ബാലഖില്യസൂക്തം 3.
കണ്വപുത്രൻ ശ്രുഷ്ടിഗു ഋഷി; ഛന്ദോദേവതകൾ മുമ്പത്തേവ.
ഇന്ദ്ര, സംവരണപുത്രനായ മനുവിന്റെ പിഴിഞ്ഞ സോമം ഭവാൻ നുകർന്നുവല്ലോ; മഘവാവേ, അപ്രകാരം നീപാതിഥിയുടെയും മേധ്യാതിഥിയുടെയും പുഷ്ടിഗുവിന്റെയും ശ്രുഷ്ടിഗുവിന്റെയും സോമം ഒന്നിച്ചു (നുകർന്നാലും)!1
മുകളിൽ കിടന്നുറങ്ങിയിരുന്ന കിഴവനായ പ്രസ്കണ്വനെ പാർഷദ്വാണൻ ഉപദ്രവിച്ചു; അപ്പോൾ അങ്ങു രക്ഷിച്ചതിനാൽ, ആ ഋഷിദ്രോഹിയെ അരിഞ്ഞ് ആയിരമായിരം ഗോക്കളെ കൈക്കലാക്കിയല്ലോ!2
ഇപ്പോൾ ഉക്ഥമോതുന്നവന്റെ ജ്ഞാനും ആർ അഭിനന്ദിയ്ക്കുന്നുവോ, ആർ ഋഷികളെ പ്രവർത്തിയ്ക്കുന്നുവോ; ആ ഇന്ദ്രനെക്കുറിച്ചു നീ, രക്ഷയ്ക്കായി ഒരു പ്രഭുവിനെക്കുറിച്ചെന്നപോലെ, ഒരതിനൂതനസ്തവം ചൊല്ലുക!3
സപ്തകിരണനായി, ത്രിലോകപോഷകനായി, അത്യുൽക്കൃഷ്ടസ്ഥാനത്തു വർത്തിയ്ക്കുന്ന സൂര്യനെ (ആളുകൾ) ആർക്കായി പൂജിച്ചുപോരുന്നുവോ, അദ്ദേഹം ജഗത്തുക്കളോടെല്ലാം ഗർജ്ജിയ്ക്കും; ഉടൻതന്നെ കരുത്തും കാട്ടും!4
നമുക്കു ധനം തരാൻ ഇന്ദ്രനെ നാം വിളിയ്ക്കുക: നമുക്കറിയാമല്ലോ, തന്റെ അതിനൂതനമായ നന്മനസ്സ്. നാം പൈത്തൊഴുത്തു നേടുമാറാകട്ടെ!5
വസോ, ഇന്ദ്ര, ആരോടു ധനദാനം അവിടുന്നു കല്പിയ്ക്കുമോ, അവന്നു സമ്പത്തു വർദ്ധിച്ചു വരും. അതിനാൽ, സ്തുതിസേവ്യനായ മഘവാവേ, ഞങ്ങൾ സോമം പിഴിഞ്ഞ്, അങ്ങയെ വിളിയ്ക്കുന്നു.6
ഇന്ദ്ര, മഘവാവേ, ദാനം തീർച്ചയായും വെക്കം വർദ്ധിച്ചു, ദേവനായ ഭവാന്റെ സന്നിധിയിൽ വന്നുചെരും. ഹവിർദ്ദാതാവിനോടു ഭവാൻ ഒരിയ്ക്കലും പിണങ്ങില്ല; ഇണങ്ങുകയേ ചെയ്യൂ!7
ശുഷ്ണൻ വലുപ്പംവെച്ച് ആ വിണ്ണിനെ വീർപ്പുമുട്ടിയ്ക്കുകയും, അതിനാൽ തീ പുറപ്പെടുകയും ചെയ്തതെപ്പൊഴോ, അപ്പോൾ അവിടുന്നു് അവനെ ബലേന ആയുധങ്ങൾ കൊണ്ടരിഞ്ഞു നിലവിളിപ്പിച്ചു, നീളെ വിളിപ്പെട്ടു!8
ഈ മുടിയ്ക്കുന്ന, നിധികൾ കാക്കുന്ന അസുരക്കൂട്ടം തന്റെ ശത്രുവാകുന്നു: ആ കെടുവർഗ്ഗത്തിനുനേരെ, അവിടുന്നു മറഞ്ഞുനിന്നു് ചക്രമെറിയും. അങ്ങയ്ക്കുതന്നെ, ആ ധനം!9
മഴ പൊഴിയ്ക്കുന്ന മധുമാനായ പൂജനീയനെ മേധാവികൾ തെരുതെരെ പൂജിയ്ക്കുന്നു: ‘ഞങ്ങൾക്കു് സമ്പത്തു വർദ്ധിയ്ക്കട്ടെ; സന്താനോൽപാദനശക്തിയുണ്ടാകട്ടെ; ഞങ്ങൾ സോമം പിഴിയുമാറാകട്ടെ!’10
[2] പാർഷദ്വാണൻ – ശത്രുവിന്റെ പേർ. അരിഞ്ഞ് – ഹനിച്ച്.
[3] തന്നോടുതന്നെ: പ്രഭുവിനെക്കുറിച്ചെന്നപോലെ. – ഒരു ദരിദ്രൻ ധനികനെക്കുറിച്ചെന്നപോലെ.
[4] അദ്ദേഹം – ഇന്ദ്രൻ. ഗർജ്ജിയ്ക്കും – ഇടിമുഴക്കും, ഹിതമുപദേശിയ്ക്കും; കേൾക്കാഞ്ഞാൽ കരുത്തും കാട്ടും – ആളുകളെ ദാരിദ്ര്യാദിയാൽ ശിക്ഷിയ്ക്കപ്പെടുകയും ചെയ്യും.
[5] തന്റെ – അദ്ദേഹത്തിന്റെ. അതിനൂതനം – അസാധാരണമെന്നർത്ഥം.
[6] അങ്ങ് ആരെക്കൊണ്ടു ധനധാനം ചെയ്യിയ്ക്കുമോ, അവന്ന് ആ ദാനത്താൽ സമ്പത്തു വർദ്ധിച്ചുവരും.
[7] ദാനം – ഹവിരർപ്പണം.
[8] അതിനാൽ – വീർപ്പുമുട്ടിച്ചതിനാൽ.
[9] അന്തിമവാക്യം പ്രത്യക്ഷം: ആ ധനം – അസുരന്മാർ കാത്ത നിധികൾ. അവരൊക്കെ ചക്രത്താൽ വധിയ്ക്കപ്പെടുമല്ലോ.
[10] മധുമാൻ – അമൃതോടുകൂടിയവൻ. ഞങ്ങൾക്കു് എന്നു തുടങ്ങിയ വാക്യങ്ങൾ മേധാവികളുടെ പ്രാർത്ഥനകളാകുന്നു.