ഗോപനവൻ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; അഗ്നി ദേവത.
അന്നം കാംക്ഷിയ്ക്കുന്ന നിങ്ങൾ മനുഷ്യന്നു മനുഷ്യന്ന് അതിഥിയും ബഹുപ്രിയനുമായ അഗ്നിയെ (പരിചരിയ്ക്കുവിൻ); ഞാനും നിങ്ങൾക്കുവേണ്ടി സുഖത്തിന്നു രഹസ്യമന്ത്രങ്ങൾകൊണ്ടു സ്തുതിയ്ക്കാം.1
നെയ്യു ഹോമിയ്ക്കപ്പെടുന്ന തന്തിരുവടിയെ, ആളുകൾ ഹവിസ്സൊരുക്കി, ഒരു മിത്രത്തെയെന്നപോലെ വാഴ്ത്തി സ്തുതിയ്ക്കുന്നു.2
കൊണ്ടാടുന്ന ജാതവേദസ്സിനെ (ഞാൻ സ്തുതിയ്ക്കുന്നു): അവിടുന്നാണല്ലോ, യജ്ഞത്തിലെ ഹവിസ്സുകൾ സ്വർഗ്ഗത്തിലെയ്ക്കയയ്ക്കുന്നതു്!3
ഞങ്ങൾ പാപങ്ങളെ പെരികെ നശിപ്പിയ്ക്കുന്നവനും, മികച്ചവനും, മനുഷ്യഹിതനുമായ അഗ്നിയെ പ്രാപിയ്ക്കുന്നു: തന്റെ ജ്വാലാഗണത്തിലാണല്ലോ, മഹാനായ ഋക്ഷപുത്രൻ ശ്രുതർവാവു വളരുന്നതു്!4
മരണരഹിതനും, തമോനാശനനും, നെയ്യു ഹോമിയ്ക്കപ്പെടുന്നവനും, സ്തുത്യനുമാനല്ലോ, ജതവേദസ്സ്!5
ആ അഗ്നിയെ ഇതാ, യാഗത്തിന്നു സ്രവമെടുത്ത ആളുകൾ ഹവിസ്സോടെ ഊന്നിയൂന്നി സ്തുതിയ്ക്കുന്നു!6
അഗ്നേ, മോദിയ്ക്കുന്നവനേ, സുജന്മാവേ, സുകർമ്മാവേ, വിദ്വൻ, ദർശനീയ, അതിഥേ, ഇതാ, അങ്ങയ്ക്കു് ഒരതിനൂതനസ്തവം ഞങ്ങൾ എടുത്തിരിയ്ക്കുന്നു.7
അഗ്നേ, അതു് അവിടെയ്ക്കു തുലോം സുഖകരവും അന്നസമൃദ്ധവും പ്രിയവുമായി ഭവിയ്ക്കട്ടെ: ഭവാൻ അതുകൊണ്ടു് വഴിപോലെ സ്തുതിയ്ക്കപ്പെട്ടു വളർന്നാലും!8
അതു തിളങ്ങുന്ന അന്നങ്ങളോടുകൂടി, യുദ്ധത്തിൽവെച്ചു്, അന്നത്തിന്മേൽ വലിയ അന്നം ചാർത്തിയ്ക്കട്ടെ!9
ഒരശ്വമെന്നപോലെ നടക്കുന്ന, തേരുകളെ നിറയ്ക്കുന്ന ഉജ്ജ്വലനെ നിങ്ങൾ സൽപതിയായ ഇന്ദ്രനെയെന്നപോലെ (പരിചരിയ്ക്കുവിൻ): ആളുകളേ, അവിടുത്തെക്കൊണ്ടാണല്ലോ, നിങ്ങൾ (ശത്രുക്കളുടെ) അന്നങ്ങളും മറ്റു ശ്ലാഘ്യവസ്തുക്കളും നശിപ്പിയ്ക്കുന്നതു്!10
