കണ്വപുത്രൻ പ്രഗാഥൻ ഋഷി; പഞ്ചപദാപംക്തിയും ബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
ഇന്ദ്രൻ കേൾക്കുമെങ്കിൽ, നിങ്ങൾ ചെന്നു കേമമായി സ്തുതിയ്ക്കുവിൻ. സോമവാന്മാർ തന്തിരുവടിയ്ക്കുള്ള മഹത്തായ അന്നം ഉക്ഥങ്ങൾകൊണ്ടു വർദ്ധിപ്പിയ്ക്കുന്നു: സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!1
നേതാക്കളിൽ മുഖ്യനും നിസ്തുല്യനും അക്ഷയ്യനുമായ തന്തിരുവടി ഒറ്റയ്ക്കു, പണ്ടും ഇന്നുമുള്ള പ്രജകളെയെല്ലാം ബലത്താൽ അതിലംഘിച്ചു വളർന്നിരിയ്ക്കുന്നു. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!2
ഈ ക്ഷിപ്രപ്രദാനൻ, കുതിരയെത്തെളിയ്ക്കാതെയാണ്, യാത്ര ചെയ്യുക: ഇന്ദ്ര, അതിനാൽ വർണ്ണനീയംതന്നെ, ഭവാന്റെ ആ വീര്യപ്രകടനം. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!3
ഇന്ദ്ര, വന്നാലും. അങ്ങയെക്കുറിച്ചു് ഞങ്ങൾ ഉന്മേഷകരങ്ങളായ സ്തോത്രങ്ങൾ ചൊല്ലാം: ബലിഷ്ഠ, അവയാലാണല്ലോ, ഭവാൻ ഇവിടെ അന്നകാമന്നു നന്മ വരുത്താനൊരുങ്ങുന്നതു്. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ! 4
ഇന്ദ്ര, ഭവാൻ മനസ്സിനെ ധൃഷ്ടാൽധൃഷ്ടമാക്കും. കടുംസോമംകൊണ്ടു് പൂജിയ്ക്കുകയും, നമസ്കാരം ചാർത്തിയ്ക്കുകയും ചെയ്യുന്നവന്റെയാണു്, ഭവാൻ. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!5
സ്തുതിയ്ക്കപ്പെട്ടാൽ അവിടുന്നു, മനുഷ്യൻ കിണറുകളെയെന്നപോലെ, തൃക്കൺപാർക്കും. പ്രസാദിച്ചാൽ പ്രവൃദ്ധനായ സോമവാന്റെ സഖാവായിച്ചേരുകയും ചെയ്യും. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!6
ഇന്ദ്ര, അങ്ങയെ അനുസരിയ്ക്കയാലാണു്, ദേവന്മാർക്കെല്ലാം വീര്യവും പ്രജ്ഞയുമുണ്ടായതു്: ബഹുസ്തുത, അവിടുന്നാണ്, സർവഗോക്കളുടേയും ഉടമ. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!7
ഇന്ദ്ര, ഞാൻ അങ്ങയുടെ ആ ബലം അരികേ കണ്ടു, യജ്ഞത്തിന്നായി പാടിപ്പുകഴ്ത്തുന്നു: ശചീപതേ, അങ്ങ് വൃത്രനെ കെല്പാൽ കൊന്നുവല്ലോ. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!8
ഒരു വേശ്യ ആലിംഗനേച്ഛുക്കൾക്കെന്നപോലെ, ഇന്ദ്രൻ മനുഷ്യർക്കു് കാലഘട്ടങ്ങൾ കിട്ടിച്ചിരിയ്ക്കുന്നു: ഈ അടയാളത്താൽ അവിടുന്ന് വിശ്രുതനായിത്തീർന്നു. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!9
ഇന്ദ്ര, പശുക്കൾ ധാരാളമുള്ള മഘവാവേ, ഭവാന്റെ സുഖത്തിലിരിയ്ക്കുന്നവർ ഭവാന്റെ ബലത്തെയും, ഭവാനെയും, ഭവാന്റെ തിരുവുള്ളത്തെയും തുലോം വളർത്തിപ്പോരുന്നു. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ! 10
വൃത്രഹന്താവേ, ഞാനും അവിടുന്നും കൂടിച്ചേരുക, നേട്ടമുണ്ടാകുംവരെ: വജ്രിൻ, ശൂര, നാമിരുവരും ഒന്നിച്ചാൽ, അറുപിശുക്കന്മാരും കൊണ്ടാടിക്കൊള്ളും. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!11
സത്യമായിത്തന്നെയാണു്, അസത്യമായിട്ടല്ല, ആ ഇന്ദ്രനെ ഞങ്ങൾ സ്തുതിയ്ക്കുന്നതു്: സോമം പിഴിയാത്തവനെ നിഗ്രഹിയ്ക്കും; ധാരാളം പിഴിയുന്നവനെ അനുഗ്രഹിയ്ക്കും; രണ്ടും മഹത്തായിരിയ്ക്കും. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!12
[1] ഋത്വിക്കുകളോടു്: സോമവാന്മാർ – യജമാനന്മാർ. അന്നം – ഹവിസ്സ്.
[2] നേതാക്കൾ – ദേവന്മാർ.
[3] ക്ഷിപ്രപ്രദാനൻ – അഭീഷ്ടം വേഗത്തിൽ കൊടുക്കുന്നവൻ, ഇന്ദ്രൻ തെളിയ്ക്കാതെ – കുതിര ഉദ്ദിഷ്ടസ്ഥലത്തെയ്ക്കു സ്വയം നടന്നുകൊള്ളും.
[5] ചെയ്യുന്നവന്റെ – യജമാനന്റെ.
[6] മനുഷ്യൻ – ദാഹം പൂണ്ട ആൾ. തൃക്കൺപാർക്കും – സോമത്തെ. പ്രസാദിച്ചാൽ – സോമപാനത്താൽ.
[9] വേശ്യ ഓരോ പുരുഷനും സമയം കുറിച്ചുകൊടുക്കുമല്ലോ.
[11] നേട്ടം – ധനലാഭം. കൊണ്ടാടിക്കൊള്ളും – അങ്ങയുടെ ധനദാനത്തെ.
[12] നിഗ്രഹിയ്ക്കും – ഇന്ദ്രൻ. രണ്ടു – നിഗ്രഹവും, അനുഗ്രഹവും.