കണ്വപുത്രൻ വത്സൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
ആർ ഓജസ്സുകൊണ്ടു, മഴ പെയ്യുന്ന പർജ്ജന്യൻപോലെ മുന്തി നില്ക്കുന്നുവോ, ആ ഇന്ദ്രൻ വത്സന്റെ സ്തോത്രങ്ങൾകൊണ്ടു വർദ്ധിയ്ക്കുന്നു!1
സത്യത്തിന്റെ സന്താനത്തെ വാനം നിറയ്ക്കുന്ന വാജികൾ എപ്പോൾ വഹിയ്ക്കുമോ, അപ്പോൾ മേധാവികൾ യജ്ഞത്തിൽ വരുത്താൻ (സ്തുതിയ്ക്കുന്നു).2
കണ്വന്മാർ സ്തോത്രങ്ങൾകൊണ്ടു് ഇന്ദ്രനെ യജ്ഞസാധകനാക്കിയാൽ, ആയുധം ഇരട്ടിപ്പാണെന്നു പറയുന്നു!3
ചെല്ലുന്ന പ്രജകളൊക്കെ ഇദ്ദേഹത്തിന്റെ ക്രോധത്തിന്നു, സമുദ്രത്തിന്നു നദികൾപോലെ വഴങ്ങുന്നു!4
ഇന്ദ്രന്റെ ആ ബലം തിളങ്ങുന്നു: അവിടുന്നു് വാനൂഴികൾ രണ്ടിനെയും തോലിനെപ്പോലെ പരത്തും, ചുരുട്ടും!5
വിറപ്പിച്ച വൃത്രന്റെയും തല അദ്ദേഹം നൂറുമൊട്ടുള്ള വീര്യവത്തായ വജ്രംകൊണ്ടു കൊയ്തുവല്ലോ!6
ഞങ്ങൾ സ്തോതാക്കളുടെ മുമ്പിൽവെച്ച്, അഗ്നിജ്വാലപോലെ തിളങ്ങുന്ന ഈ സ്തുതികൾ വീണ്ടും വീണ്ടും ചൊല്ലുന്നു!7
ഗുഹയിലെ യാവചില സ്തുതികൾ സ്വയം ചെന്നു് ഉജ്ജ്വലിച്ചുവോ, അവ ചൊല്ലി കണ്വന്മാർ സോമം തൂകുന്നു.8
ഇന്ദ്ര, ആ ഗവാശ്വയുക്തമായ സമ്പത്തും മികച്ച അന്നവും മുമ്പേ ഞങ്ങൾക്കു കിട്ടുമാറാകണം!9
സംരക്ഷകനായ സത്യരൂപന്റെ നന്മനസ്സ് എനിയ്ക്കുതന്നെ കൈവന്നിരിയ്ക്കുന്നുവല്ലോ; അതിനാൽ ഞാൻ, സൂര്യൻപോലെ ആവിർഭവിച്ചു!10
യാതൊന്നുകൊണ്ടു ഇന്ദ്രൻ ബലവാനാകുമോ; ആ സതാതന സ്തോത്രത്താൽ കണ്വനെന്നപോലെ, ഞാൻ വാക്കുകളെ അലംകരിയ്ക്കുന്നു!11
ഇന്ദ്ര, അങ്ങയെ സ്തുതിയ്ക്കാത്തവരിലും, സ്തുതിച്ച ഋഷിമാരിലും വെച്ചു് എന്റെ നല്ല സ്തുതിയാൽത്തന്നെ അവിടുന്നു വർദ്ധിച്ചാലും!12
തന്തിരുവടിയുടെ അരിശം വൃത്രനെ സന്ധിതോറും ചതച്ചു് അട്ടഹാസമിട്ടതോടേ, തണ്ണീരുകൾ കടലിയ്ക്കയയ്ക്കപ്പെട്ടു!13
