ബാലഖില്യസൂക്തം 5.
കണ്വപുത്രൻ മേധ്യൻ ഋഷി; ഛന്ദോദ്ദേവതകൾ മുമ്പേത്തവ.
ധനവാന്മാർക്കഭിമാനഭൂതൻ, വൃഷാക്കളിൽ ശ്രേഷ്ഠൻ, പുരികൾ പെരികെപ്പിളർത്തു ഗോക്കളെ കിട്ടിച്ചവൻ – ഇങ്ങനെയുള്ള ഈശ്വരനായ ഭവാനോടു മഘവാവേ, ഇന്ദ്ര, ഞങ്ങൾ സ്വത്തു യാചിയ്ക്കുന്നു.1
നാളിൽ നാളിൽ വളരുന്ന നിന്തിരുവടി ആയുവിനെയും കുത്സിനെയും അതിഥിഗ്വനെയും വലയ്ക്കുകയാണല്ലോ; ആ ഹര്യശ്വനായ, ശതക്രതുവായ നിന്തിരുവടിയെ അന്നകാമരായ ഞങ്ങൾ വിളിച്ചുകൊള്ളുന്നു.2
ദൂരത്തുള്ളവയും ചാരത്തുള്ളവയും ആളുകളുടെ ഇടയിൽ പിഴിയപ്പെട്ടുവല്ലോ; ആ മാമലയിൽപ്പിറന്നവയായ നമ്മുടെയെല്ലാം സോമങ്ങൾ മധുരരസം ഒഴുക്കട്ടെ!3
നിന്തിരുവടി ദ്രോഹികളെയെല്ലാം ആട്ടിപ്പായിയ്ക്കുക; രക്ഷിയ്ക്കുക; പുകൾപ്പെടുത്തുക. എല്ലാവരും തരട്ടേ, പണം! ആരുടെ സോമത്താൽ അങ്ങു് സംതൃപ്തിയടയുന്നുവോ, ആ സജ്ജനങ്ങളുടെ സോമരസം അങ്ങയെത്തെന്നെ മത്തുപിടിപ്പിയ്ക്കട്ടെ!4
ഇന്ദ്ര, ശോഭനബന്ധോ, സുഖപ്രദാതാവേ, ശോഭനബന്ധുക്കളായ, സുഖപ്രദങ്ങളായ, അനുഗ്രഹാന്വിതങ്ങളായ പ്രിയരക്ഷകളോടേ നിന്തിരുവടി തുലോമരികിൽ എഴുന്നള്ളിയാലും!5
പോരിൽജ്ജയിയ്ക്കുന്ന, ആളുകളെയെല്ലാം കീഴിൽ നിർത്തുന്ന, ശിഷ്ടരെ പാലിയ്ക്കുന്ന ധനം നിന്തിരുവടി കിടാങ്ങൾക്കരുളിയാലും: യാവചിലർ അങ്ങയ്ക്കായി സ്തുതിച്ചുകൊണ്ടു കർമ്മം ഇടവിടാതെ അനുഷ്ഠിയ്ക്കുന്നുവോ, അവരെ കല്പിച്ചുവളർത്തിയാലും!6
അങ്ങ് കാത്തരുളുമെന്നുറപ്പുള്ള ഞങ്ങൾ യുദ്ധങ്ങളിൽ ഭവദീയരായിത്തീരണം! ഹവിഷ്മാന്മാരായ ഞങ്ങൾ ദേവന്മാരെ വിളിയ്ക്കുന്ന സ്തോത്രങ്ങൾകൊണ്ടു വിളിച്ചുകൊള്ളുന്നു.7
ഹര്യശ്വാ, എന്നും അങ്ങയുടെ രക്ഷകളോടുകൂടിയാണല്ലോ, അന്നകാമനായ ഞാൻ അന്നത്തിന്നായി യുദ്ധത്തിലിറങ്ങാറുള്ളതു്; ഗോക്കളെയും അശ്വങ്ങളെയും കൊതിയ്ക്കുന്ന ഞാൻ മർദ്ദകരുടെ മുമ്പിൽ അങ്ങയോടുതന്നേ ചേർന്നു നിൽക്കും!8
[2] വളരുന്ന – സ്തുതികൊണ്ടു് വലയ്ക്കുക – അവർ ‘മതി, മതി’ എന്നു വിലക്കിയാലും, വീണ്ടും അഭീഷ്ടങ്ങൾ നല്കി നല്കി ക്ലേശിപ്പിയ്ക്കുക.
[3] പരോക്ഷം: ആളുകൾ – യജമാനർ. ഒഴുക്കട്ടെ – ഇന്ദ്രന്നായി.
[4] ദ്രോഹികളെ – ഞങ്ങളെ ദ്രോഹിയ്ക്കുന്നവരെ. തരട്ടേ – ഞങ്ങൾക്കു്.
[5] ശോഭനബന്ധുക്കൾ – നല്ല ബന്ധുക്കളോടുകൂടിയവ.
[6] കിടാങ്ങൾ – ഞങ്ങളുടെ കുഞ്ഞുങ്ങൾ. അവരെ – ഞങ്ങളെ.
[7] വിളിച്ചുകൊള്ളുന്നു – അങ്ങയെ.
[8] മർദ്ദകരുടെ മുമ്പിൽ – ശത്രുക്കൾ പീഡിപ്പിയ്ക്കുമ്പോൾ എന്നർത്ഥം.