന്ന രക്ഷ വലുതാണു്: ആദിത്യരേ, നിങ്ങൾ ആരെ ദ്രോഹിയിങ്കൽ നിന്നു രക്ഷപ്പെടുത്തുമോ, അവനെ പാപം തീണ്ടില്ല. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!1
ആദിത്യദേവന്മാരേ, നിങ്ങൾക്കറിയാം, ദുഃഖപരിഹാരം: പക്ഷികൾ ചിറകെന്നപോലെ, നിങ്ങൾ സുഖം ഞങ്ങളുടെ മീതെ വെയ്ക്കുവിൻ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു.2
പക്ഷികൾ ചിറകെന്നപോലെ, നിങ്ങൾ ആ സുഖം ഞങ്ങളിൽ ഉറപ്പിയ്ക്കുവിൻ. സർവധനന്മാരേ, ഞങ്ങൾ ഗൃഹത്തിന്നു വേണ്ടതൊക്കെ യാചിയ്ക്കുന്നു. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!3
പ്രകൃഷ്ടമതികളായ ആദിത്യന്മാർ ആർക്കു ഗൃഹവും അന്നവും നല്കുമോ, അവന്നുവേണ്ടി ഇവർ എല്ലാ മനുഷ്യരുടേയും സ്വത്തടക്കം. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!4
ഞങ്ങളെ ദുരിതങ്ങൾ, ദുർഗ്ഗങ്ങളെ തേരാളികളെപ്പോലെ ഒഴിഞ്ഞുവെയ്ക്കട്ടെ. ഞങ്ങൾ ഇന്ദ്രന്റെ രക്ഷയിലാകണം; ആദിത്യരുടെയും രക്ഷയിലാകണം. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!5
കഷ്ടപ്പെട്ടാലേ, ജീവനുള്ള മനുഷ്യർക്കു നിങ്ങളിൽനിന്നു(ധനം) കിട്ടൂ; ആദിത്യദേവന്മാരേ, ശീഘ്രഗമനരായ നിങ്ങൾ ആരിൽ ചെല്ലുമോ, അവന്നു ധാരാളം കിട്ടും. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!6
ആദിത്യരേ, ഒരേ പ്രസിദ്ധിയുള്ള നിങ്ങൾ യാതൊരുവന്നു സുഖം നല്കിയോ തീക്ഷ്ണനായിച്ചമഞ്ഞ അവനെ ആയുധം തീണ്ടില്ല; അവന്നു കനത്ത (ദുഃഖം) വരില്ല. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!7
ദേവന്മാരേ, പോരാളികൾ ചട്ടകളിലെന്നപോലെ, ഞങ്ങൾ നിങ്ങളിൽ ഉൾപ്പൂകട്ടെയോ! നിങ്ങൾ ഞങ്ങളെ വലിയ പാപത്തിൽ നിന്നും, നിങ്ങൾ ചെറിയ പാപത്തിൽ നിന്നും രക്ഷിയ്ക്കുവിൻ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു! 8
മിത്രന്റെയും ധനവാനായ ആര്യമാവിന്റെയും വരുണന്റെയും അമ്മയായ അദിതി ഞങ്ങളെ രക്ഷിയ്ക്കട്ടെ; അദിതി സുഖം തരട്ടെ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!9
ദേവന്മാരേ, ശരണീയം, ഭജനീയം, രോഗരഹിതം, ഈ മൂന്നു ഗുണമുള്ളതും ഗൃഹത്തിന്നു വേണ്ടതുമായ സുഖം ഞങ്ങൾക്കു തരുവിൻ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!10
ആദിത്യന്മാരേ, ഒരു തീരസ്ഥിതനെന്നപോലെ, നിങ്ങൾ കീഴ്പോട്ടു നോക്കുവിൻ: അവൻ കുതിരകളെ നല്ല കടവിലെയ്ക്കെന്നപൊലെ, നിങ്ങൾ ഞങ്ങളെ സന്മാർഗ്ഗത്തിലെയ്ക്കു നടത്തുവിൻ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!11