ഇന്ദ്ര, അവിടുന്നു് ശുഷ്ണാസുരങ്കൽ തൃക്കയ്യിലെ വജ്രം ചാട്ടി: ഓജസ്വിൻ, അങ്ങു് വൃഷാവാണെന്നാണല്ലോ, കേൾവി!14
വിണ്ണുകളോ, അന്തരിക്ഷങ്ങളോ, മന്നുകളോ ബലംകൊണ്ടു വജ്രപാണിയായ ഇന്ദ്രനോടടുക്കില്ല!15
ഇന്ദ്ര, ആർ ഭവാന്റെ തഴച്ച തണ്ണീരിനെ സ്തംഭിപ്പിച്ചുകിടന്നുവോ, അവനെ അങ്ങ് കൊന്നു വെള്ളത്തിലിട്ടു!16
ഈ തമ്മിൽച്ചേർന്ന വലിയ വാനൂഴികളെ ആർ മൂടിക്കളഞ്ഞുവോ, ഇന്ദ്ര, അവനെ അങ്ങ് ഇരുട്ടിൽപ്പൂഴ്ത്തി!17
ഇന്ദ്ര, ഓർജസ്വിൻ, അങ്ങയെ യതികളും ഭൃഗുക്കളും സ്തുതിച്ചുവല്ലോ; എന്നാൽ, എന്റെ സ്തുതിതന്നെ അവിടുന്നു് കേട്ടാലും !18
ഇന്ദ്ര, ഭവാന്റെ ഈ പൈക്കൾ യജ്ഞത്തെ വളർത്തിക്കൊണ്ടു് കാച്ചുപാൽ ചുരത്തുന്നു:19
ഈ പെറ്റ പൈക്കൾ അങ്ങയുടെ വീര്യം ഭക്ഷിച്ചിട്ടാണല്ലോ, സൂര്യരശ്മികൾ ജലമേറ്റപോലെ ഗർഭം ധരിച്ചതു്!20
കെല്പിന്റെ ഉടമസ്ഥ, അങ്ങയെത്തന്നെ കണ്വർ ഉക്ഥകം കൊണ്ടു വർദ്ധിപ്പിയ്ക്കുന്നു.പിഴിഞ്ഞസോമവും അങ്ങനെതന്നെ വർദ്ധിപ്പിയ്ക്കുന്നു!21
ഇന്ദ്ര,വജ്രപാണേ, ധനദാനങ്ങളിൽ അങ്ങയ്ക്കു തന്നെയാണു്, മികച്ച സ്തുതിയും വിസ്തരിച്ച യത്നവും!22
ഇന്ദ്ര, ഭവാൻ ഞങ്ങൾക്കു ഗോക്കളെയും, വലിയ അന്നവും, രക്ഷയും, സന്തതിയും, നല്ല വീര്യവും തരാൻ കനിഞ്ഞാലും!23
ഇന്ദ്ര, നാഹുഷന്റെ പ്രജകളിൽ, മുൻവശത്തു യാതൊരു ശീഘ്രാശ്വഗണം പ്രകാശിപ്പിയ്ക്കപ്പെട്ടുവോ, അതിനെയും (തന്നരുളുക)24
ഇന്ദ്ര, പ്രാജ്ഞനായ ഭവാൻ ഇപ്പോൾ അരികേ കാണാവുന്ന ഒരു പൈത്തൊഴുത്തു പരത്തിയാൽ, ഞങ്ങളെ സുഖിപ്പിച്ചു കഴിഞ്ഞു!25
അല്ലയോ ഇന്ദ്ര, ഒരു ബലംതന്നെയാണു്, ഭവാൻ; മനുഷ്യർക്കു മഹാരാജാവാണു്, ഓജസ്സുകൊണ്ടു സർവ്വാതീതനാണു്, അപാരനാണു്!26
സോമങ്ങൾകൊണ്ടു വിസ്തീർണ്ണജവനായ ആ നിന്തിരുവടിയെ ആളുകൾ ഹവിസ്സൊരുക്കി രക്ഷയ്ക്കായി സ്തുതിയ്ക്കുന്നു!27
