ബാലഖില്യസൂക്തം 4.
കണ്വപുത്രൻ ആയു ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.
ശക്ര, നിന്തിരുവടി എപ്രകാരം വൈവസ്വതമനുവിങ്കൽ സോമനീർ നുകർന്നുവോ, എപ്രകാരം ത്രിതങ്കൽ അരുമറ കൈക്കൊള്ളുന്നുവോ; അപ്രകാരം ആയുവിങ്കലും ഒപ്പം ഇമ്പപ്പെടുത്തുന്നു!1
ഇന്ദ്ര, നിന്തിരുവടി സോമം പിഴിഞ്ഞ പൃഷധ്രങ്കലും, മേധ്യങ്കലും, മാതരിശ്വാവിങ്കലും, ദശശിപ്രങ്കലും, ദശോഷ്ണ്യങ്കലും, സ്യൂമരശ്മിയിങ്കലും, ഋജൂനസ്സിങ്കലും ഇമ്പപ്പെടുകയുണ്ടായല്ലോ!2
സ്വകീയങ്ങളായ ഉക്ഥങ്ങൾ കേൾക്കുകയും, കീഴമർത്തു സോമം കുടിയ്ക്കുകയും ചെയ്യുമല്ലോ, അവിടുന്നു്; അവിടെയ്ക്കുവേണ്ടിയാണല്ലോ, വിഷ്ണു മിത്രാധർമ്മോപേതനായിട്ടു് മൂന്നടികൊണ്ടളന്നതു്!3
ഇന്ദ്ര, ബലവാനേ, ശതക്രതോ, അവിടുന്നു യഷ്ടാവിന്റെ സ്തോത്രത്താലും അന്നത്താലും സംതൃപ്തനാകുമല്ലോ; ആ അങ്ങയ്ക്കു് അന്നേച്ഛക്കളായ ഞങ്ങൾ, ഒരു പയ്യിന്നു കുറവുകാർപോലെ, ഹവിസ്സർപ്പിയ്ക്കുന്നു.4
കരുത്തനും ഐശ്വര്യകാരനും മഹാനുമായ മഘവാവു നമുക്കു സ്വത്തു തരുന്ന ഒരച്ഛനാണു്; ദുഷ്ടങ്കൽ ഉഗ്രനായ ഒരു പുരുധനൻ നമുക്കു ഗോക്കളെയും അശ്വങ്ങളെയും തന്നരുളട്ടെ!5
വസോ, ഭവാൻ ആർക്കു ദാതാവ്യം നല്കുമോ, അവന്നു സമ്പത്തു വർദ്ധിച്ചുവരും. അതിനാൽ, ധനകാമരായ ഞങ്ങൾ ധനപാലകനായ ശതക്രതുവിനെ, ഇന്ദ്രനെ, സ്തോത്രങ്ങൾ കൊണ്ടുവിളിയ്ക്കുന്നു.6
അങ്ങേയ്ക്കു പ്രമാദം പറ്റാറില്ല; രണ്ടു ജന്മം അവിടുന്നു പാലിയ്ക്കുന്നു. ആദിത്യ, തുരീയ, നിന്തിരുവടിയുടെ ഐന്ദ്രമണ്ഡലം അനശ്വരമായി വാനത്തു വർത്തിയ്ക്കുന്നു.7
ഇന്ദ്ര, മഘവാവേ, സ്തുതിസേവ്യ, ശാസിതാവേ, വസോ, നിന്തിരുവടി യാതൊരു ഹവിർദ്ദാതാവിന്നു കല്പിച്ചുകൊടുക്കുമോ, അദ്ദേഹത്തിന്റെ ഞങ്ങളുടെ നല്ല സ്തുതി, അവിടുന്നു കണ്വന്റെ വിളികേട്ടതുപോലെ കേട്ടാലും!8
മുമ്പു ചൊല്ലപ്പെട്ടിരുന്ന മനനീയമായ സ്തോത്രം നിങ്ങൾ ഇന്ദ്രന്നയി പാടുവിൻ: ഇന്ദ്രന്റെ വളരെ മഹാരൂപങ്ങളെ സ്തുതിച്ചവരും, സ്തോതാവിന്നു മേധയുണ്ടാക്കിയവരുമാണല്ലോ നിങ്ങൾ.9
ഇന്ദ്രൻ വമ്പിച്ച സമ്പത്തുളവാക്കി: ദ്യാവാപൃഥിവികളെ ശരിയ്ക്കു നിർമ്മിച്ചു; സൂര്യനെ പ്രകാശിപ്പിച്ചു. തന്തിരുവടിയെ വിളങ്ങുന്ന തെളിത്തണ്ണീരുകൾ മത്തുപിടിപ്പിച്ചു – പാൽ പകർന്ന സോമനീർ മത്തു പിടിപ്പിച്ചു!10
[1] മനുവിങ്കൽ – മനുവിന്റെ അടുക്കൽ. അരുമറ = വേദം. ആയുവിങ്കലും – എന്റെ അടുക്കലും, സോമനീർ നുകർന്നും, അരുമറ കൈക്കൊണ്ടും എന്നെയും അങ്ങെയും ഒപ്പം ഇമ്പപ്പെടുത്തുന്നു.
[2] പുഷധ്രാദികൾ ഋഷിമാരത്രേ.
[3] കീഴമർത്തു – ശത്രുക്കളെ. മിത്രധർമ്മോപേതനായിട്ട് – മിത്രന്റെ, സൂര്യന്റെ, ധർമ്മങ്ങളോടെ ഉദയാസ്തമയവ്യാപാരങ്ങളോടേ. അളന്നതു് – മൂവുലകം.
[4] പയ്യിന്നു കറവുകാർ തീറ്റ കൊടുക്കുന്നതുപോലെ, അങ്ങയ്ക്കു ഞങ്ങൾ ഹവിസ്സർപ്പിയ്ക്കുന്നു.
[6] ദാതവ്യം = ദേയം, ധനാദി. ഉത്തരാർദ്ധം പരോക്ഷം:
[7] ഇന്ദ്രന്റെ സൂര്യരൂപത്വം: രണ്ടു ജന്മം – അദിതിയിൽ നിന്നു് ഇന്ദ്രനായും, ബ്രഹ്മവിദ്യയിൽനിന്നു ജഗദാത്മാവായുള്ള ജനനങ്ങൾ. തൂരിയ – മൂന്നവസ്ഥകളുടേയും മീതെ മേവുന്ന പ്രത്യഗാത്മാവേ.
[8] കൊടുക്കുമോ – അഭീഷ്ടം. അദ്ദേഹത്തിന്റെ – തദീയരായ.
[9] ഋത്വിക്കുകളോടു്: മഹാരൂപങ്ങൾ – ഗുണാവതാരങ്ങൾ. സ്തോതാവിന്ന് – എനിയ്ക്കു്.
[10] തണ്ണീരുകൾ – സോമത്തിൽ ചേർക്കുന്ന ഇരുതരം ജലങ്ങൾ; വസതീവരി, ഏകധനം, എന്നത്രേ അവയുടെ പേരുകൾ.