ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഇന്ദ്രൻ ദേവത.
നമ്മുടെ ഈ മൊഴി രണ്ടും ഇന്ദ്രൻ അഭിമുഖനായി കേട്ടരുളട്ടെ; ഒരേനിനവോടെ, മഹാബലനായ മഘവാവു സോമം കുടിപ്പാൻ വരികയും ചെയ്യട്ടെ!1
ആ സ്വയം പ്രഭനെയാണല്ലോ, വാനൂഴികൾ വർഷകനും ഓജസ്കരനുമാക്കിയിരിയ്ക്കുന്നതു് അതിനാൽ അവിടുന്നു ഉപമാനഭൂതരിൽ ഒന്നാമനായി ഇരുന്നരുളുന്നു: സോമേച്ഛുവാണല്ലോ, അങ്ങയുടെ മനസ്സ്.2
ബഹുധന, ഇന്ദ്ര, അവിടുന്നു് സോമനീർ (തിരുവയറ്റിൽ) പകർന്നാലും: ഹരിയുക്ത, ഞങ്ങൾക്കറിയാം, അവിടുന്നു പടകളിൽ കീഴമർത്തുന്നവനും, അധൃഷ്യനായ ധർഷകനുമാണു്!3
അഭഗ്നസത്യനായ മഘവാവേ, അങ്ങനെതന്നെയാണു്: ഇന്ദ്ര, അവിടുന്നു് കർമ്മംകൊണ്ടു തൽപരനായിത്തീരും. നല്ല അണക്കടകളുള്ളോവേ, വജ്രധര, ചിക്കെന്നു് ചെല്ലുന്ന ഞങ്ങൾ ഭവദ്രക്ഷണത്താൽ അന്നം നേടുമാറാകണം!4
ശചീപതേ, ഇന്ദ്ര, ഭവാൻ മരുത്തുക്കളോടെല്ലാമൊന്നിച്ചു തന്നാലും; ശൂര, ഞങ്ങൾ ഭാഗ്യമെന്നപോലെ പുകഴ്‌ന്ന, ധനം കിട്ടിയ്ക്കുന്ന ഭവാനെ ഭജിയ്ക്കുമാറാകണം!5
ദേവ, അവിടുന്നു് അശ്വങ്ങളെ നിറയ്ക്കും; ഗോക്കളേ വളരെ കൊടുക്കും. ഒരു പൊന്നിൻനീരുറവാണ,വിടുന്നു്: അങ്ങയുടെ ദാനം ആരും ഭജ്ഞിയ്ക്കില്ല; ഞാൻ യാചിയ്ക്കുന്നതൊക്കെ കൊണ്ടുവന്നാലും!6
ഇന്ദ്ര, ഭവാൻ വന്നാലും. ആരാധകന്നു കൊടുപ്പാൻ ധനമെടുത്താലും: മഘവാവേ, ഗോവിനെ തേടുന്നവന്നു ഗോവിനെയും, അശ്വത്തെ തേടുന്നവന്ന് അശ്വത്തെയും കല്പിച്ചു നൽകുക!7
നിന്തിരുവടി വളരെ ആയിരവും നൂറും ഗോഗണത്തെ ഹവിർദ്ദാതാവിന്നു നല്കാറുണ്ടു്. പുരന്ദരനായ ഇന്ദ്രനെ ഞങ്ങൾ രക്ഷയ്ക്കായി പലതരത്തിൽ പുകഴ്ത്തിപ്പാടി, ഇങ്ങോട്ടു വരുത്തുന്നു!8
ഇന്ദ്ര, ശതക്രതോ, ക്രോധത്തിന്നു തടവില്ലാത്തവനേ, തന്റെ മഹത്വം കാട്ടുന്നവനേ, ബുദ്ധിഹീനനോ ബുദ്ധിമാനോ ആയ യാവനൊരുത്തൻ ഭവാനെ സ്തുതിയ്ക്കുമോ, അവൻ ഭവദ്ഭക്തിയാൽ തുലോം ആനന്ദിയ്ക്കും!9
കൈകൾ തടിച്ചുരുണ്ട നിഹന്താവായ പുരന്ദരൻ എന്റെ വിളി കേൾക്കുമെങ്കിൽ, ധനകാമരായ ഞങ്ങൾ ധനപതിയും ശതക്രതവുമായ ഇന്ദ്രനെ സ്തോത്രങ്ങൾകൊണ്ടു വിളിച്ചു കൊള്ളുന്നു!10
പുണ്യംചെയ്യാതെയല്ല, വട്ടം കൂട്ടാതെയല്ല, അഗ്നിയെകൂടാതെയല്ല, ഞങ്ങൾ സ്തുതിയ്ക്കുന്നതു് ഇപ്പോൾ ഒത്തൊരുമിച്ചു് സോമം പിഴിഞ്ഞുവെച്ചാണ്, ഞങ്ങൾ വൃഷാവായ ഇന്ദ്രനെ സഖാവാക്കുന്നതു്11
നടമിടുക്കുള്ള കുതിരയെ കണ്ടറിഞ്ഞ് ഒരു മികച്ച തേരാളി സമീപിയ്ക്കുന്നതുപോലെ, ആർ ഹവിഷ്മാങ്കലണയുമോ; ആ ബലിഷ്ഠനെ, പടകളിൽ കീഴമർത്തുന്നവനെ, സ്തുതിപ്പാൻ കടപ്പെടുത്തിയവനെ, അധൃഷ്യനെ നാം കൂട്ടിയിണക്കുക!12