പർവതപ്രാന്തത്തിലും നദീസംഗമത്തിലും കർമ്മമനുഷ്ഠിച്ചാൽ, മേധാവി പ്രത്യക്ഷനാകും!28
നന്നായി നുകരുന്നവൻ എവിടെ പെരുമാറുന്നുവോ, ആ ഉയരത്തിൽനിന്നറിഞ്ഞു സോമത്തെ മുഖം കുനിച്ച് തൃക്കൺപാർക്കും!29
വിണ്ണിൻ മുകളിൽ വിളങ്ങുന്നതോടെ ചിരന്തനനായ ഗന്താവിന്റെ തേജസ്സു പകൽമുഴുവൻ കാണപ്പെടുന്നു!30
ഇന്ദ്ര, ബലവത്തര, അങ്ങയുടെ ബുദ്ധിയെയും പൗരുഷത്തെയും വീര്യത്തെയും കണ്വരെല്ലാം വളർത്തുകതന്നെചെയ്യുന്നു!31
ഇന്ദ്ര,നിന്തിരുവടി എന്റെ ഈ നല്ല സ്തുതി കേൾക്കുക; എന്നെ പ്രകർഷേണ സംരക്ഷിയ്ക്കുക; ബുദ്ധി തുലോം വർദ്ധിപ്പിയ്ക്കുക!32
തുലോം വളർന്ന വജ്രപാണേ, മേധാവികളായ ഞങ്ങൾ ജീവനത്തിന്നുവേണ്ടി അങ്ങയ്ക്കു സ്തോത്രങ്ങൾ നിർമ്മിച്ചിരിയ്ക്കുന്നു.33
കണ്വർ നേരെ സ്തുതിയ്ക്കുന്നു: ഈ സ്തുതി, കീഴ്പോട്ടൊഴുകുന്ന വെള്ളംപോലെ ഇന്ദ്രങ്കലണയുന്നു!34
അധർഷിതക്രോധനും അജരനുമായ ഇന്ദ്രനെ ഉക്ഥങ്ങൾ, നദികൾ സമുദ്രത്തെയെന്നപോലെ വർദ്ധിപ്പിയ്ക്കുന്നു!35
ഇന്ദ്ര, അങ്ങ് അകലത്തുനിന്നു്, അഴകുറ്റ ഹരികളിലൂടെ വന്നാലും: ഈ സോമനീർ നുകർന്നാലും!36
മികച്ച ശത്രുഹന്താവേ, അങ്ങയെത്തന്നെയാണല്ലോ, ദർഭ മുറിച്ച ആളുകൾ ബലം കിട്ടാൻ വിളിച്ചുപോരുന്നതു് !37
വാനൂഴികൾ രണ്ടും അങ്ങയെ, തേർവിട്ടു കുതിരയെയെന്നപോലെ അനുസരിയ്ക്കുന്നു; പിഴിഞ്ഞ സോമവും!38
ഇന്ദ്ര, അവിടുന്നു ശര്യണാവത്തിലെ യാഗത്തിൽ മത്തടിച്ചാലും; സേവകന്റെ സ്തുതികൊണ്ടും മത്തുകൊണ്ടാലും!39
സോമം വളരെക്കുടിച്ചു വളർന്നു, വജ്രംകൊണ്ടു വൃത്രനെ വധിച്ച വൃഷാവു വാനത്തു വലിയ ഗർജ്ജനം കൂട്ടി!40
ഇന്ദ്ര, ഒഋഷിയാണല്ലോ, മുമ്പേ ജനിച്ച ഭവാൻ: അവിടുന്നു് ഓജസ്സുകൊണ്ടു തനിയേ പെരുമാളായി; അങ്ങ് ധനം വീണ്ടും വീണ്ടും നല്കിപ്പോരുന്നു!41
