പ്രിയമേധൻ ഋഷി; അനുഷ്ടുപ്പും ഉഷ്ണിക്കും ഗായത്രിയും പംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രനും വിശ്വേദേവകളും വരുണനും ദേവത.
വീരന്മാരെ ഇമ്പപ്പെടുത്തുന്ന ഇന്ദ്രന്നു നിങ്ങൾ മൂന്നുതരത്തിൽ സ്തുതിച്ചുകൊണ്ടു അന്നം ഒരുക്കുവിൻ: അവിടുന്നു നിങ്ങളെ യജ്ഞസിദ്ധിയ്ക്കു തിലോം മനസ്സുവെച്ചു കൊണ്ടാടും!1
ഞാൻ നിങ്ങൾക്കായി, ഉഷസ്സുകളെ ഉൽപാദിപ്പിച്ചവനെ, നദികളെ ഇരമ്പിച്ചവനെ, നിങ്ങൾക്കായി ഗോപതിയെ (വിളിയ്ക്കാം): കറവപൈക്കൾക്കു് തീറ്റ തേടുകയാണല്ലോ, ഭവാൻ.2
ദേവകൾ പിറന്നേടത്തു – വിളങ്ങുന്ന വിണ്ണിൽ – വർത്തിയ്ക്കുന്ന, കിണറുപോലെ ചുരത്തുന്ന ആ വിചിത്രധേനുക്കൾ തന്തിരുവടിയ്ക്കു മൂന്നു സവനങ്ങളിലും സോമം കൂട്ടുന്നു!3
സത്യത്തിന്റെ മകനും, സൽപതിയും, ഗോപതിയുമായ ഇന്ദ്രനെ നീ കല്പിച്ചറിയുമാറു സ്തുതിയ്ക്കുക!4
തിളങ്ങുന്ന പച്ചക്കുതിരകൾ, നാം സ്തുതിയ്ക്കുന്നേടത്തു് ദർഭയിൽ വന്നെത്തട്ടെ!5
വജ്രപാണിയായ ഇന്ദ്രന്നു പൈക്കൾ, അവിടുന്നു് അരികേ സോമം കൈക്കൊള്ളുമ്പോൾ, കൂട്ടുപാൽ ചുരത്തുന്നു!6
ഇന്ദ്രനും ഞാനും സൂര്യന്റെ പാർപ്പിടത്തിൽ ചെന്നാൽ, ഞങ്ങൾ ഒപ്പം മധു കുടിച്ചു, സഖാവിന്റെ ഇരുപത്തൊന്നാം സ്ഥാനത്തു നിവസിയ്ക്കും!7
നിങ്ങൾ അർച്ചിയ്ക്കുവിൻ – മികവിൽ അർച്ചിയ്ക്കുവിൻ! പ്രിയമേധഗോത്രരേ, നിങ്ങൾ അർച്ചിയ്ക്കുവിൻ: പുത്രന്മാരും അർച്ചിയ്ക്കട്ടെ – ഒരു ധർഷകമായ പുരത്തെ എന്നപോലെ അർച്ചിയ്ക്കുവിൻ!8
ഇതാ, ചെല്ലരിപ്പറ മുഴങ്ങുന്നു; ചുറ്റും കയ്യുറ മുരളുന്നു; വിൽ ഞാൻ അലയടിയ്ക്കുന്നു. അതിനാൽ ഇന്ദ്രന്നു മികച്ച സ്തോത്രം ഉച്ചരിയ്ക്കുവിൻ!9
വെളുത്തു തടിച്ച കറവപൈക്കൾ വരുന്നെതെപ്പോഴോ, അപ്പോൾ നിങ്ങൾ ഇന്ദ്രന്നു കുടിപ്പാൻ ധാരാളം സോമമൊരുക്കുവിൻ!10
ഇന്ദ്രൻ കുടിച്ചു; അഗ്നി കുടിച്ചു; ദേവകൾക്കെല്ലാം വയർ നിറഞ്ഞു. വരുണനും ഇവിടെ വസിയ്ക്കട്ടെ. തന്തിരുവടിയെക്കുറിച്ചു തണ്ണീരുകൾ, കുട്ടിയോടു ചേർന്ന പൈക്കൾപോലെ ഇരമ്പുമല്ലോ!11
വരുണ, ഒരു നല്ല ദേവനാണ,വിടന്നു്: അങ്ങയുടെ അണ്ണാക്കിലെയ്കു്, ഒരു ലോഹപ്രതിമയുടെ പഴുതിലെയ്ക്കെന്നപോലെ ഒഴുകുന്നുണ്ടല്ലോ, സപ്തനദികൾ!12
ആർ ഹവിർദ്ദാതാവിന്നു വിചിത്രഗതികളായ തേർക്കുതിരകളെ അയയ്ക്കുമോ, ആ ഗമനശീലനായ, ഉപമാനഭൂതനായ നേതാവു് അപ്പോൾത്തന്നെ തടവു വിട്ടു് മഴപൊഴിയ്ക്കുന്നു!13