ഇന്ദ്ര, ഞങ്ങൾ ആരെപ്പേടിയ്ക്കുന്നുവോ, അവനിൽനിന്നു ഞങ്ങൾക്കു് അഭയം തന്നാലും: മഘവാവേ, ശേഷിയുണ്ടല്ലോ അങ്ങയ്ക്ക്. അങ്ങ് രക്ഷകരെക്കൊണ്ടു, ഞങ്ങളെ ദ്രോഹിയ്ക്കുന്നവരെ – പീഡിപ്പിയ്ക്കുന്നവരെ ആട്ടിപ്പായിച്ചാലും!13
ധനപതേ, ആരാധകന്നു ധനവും ഗൃഹവും വർദ്ധിപ്പിയ്ക്കുന്നവനാണല്ലോ, അങ്ങ് ഇന്ദ്ര, മഘവാവേ, സ്തുതിസേവ്യ, ആ അങ്ങയെ ഞങ്ങൾ സോമം പിഴിഞ്ഞുവെച്ചു് വിളിയ്ക്കുന്നു.14
ജ്ഞാതാവും പരത്രാതാവും വൃത്രജേതാവുമായ ഇന്ദ്രൻ നമുക്കു വരേണ്യനാകുന്നു. തന്തിരുവടി നമ്മുടെ ആദിയിലും നടുവിലും ഒടുവിലുമുള്ളവനെ രക്ഷിയ്ക്കട്ടെ; തന്തിരുവടി നമ്മെ പിന്നിൽ കാത്തരുളട്ടെ; തന്തിരുവടി നമ്മെ പിന്നിൽ കാത്തരുളട്ടെ; തന്തിരുവടി മുന്നിൽ കാത്തരുളട്ടെ!15
ഇന്ദ്ര, നിന്തിരുവടി ഞങ്ങളെ പടിഞ്ഞാറുനിന്നും കിഴക്കുനിന്നും ചുവട്ടിൽനിന്നും മുകളിൽനിന്നും – എല്ലാടത്തുനിന്നും – രക്ഷിച്ചാലും: ഞങ്ങളിൽ നിന്നു ദേവഭയം അകറ്റുക; അസുരായുധങ്ങളും അകറ്റുക!16
ഇന്ദ്ര, അവിടുന്നു് ഇന്നുമിന്നും, നാളെയും നാളെയും മറ്റന്നാളും ഞങ്ങളെ കാത്തരുളണം: സൽപതേ, സ്തുതിയ്ക്കുന്ന ഞങ്ങളെ എല്ലാ നാളിലും പകലിരവു പാലിച്ചാലും!17
തച്ചുടയ്ക്കുന്ന ശൂരനും, ബഹുധനനും, വീര്യത്തിന്നായി വഴിപോലെ കൂട്ടിച്ചേർക്കുന്നവനുമാകുന്നു, മഘവാവ്. ശതക്രതോ, ഭവാന്റെ വജ്രം വഹിച്ച തൃക്കൈരണ്ടും (അഭീഷ്ടങ്ങളെ) വർഷിയ്ക്കും!18
[1] ഈ മൊഴി രണ്ടും – സ്തോത്രവും ശാസ്ത്രവും. ഒരേ – നമ്മുടെ നിനവിന്നൊത്ത.
[2] ആദ്യഭാഗം പരോക്ഷോക്തി: ഉപമാനഭൂതരിൽ – മറ്റു ദേവന്മാരിൽ. അന്ത്യവാക്യം പ്രത്യക്ഷം.
[4] കീഴമർത്തുന്നവനും – ശത്രുക്കളെ, ചെല്ലുന്ന – യുദ്ധത്തിന്ന്. അന്നം – തോല്പിയ്ക്കപ്പെട്ട ശത്രുക്കളുടെ.
[6] നിറയ്ക്കും – സ്തോതാക്കൾക്ക്.
[7] തേടുന്നവന്നു – ഇച്ഛിയ്ക്കുന്ന എനിയ്ക്കു്.
[8] ഒടുവിലെ വാക്യം പരോക്ഷം.
[10] നിഹന്താവു് – ശത്രുക്കളെ കൊല്ലുന്നവൻ.
[11] വട്ടം – ഹവിസ്സും മറ്റും.
[12] കീഴമർത്തുന്നവനെ – ശത്രുക്കളെ. സ്തുതിപ്പാൻ കടപ്പെടുത്തിയവനെ – മനുഷ്യരുടെ കടമയാണു്, ഇന്ദ്രനെ സ്തുതിയ്ക്കൽ. അധൃഷ്യനെ – ഇന്ദ്രനെ.
[13] രക്ഷകർ – സ്വന്തം ആൾക്കാർ.
[15] പരത്രാതാവ് = മറ്റുള്ളവരെ രക്ഷിയ്ക്കുന്നവൻ. ഉള്ളവനെ – പുത്രനെ.
[16] ദേവഭയം – ദേവന്മാരിൽ നിന്നുള്ള ആപത്തു്.
[18] തച്ചുടയ്ക്കുന്ന – വൈരിനഗരങ്ങളെ. വീര്യത്തിന്നായി – യുദ്ധത്തിൽ വിക്രമിപ്പാൻ.