ഞങ്ങളുടെ സോമനീരും അന്നവും ഭുജിപ്പാൻ അങ്ങയെ നല്ല മുതുകുള്ള നൂറശ്വങ്ങൾ കൊണ്ടുവരട്ടെ!42
പണ്ടത്തവരുടെ ഈ മധുരോദകപ്രവൃദ്ധകമായ കർമ്മത്തെ കണ്വർ ഉക്ഥംകൊണ്ടു കൈവളർത്തുന്നു.43
മികച്ച മഹാന്മാരിൽവെച്ചു് ഇന്ദ്രനെത്തന്നെയാണു്, മനുഷ്യൻ യാഗത്തിൽ ഭജിയ്ക്കുന്നതു്; ധനകാമനും രക്ഷയ്ക്കു് ഇന്ദ്രനെത്തന്നെ ഭജിയ്ക്കുന്നു!44
പുരുസ്തുത, പ്രിയമേധരാൽ പുകഴ്ത്തപ്പെട്ട ഹരികൾ അങ്ങയെ സോമം കുടിപ്പാൻ ഇങ്ങോട്ടു കൊണ്ടുപോരട്ടെ!45
ആളുകളുടെയിടയിൻ വെച്ചു, പരശുപുത്രനായ തിരിന്ദിരരാജാവിങ്കൽനിന്നു ഞാൻ നൂറുമായയിരവും ധനം വാങ്ങിയിരിയ്ക്കുന്നു.46
മുന്നൂറു കുതിരകളെയും, പതിനായിരം പൈക്കളെയും അവർ സാമജ്ഞനായ വജ്രന്നു നല്കി!47
ഈ മഹാൻ നാലുഭാരം സ്വർണ്ണമേന്തിയ ഒട്ടകങ്ങളെയും, യാദവജനങ്ങളെയും കൊടുത്തു, യശസ്സു സ്വർഗ്ഗത്തിൽ പരത്തിയിരിക്കുന്നു!48
[1] വത്സന്റെ – എന്റെ.
[2] സത്യത്തിന്റെ സന്താനം – ഇന്ദ്രൻ. വാനം നിറയ്ക്കുന്ന – വാനിലെങ്ങും ചെല്ലുന്ന.
[3] ആയുധം ഇരട്ടിപ്പാണു് – അയുധകാര്യമെല്ലാം ഇന്ദ്രൻതന്നെ ചെയ്തുകൊള്ളും!
[4] ചെല്ലുന്ന – സമീപിയ്ക്കുന്ന.
[6] വിറപ്പിച്ച – ലോകത്തെ.
[8] ഗുഹയിലെ – ഗുഹയിൽവെച്ചു ചൊല്ലപ്പെട്ട ചെന്നു് – ഇന്ദ്രങ്കൽ.
[9] മുമ്പേ – മറ്റുള്ളവർക്കു കിട്ടുന്നതിന്നുമുമ്പ്.
[10] സൂര്യൻപോലെ – സൂര്യന്നൊത്ത ശോഭയോടേ.
[11] കണ്വൻ – എന്റെ അച്ഛൻ. അലംകരിയ്ക്കുന്നു – ഇന്ദ്രവിഷയത്തിൽ പ്രയോഗിയ്ക്കപ്പെട്ടാൽ, വാക്കുകൾ അലംകൃതങ്ങളായി.
[13] അട്ടഹാസം – ഇടിയൊച്ച. തണ്ണീരുകൾ – മഴവെള്ളങ്ങൾ. അയയ്ക്കപ്പെട്ടു. തന്തിരുവടിയാൽ.
[14] വൃഷാവു് – അഭീഷ്ടങ്ങൾ വർഷിച്ചുകൊടുക്കുന്നവൻ. എനിയ്ക്കും തരിക എന്നു ഹൃദയം.
[16] അവനെ – വൃത്രനെ.
[17] ഇരുട്ടു് – മരണം.