ശക്രനായ ഇന്ദ്രൻ പിന്നിട്ടെഴുന്നള്ളും – പറ്റലരെയെല്ലാം പിന്നിടും. മീതേ മേവുന്ന ആ കമനീയൻ മിന്നൽപ്പിണരിന്റെ തല്ലേല്ക്കുന്ന മേഘത്തെ പിളർത്തും!14
തന്തിരുവടി, ഒരു കൊച്ചുകുട്ടിയെപ്പോലെ, സ്തുത്യമായ രഥത്തിലിരിയ്ക്കും; അച്ഛനമ്മമാർക്കുവേണ്ടി, പാഞ്ഞുനടത്തുന്ന പൂരുകർമ്മാവായ പെരുംകാറിനെ വഴിപ്പെടുത്തും!15
നല്ല അണക്കടകളുള്ള സ്വാമിൻ, അവിടുന്നു് ആയിരം വട്ടും നടമിടുക്കും ചേർന്ന, നിരഘമായ, മിന്നിത്തിളങ്ങുന്ന പൊന്നിൻതേരിൽ കേറുക; എന്നിട്ടു, നമുക്കിരുവർക്കും ഒരുമിയ്ക്കാം!16
ആ സ്വയം വിളങ്ങുന്നവനെ (ആളുകൾ) ഇങ്ങനെ സ്തുതിച്ചു സേവിയ്ക്കുന്നു; ഹവിസ്സിനായി കുതിരകൾ കൊണ്ടുവരുമ്പോൾ, തന്തിരുവടിയുടെ ഈടുവെപ്പിൽനിന്നു ധനവും (നേടുന്നു)!17
മികച്ച പ്രദാനത്തിനായി ദർഭ വിരിച്ചു ഹവിസ്സൊരുക്കിയ പ്രിയമേധന്മാർ ഇവരുടെ പുരാതനസ്ഥാനം പ്രാപിച്ചിരിയ്ക്കുന്നു!18
[1] അധ്വര്യുക്കളോട്: മൂന്നുതരത്തിൽ – ഋഗ്യജൂസ്സാമങ്ങളാൽ.
[2] ഒടുവിലെ വാക്യം യജമാനനോടു്.
[3] വിണ്ണിൽ – യജ്ഞത്തിന്നുപയോഗിയ്ക്കപ്പെട്ട ഗോക്കൾക്കു് സ്വർഗ്ഗം കിട്ടുമല്ലോ. സോമം കൂട്ടുന്നു – സോമത്തിൽ പാൽ ചേർക്കുന്നു.
[4] തന്നോടുതന്നെ: സത്യത്തിന്റെ മകൻ – സത്യസ്നേഹി എന്നു സാരം. കല്പിച്ചറിയുമാറു് – അവിടുന്നു് നിന്നെ അറിയത്തക്കവണ്ണം.
[5] നാം സ്തുതിയ്ക്കുന്നേടത്തു് – ഇന്ദ്രനെ.
[6] കൂട്ടുപാൽ – സോമനീരിൽ പകരാനുള്ള പാൽ.
[7] മധു – മധുരസോമം. സഖാവിന്റെ – സൂര്യന്റെ. ഇരുപത്തൊന്നാം – ദേവലോകത്തിൽ ഇരുപത്തൊന്നാമത്തതത്രേ, സൂര്യന്റെ ഇരിപ്പിടം.
[8] സ്വജനങ്ങളോടു്: അർച്ചിയ്ക്കുവിൻ – ഇന്ദ്രനെ സ്തുതിയ്ക്കുവിൻ.
[9] ചെല്ലരിപ്പറ – ഒരുതരം പടഹം. അതിനാൽ – യുദ്ധം സമീപിച്ചിരിയ്ക്കയാൽ.
[12] അണ്ണാക്ക് – സമുദ്രം.
[13] ഗമനശീലൻ യാഗങ്ങളിലൊക്കെ ചെല്ലുന്നവൻ. നേതാവു് – ഇന്ദ്രൻ, തടവു വിട്ടു – വൃഷ്ടിനിവാരകരിൽനിന്നു വിമുക്തനായിട്ടു്.
[14] മീതേ – മേഘോപരി.
[15] അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ. വഴിപ്പെടുത്തും – മഴ പെയ്യാൻ.
[16] വട്ട് – ചക്രം. കേറുക – ഹവിസ്സു സ്വീകരിച്ചിട്ടു, തിരിയേ പോകാൻ. ഒരുമിയ്ക്കാം – അവിടുന്നു കേറിയതിന്നുശേഷം ഞാനും കേറാം.
[17] കൊണ്ടു വരുമ്പോൾ – തന്തിരുവടിയെ.
[18] പ്രദാനം – ഹവിരർപ്പണം. ഇവരുടെ – ഇന്ദ്രാദിദേവന്മാരുടെ.