അംഗിരോഗോത്രൻ പൂരുഹന്മവു് ഋഷി; ബൃഹതിയും സതോബൃഹതിയും ഉഷ്ണിയ്ക്കും അനുഷ്ടുപ്പും പൂരഉഷ്ണിയ്ക്കും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
മനുഷ്യർക്കു തമ്പുരാൻ, തേരിലെഴുന്നള്ളുന്നവൻ, അജ്ഞാതഗമനൻ, പടകളെയെല്ലാം മറുകരയ്ക്കണയ്ക്കുന്നവൻ, വൃത്രനെ കൊന്നവൻ – ഇങ്ങനെയുള്ള ഉന്നതനെ ഞാൻ സ്തുതിയ്ക്കുന്നു.1
രണ്ടു ഭാവം ആർക്കുണ്ടോ; ആരുടെ കയ്യിൽ മഹത്തായ വജ്രം, അഹസ്സിൽ സൂര്യനെന്നപോലെ കാണപ്പെടുമോ; നിനക്കു താങ്ങായ ആ ഇന്ദ്രനെ പുരൂഹന്മാവേ, നീ രക്ഷയ്ക്കായി ചമയിയ്ക്കുക!2
നിത്യവർദ്ധകനും, വിശ്വസ്തുത്യനും, മഹാനും, അധൃഷ്യനും, ധർഷകബലനുമായ ഇന്ദ്രനെ ആർ യജിയ്ക്കുമോ, അവനെ ആരും എതിർക്കില്ല!3
ആർ ജനിച്ചപ്പോൾ വലിയപൈക്കൾ പാഞ്ഞണഞ്ഞു വഴിപോലെ സ്തുതിച്ചുവോ, വിൺമന്നുകളും സ്തുതിച്ചുവോ, ആ അവിഷഹ്യനെ – പടകളിൽ അടിപ്പെടുത്തുന്ന ഉദഗ്രബലനെ – (ഞാൻ സ്തുതിയ്ക്കുന്നു.)4
ഇന്ദ്ര, അവിടെയ്ക്കു പകരംനില്പാൻ നൂറു വിണ്ണുകളോ നൂറു മന്നുകളോ പോരാ. വജ്രിൻ, ആയിരം സൂര്യന്മാരും അങ്ങയെ വെളിപ്പെടുത്തില്ല. ജനിച്ചതൊന്നും – വാനൂഴികളും – കിടനില്ക്കില്ല!5
ബലിഷ്ഠനായ വൃഷാവേ, അങ്ങ് അനല്പമായ കെല്പുകൊണ്ടു് എല്ലാ ബലങ്ങളെയും നിറയ്ക്കാറുണ്ടല്ലോ. വജ്രിൻ, മഘവാവേ, നിന്തിരുവടി ഞങ്ങളെ പൈത്തൊഴുത്തിന്നായി, വിവിധരക്ഷകളാൽ പാലിച്ചാലും!6
ആർ എഴുന്നള്ളാൻ നാനാവർണ്ണാശ്വങ്ങളെ പൂട്ടുമോ, രണ്ടു ഹരികളെ പൂട്ടുമോ, ആ ദീർഗ്ഘായുസ്സായ ഇന്ദ്രനെ സേവിയ്ക്കാത്ത മനുഷ്യന്നു യാതൊരന്നവും കിട്ടില്ല!7
ആരെ വെള്ളത്തിൽ, ആരെ കരയിൽ വിളിയ്ക്കേണമോ; ആരെ യുദ്ധത്തിൽ വിളിയ്ക്കേണമോ; ആ പൂജനീയനായ ഇന്ദ്രനെ മഹാന്മാരായ നിങ്ങൾ നേട്ടത്തിനായി സേവിയ്ക്കുവിൻ!8
വസോ, ശൂര, അവിടുന്നു് ഞങ്ങളെ വലിയ അന്നത്തിന്നായി ഉയർത്തിയാലും; മഘാവാവേ, വലിയ ധനദാനത്തിന്നായി ഉയർത്തിയാലും; ഇന്ദ്ര, വലിയ യശസ്സിനായി ഉയർത്തിയാലും!9
ഇന്ദ്ര, യജ്ഞകാമനായ ഭവാൻ ഞങ്ങളെ അയഷ്ടാവിന്റെ ധനംകൊണ്ടു സംതൃപ്തരാക്കണം; ബഹുധന, തൃത്തുടകളുടെ ഇടയിൽ നിർത്തണം; ദ്രോഹിയെ ആയുധംകൊണ്ടുകൊല്ലണം!10
അന്യകർമ്മാവിനെ, മനുഷ്യർക്കപ്രിയനെ, അയഷ്ടാവിനെ, അദേവകാമനെ, സഖാവായ പർവതൻ സ്വർഗ്ഗത്തിൽ നിന്നു വീഴ്ത്തും; പർവതൻ പാപിയെ മൃത്യുവിന്നയയ്ക്കും!11