[18] യതികൾ – അംഗിരസ്സുകൾ.
[19] കാച്ചുപാൽ – കുറുക്കി സോമത്തിൽ പകരാനുള്ള പാൽ. പൈക്കൾ പാൽ തരുന്നതിനാലാണു്, യജ്ഞം വളരുന്നതു്.
[20] വീര്യം – വൃത്രവധാനന്തരം ഓഷധ്യാദികളായിപ്പരിണമിച്ച വീര്യം, പുല്ലും മറ്റും.
[22] ദാനാവസരങ്ങളിൽ അങ്ങയെത്തന്നെ സ്തുതിയ്ക്കുന്നു, യജിയ്ക്കുന്നു.
[24] നാഹുഷരാജാവിനെ യുദ്ധത്തിൽ സഹായിപ്പാൻ, ഒരു കൂട്ടം ശീഘ്രാശ്വങ്ങളെ ഭവാൻ അയച്ചുകൊടുത്തുവല്ലോ; അത്തരം കുതിരകളേയും ഞങ്ങൾക്കു തന്നാലും.
[25] പൈത്തൊഴുത്തു പരത്തിയാൽ – പൈക്കൾ നിറഞ്ഞ ഒരു വിശാലമായ തൊഴുത്തു തന്നാൽ.
[26] സർവാതീതൻ = എല്ലാവരെക്കാളും മീതെയായവൻ.
[27] സോമങ്ങൾകൊണ്ടു് – സോമപാനങ്ങൾ മൂലം. വിസ്തീർണ്ണജവനായ – എങ്ങും വ്യാപിയ്ക്കുന്ന.
[28] മേധാവി – ഇന്ദ്രൻ. അതിനാൽ നാമും ആ പ്രദേശങ്ങളിൽ യജിയ്ക്കുക.
[29] നന്നായി നുകരുന്നവൻ – ഇന്ദ്രൻ. ആ ഉയരം – സ്വർഗ്ഗലോകം. അറിഞ്ഞ് – യഷ്ടാക്കൾ സോമമൊരുക്കിയതറിഞ്ഞ്.
[30] ഗന്താവിന്റെ – ഗമനശീലന്റെ, സൂര്യാത്മനാ ചരിയ്ക്കുന്ന ഇന്ദ്രന്റെ.
[32] ബുദ്ധി – എന്റെ.
[33] വളർന്ന – സ്തുതികൾകൊണ്ടു വർദ്ധിച്ച.
[37] ദർഭ മുറിച്ച ആളുകൾ – ഋത്വിക്കുകൾ.
[39] ശര്യാണാവത്തു് – കുരുക്ഷേത്രത്തിലെ ഒരു സരസ്സ്.
[40] ഗർജ്ജനം = ഇടിയൊച്ച.
[41] മുമ്പേ – എല്ലാദ്ദേവന്മാരെക്കാളും. നല്കിപ്പോരുന്നു – സ്തോതാക്കൾ.
[43] പണ്ടേത്തവരുടെ – പിതാക്കന്മാരുടെ. മധുരോദകപ്രവർദ്ധകം = മധുരമായ ജലത്തെ വർദ്ധിപ്പിയ്ക്കുന്നതു്, വൃഷ്ട്യൽപാദകം.
[44] മികച്ച മഹാന്മാർ – ദേവന്മാർ.
[45] പ്രിയമേധർ – യജ്ഞപ്രിയർ, ഋഷിമാർ.
[46] പരശു – തിരിന്ദിരന്റെ അച്ഛൻ.
[47] എനിയ്ക്കുമാത്രമല്ല, തിരിന്ദിരൻ തന്നതു്. അവർ – തിരിന്ദിരൻ; ബഹുമാനത്താൽ ബഹുവചനം. പജ്രൻ – കക്ഷിവാൻ.
[48] യാദവ ജനങ്ങളേയും ദാസത്വേന കൊടുത്തു – കക്ഷീവാന്നു്(?)