ഇവിടെ അരക്കന്നു നന്മയുണ്ടാകരുതു്, ദ്രോഹിയ്ക്കുണ്ടാകരുതു്, എതിർക്കുന്നവന്നുണ്ടാകരുതു്. മാടിനും, കറവപ്പയ്യിനും, അന്നേച്ഛുവായ വീരന്നും നന്മ വരട്ടെ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!12
ദേവന്മാരേ, വെളിവിലും ഒളിവിലുമുണ്ടല്ലോ, ദുഷ്കൃതം; അതു രണ്ടും ആപ്ത്യനായ ത്രിതന്നു പറ്റരുതു് – ഞങ്ങളിൽ നിന്നകറ്റുവിൻ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!13
വിണ്ണിന്മകളേ, വിഭാവരി, കന്നുകാലികൾക്കും ഞങ്ങൾക്കും ആപത്തു സൂചിപ്പിയ്ക്കുന്ന ദുസ്സ്വപ്നം യാതൊന്നോ, അതു് ആപ്ത്യനായ ത്രിതന്നുണ്ടാകാതാക്കിയാലും. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!14
വിണ്ണിന്മകളേ, പൊൻപണിക്കാരന്നും മാലാകാരന്നും യാതൊരു ദുസ്സ്വപ്നം ഉണ്ടാകുമോ, അതു രണ്ടും ആപ്ത്യനായ ത്രിതനെ ബാധിയ്ക്കരുതു്. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!15
ഉഷസ്സേ, അതേ ഭോജനം, അതേ കർമ്മം – അങ്ങനെ ആ ഭാഗമനുഭവിയ്ക്കുന്ന ത്രിതങ്കൽനിന്നും ദ്വിതങ്കൽനിന്നും ദുസ്സ്വപ്നം ഭവതി പോക്കിയാലും. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!16
കരളും കളമ്പും കടവും ഞങ്ങൾ നീക്കിവെയ്ക്കാറുണ്ടല്ലോ; അതിൻവണ്ണം ത്രിതങ്കലെ ദുസ്സ്വപ്നമെല്ലാം ഞങ്ങൾ നീക്കുമാറാകണം. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!17
ഉഷസ്സേ, ഞങ്ങൾ ജയിക്കണം; നേടണം; അനപരാധരാകണം. ഞങ്ങൾ യാതൊന്നിനെ പേടിയ്ക്കുന്നുവോ, ആ ദുസ്സ്വപ്നം നീങ്ങിപ്പോകട്ടെ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു—നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!18
[1] വരുണ, മിത്ര എന്നിവരിൽ അര്യമാവും ഉൾപ്പെട്ടിരിയ്ക്കുന്നു.
[2] പക്ഷികൾ കുഞ്ഞുങ്ങളെ രക്ഷയ്ക്കായി ചിറകുകൾകൊണ്ടു മൂടുമല്ലോ.
[3] വേണ്ടതൊക്കെ – ധനം.
[5] ദുർഗ്ഗങ്ങൾ – ദുർഗ്ഗമമാർഗ്ഗങ്ങൾ.
[6] കഷ്ടപ്പെട്ടാലേ – തപോനിയമാദിയാൽ.
[7] ആയുധം – ശത്രുവിന്റെ.
[11] ഒരു തീരസ്ഥിതനെന്നപോലെ – പുഴയുടെ കരയിൽ നില്ക്കുന്നവൻ. വെള്ളം എവിടെ എന്നറിയാൻ കീഴ്പോട്ടു നോക്കുന്നതുപോലെ.
[12] വീരൻ – ഞങ്ങളുടെ പുത്രൻ.
[13] ആപ്ത്യൻ = ജലജതൻ. ത്രിതന്നു് – എനിയ്ക്കു്.
[14] ഉഷസ്സിനോടു്: ഇതുമുതൽ അഞ്ചു് ഋക്കുകൾ ദുസ്സ്വപ്നഹരങ്ങളത്രേ.
[16] അതേ – ജാഗ്രദവസ്ഥയിലേതായ. ദ്വിതൻ – ത്രിതന്റെ ജ്യേഷ്ഠൻ.
[17] കരളും, കുളമ്പും – കൊല്ലപ്പെട്ട പശുവിന്റെ. കടം = ഋണം.