ഇന്ദ്ര, ബലവാനെ, അസ്മൽകാമനായ അവിടുന്നു ഞങ്ങൾക്കു തരാൻ പൈക്കളെ, പൊരിയവിൽപോലെ കയ്യിൽ പിടിച്ചാലും; അസ്മൽക്കാമനായിട്ടു രണ്ടാമതും പിടിച്ചാലും!12
സഖാക്കളേ, യജ്ഞത്തിന്നൊരുങ്ങുവിൻ: നിഹന്താവിനെ നാം എങ്ങനെ സ്തുതിയ്ക്കേണ്ടൂ? ഊട്ടുന്നവനും, പുറപ്പെടുവിയ്ക്കുന്നവനും, തലകുനിയ്ക്കാത്തവനുമാണല്ലോ, അദ്ദേഹം!13
സർവാരാധ്യ, യജമാനരായ വളരെ ഋഷിമാർ അങ്ങയെ സ്തുതിയ്ക്കുന്നുണ്ടു്. നിഹന്താവേ, അവിടുന്നു് ഇങ്ങനെ ഒന്നൊന്നായി പൈക്കിടാങ്ങളെ കല്പിച്ചുകൊടുക്കുന്നു!14
മഘവാവു മൂന്നു ശൂരയോദ്ധാക്കളുടെ പൈക്കളെയും കിടാവിനെയും, ഇടയൻ കറക്കാൻ പെണ്ണാടിനെയെന്നപോലെ, ചെവിമേൽ പിടിച്ചു നമുക്കായി കൊണ്ടുവരട്ടെ!15
[1] ഉന്നതൻ – ഗുണാധികൻ, ഇന്ദ്രൻ.
[2] തന്നോടുതന്നെ: രണ്ടുഭാവം – നിന്റെ ശത്രുക്കളെ നിഗ്രഹിയ്ക്കുന്നതിൽ ക്രൂരത; നിന്നെ അനുഗ്രഹിയ്ക്കുന്നതിൽ സൗമ്യത. ചമയിയ്ക്കുക – ഹവിർദ്ദാനാദിയാലണിയിയ്ക്കുക.
[3] എതിർക്കില്ല – പീഡിപ്പിയ്ക്കാൻ ശക്തനാകില്ല.
[4] അടിപ്പെടുത്തുന്ന – എതിരാളികളെ.
[6] ബലങ്ങൾ – ശത്രുബലങ്ങൾ. കെല്പുകൊണ്ടു നിറയ്ക്കുക – സ്വബലം ശത്രുബലങ്ങളിലെങ്ങും വ്യാപിപ്പിച്ചു്, അവയെ അടിപെടുത്തുക എന്നർത്ഥം. പൈത്തൊഴുത്തിന്നായി – ശത്രുക്കളുടെ ഗോശാല പിടിച്ചടക്കാൻ.
[7] എഴുന്നള്ളാൻ – യാഗങ്ങളിൽ പോകാൻ. ദീർഗ്ഘായുസ്സ് – മരണരഹിതൻ.
[8] ഋത്വിക്കുകളോടു്: നേട്ടം – ധനലാഭം.
[10] സന്തൃപ്തരാക്കണം – യജ്ഞരഹിതന്റെ സമ്പത്തു കൈലാക്കി. ഞങ്ങൾക്കു തരണം; എന്നാൽ ഞങ്ങൾ യജ്ഞം ചെയ്തുകൊണ്ടിരിയ്ക്കുമെന്നു് ധ്വനി. നിർത്തണം – അപായം വരാതിരിയ്ക്കാൻ.
[11] സഖാവായ പർവതൻ – ഇന്ദ്രന്റെ സഖാവായിബ്ഭവിച്ച പർവതനെന്ന ഋഷി. മറ്റു ദേവനെ യജിച്ചു സ്വർഗ്ഗത്തിൽച്ചെന്നവനെയും പർവ്വതൻ പിടിച്ചുതള്ളും!
[13] ഋത്വിക്കുകളോടു നിഹന്താവു് – ശത്രുക്കളെ കൊല്ലുന്നവൻ, ഇന്ദ്രൻ. ഊട്ടുന്നവൻ – അന്നദാതാവു്. പുറപ്പെടുവിയ്ക്കുന്നവൻ – പ്രാണികളെ വ്യാപരിപ്പിയ്ക്കുന്നവൻ.
[14] നിഹന്താവേ – രിപുഘ്ന. പൈക്കിടാങ്ങളെ എന്നതിൽ പൈക്കളും ഉൾപ്പെട്ടിരിയ്ക്കുന്നു. കൊടുക്കുന്നു – സ്തോതാക്കൾക്കു്.
[15] മൂന്നു – ഒരു ശൂരയോദ്ധാവിന്റേതു പോരാ.