സുദീതിയോ പുരുമീള് ഹനോ ഋഷി; ഗായത്രിയും ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; അഗ്നി ദേവത.
അഗ്നേ, തേജോയുക്തനായ നിന്തിരുവടി ഞങ്ങളെ എല്ലാപ്പിശുക്കങ്കൽനിന്നും, ദ്രോഹിയ്ക്കുന്ന മനുഷ്യങ്കൽനിന്നും രക്ഷിയ്ക്കണം!1
പ്രിയജന്മാവേ, ആണിന്റേതായ അങ്ങയുടെ അരിശം കുറയില്ല; ഭവാന്റെതന്നെയാണല്ലോ, രാത്രി!2
ബലപുത്ര, സ്തുത്യപ്രകാശ, ആ നിന്തിരുവടി എല്ലാദ്ദേവന്മാരോടുംകൂടി, ഞങ്ങൾക്കു വിശ്വവരേണ്യമായ ധനം കല്പിച്ചുതന്നാലും!3
അഗ്നേ, യാതൊരു ഹവിർദ്ദാതാവിനെ അങ്ങ് രക്ഷിയ്ക്കുമോ, ആ മനുഷ്യനെ പിശുക്കന്മാർ സമ്പത്തിൽനിന്നു വേർപെടുത്തില്ല!4
മേധാവിൻ, അഗ്നേ, നിന്തിരുവടി യാതൊരുവനെ യജ്ഞാനുഷ്ഠാനത്തിലിറക്കുമോ, അവൻ ധനലബ്ധിയ്ക്കു്, അങ്ങയുടെ രക്ഷയാൽ ഗോസാമേതനായിത്തീരും!5
അഗ്നേ, ഹവിസ്സർപ്പിയ്ക്കുന്ന മനുഷ്യന്നു വളരെ വീരന്മാരെയും സമ്പത്തും നിന്തിരുവടി നല്കാറുണ്ടല്ലോ; ഞങ്ങൾക്കും ധനം കൊണ്ടുവരിക!6
ജാതവേദസ്സേ, അവിടുന്നു ഞങ്ങളെ രക്ഷിയ്ക്കണം: ദ്രോഹിയ്ക്കാൻ നോക്കുന്ന ദുരാശനായ മനുഷ്യന്നു വിട്ടുകൊടുക്കരുതു്!7
അഗ്നേ, ദേവനായ ഭവാന്റെ ദാനം ഒരദേവൻ വേർപെടുത്തരുതു്; ധനങ്ങളുടെ അധിപതിയാണല്ലോ, അവിടുന്നു്!8
സഖേ, ബലപുത്ര, വസോ, ആ നിന്തിരുവടി സ്തോതാക്കളായ ഞങ്ങൾക്കു വമ്പിച്ച ധനം കിട്ടിയ്ക്കാറുണ്ടല്ലോ!9
കിടക്കുന്ന ജ്വാലകളുള്ള ദർശനീയങ്കൽ, പുരുധനങ്കൽ, പുരുസ്തുതങ്കൽ ചെന്നെത്തെട്ടേ, നമ്മുടെ സ്തുതികളും യജ്ഞങ്ങളും ഹവിസ്സുകളും രക്ഷയ്ക്കു് – 10
ബലപുത്രങ്കൽ, ജാതവേദസ്സിങ്കൽ, അഗ്നിയിൽ ചെന്നെത്തട്ടേ, വേണ്ടതൊക്കെ കിട്ടാൻ: അമർത്ത്യൻ, മർത്ത്യരിൽ ചേർന്നവൻ, എന്നീ രണ്ടവസ്ഥയുണ്ട,വിടെയ്ക്കു്: അവിടുന്നു പ്രജകളിൽ ഹോതാവായിട്ടു്, അത്യന്തം ആഹ്ലാദിപ്പിയ്ക്കുന്നുണ്ടല്ലോ!11
നിങ്ങളുടെ ദേവയജനത്തിന്നു ഞാൻ അഗ്നിയെ, യാഗം തുടങ്ങുമ്പോൾ അഗ്നിയെ, കർമ്മങ്ങളിൽ മുമ്പേ അഗ്നിയെ, വിഘ്നം വന്നാൽ അഗ്നിയെ, വയൽ കിട്ടാൻ അഗ്നിയെ (സ്തുതിയ്ക്കാം).12
അഗ്നി സഖാവായ എനിയ്ക്കു് അന്നം തരട്ടെ: സ്വത്തുകളുടെ അധിപതിയാണല്ലോ, അവിടുന്നു് ഞങ്ങൾ അഗ്നിയോടു – വസുവായി വർത്തിയ്ക്കുന്ന തനൂനപാത്തിനോടു – പുത്രനും പൗത്രനുംവേണ്ടി വളരെ (ധനം) യാചിയ്ക്കുന്നു.13
പുരുമീള്ഹ, നീ രക്ഷയ്ക്കു, കിടക്കുന്ന ജ്വാലകളുള്ള അഗ്നിയെ, നീ ധനത്തിന്നു് അഗ്നിയെ, പാടിസ്തുതിയ്ക്കുക; നേതാക്കളാൽ പുകഴ്ത്തപ്പെടുന്ന അഗ്നിയോടു സുദീതിയ്ക്കായി ഗൃഹം യാചിയ്ക്കുക.14
നാം, നമ്മുടെ ശത്രുക്കളെ അകറ്റാൻ അഗ്നിയെ, സുഖം തരാനും അഗ്നിയെ സ്തുതിയ്ക്കുക: പ്രജകൾക്കെല്ലാം രാജാവെന്നപോലെ, ഋഷികൾക്കു വാസയിതാവും ആഹ്വാതവ്യനുമായിബ്ഭവിയ്ക്കട്ടേ, അവിടുന്നു്!15
[2] അരിശം – ഔജ്ജ്വല്യം. കുറയില്ല – ഞങ്ങൾ രക്ഷിയ്ക്കുന്നതിനാൽ, പകൽനേരത്തും മങ്ങില്ല. രാത്രിയാകട്ടേ, ഭവാന്റെ തന്നെയാണല്ലോ: രാത്രിയിൽ ഏറെ ജ്വലിയ്ക്കും.
[4] പിശുക്കന്മാർ – ലുബ്ധരായ ശത്രുക്കൾ.
[6] വീരന്മാർ – പുത്രാദികൾ.
[8] അദേവൻ – ദേവനില്ലാത്തവൻ, മനുഷ്യനും മറ്റും.
[11] പ്രജകളിൽ – യാഗംചെയ്യുന്ന ആളുകളിൽ.
[12] യജമാനരോടു്.
[13] തനൂനപാത്ത് – ദേഹരക്ഷകൻ; അഗ്നിയുടെ ഒരു പര്യായമാണതു്.
[14] പുരുമീള്ഹനും, സുദീതിയും, ഈ സൂക്തത്തിന്റെ ഋഷിമാർ.
[15] ഋഷികൾക്കു് – നമുക്കു്.