അഗ്നേ, അങ്ങയെ ഗോപവനൻ സ്തുതികൊണ്ടു തുലോം അന്ന ദാതാവാക്കിയല്ലോ; അംഗിരസ്സേ, പാവക, അതിനാൽ അവിടുന്നു വിളികേട്ടാലും!11
അങ്ങയെ ആളുകൾ അന്നലബ്ധിയ്ക്കായി ഊന്നിയൂന്നി സ്തുതിയ്ക്കുന്നുണ്ടല്ലോ; അതിനാൽ അങ്ങ് യുദ്ധത്തിനുണർന്നാലും!12
കുറുമ്പകറ്റുന്ന ഋക്ഷപുത്രനായ ശ്രുതർവാവിനാൽ ക്ഷണിയ്ക്കപ്പെട്ട ഞാൻ കുറിയാട്ടിൻരോമങ്ങൾപോലെ, നാലെണ്ണത്തിന്റെ തലകൾ കൈക്കൊണ്ടു തലോടുകയായി:13
അന്നസമൃദ്ധന്റെ നടമിടുക്കുള്ള നാലു ശോഭനരഥാശ്വങ്ങൾ എന്നെ അന്നത്തിലെയ്ക്കു, തോണികൾ ഭുജ്യുവിനെയെന്നപോലെ കൊണ്ടുനടക്കുകയായി!14
ഹേ മഹാനദിയായ പരൂഷ്ണി, നിന്നോടു നേരുതന്നെ ഞാൻ പറയാം: ജലമേ, ഈ ബലിഷ്ഠനെക്കാൾ മീതെ, അശ്വദാതാവായ ഒരു മനുഷ്യനില്ല!15
[1] ഋത്വിഗ്യജമാനരോടു്: സുഖത്തിനു് – സുഖം കിട്ടാൻ.
[3] കൊണ്ടാടുന്ന – യജമാനന്റെ സ്തുതിയെ ശ്ലാഘിയ്ക്കുന്ന.
[4] ശ്രുതർവാവു് എന്ന രാജാവിന്റെ അടുക്കൽ ഭിക്ഷയ്ക്കുചെന്ന ഋഷി, ഗോപവനൻ അഗ്നിയെ സ്തുതിയ്ക്കുന്നു: തന്റെ – അഗ്നിയുടെ വളരുന്നതു് – കർമ്മമനുഷ്ഠിയ്ക്കുന്നതെന്നർത്ഥം.
[7] എടുത്തിരിയ്ക്കുന്നു – ചൊല്ലാൻ തുടങ്ങുന്നു.
[9] അതു – സ്തുതി. അന്നത്തിന്മേൽ – മുമ്പുള്ളതിന്മേൽ വീണ്ടും.
[10] കൂട്ടുകാരോടു്: തേരുകളെ നിറയ്ക്കുന്ന – നമ്മുടെ രഥങ്ങളെ ധനങ്ങൾകൊണ്ടു നിറയ്ക്കുന്ന. ഉജ്ജ്വലൻ – അഗ്നി.
[12] യുദ്ധത്തിന്നു് – പൊരുതി ശത്രുക്കളുടെ അന്നം കൈക്കലാക്കാൻ.
[13] കുറുമ്പു് – ശത്രുക്കളുടെ ഗർവ്. ക്ഷണിയ്ക്കപ്പെട്ട – യാഗത്തിന്ന് നാലെണ്ണത്തിന്റെ – ശ്രുതർവാവു തന്ന നാലു കുതിരകളുടെ. തലകൾ – കുഞ്ചിരോമങ്ങളെന്നർത്ഥം.
[14] അന്നസമൃദ്ധന്റെ – വലിയ ധനവാനായ ശ്രുതർവാവിനാൽ നല്കപ്പെട്ട. ശോഭനരഥാശ്വങ്ങൾ – നല്ല തേരിന്നു പൂട്ടിയ കുതിരകൾ. തോണികൾ – അശ്വികളയച്ച നാലു തോണികൾ.
[15] പരൂഷ്ണീനദിയുടെ തീരത്തായിരുന്നു, ശ്രുതർവാവിന്റെ യാഗം. ജലമേ – ഹേ നദി. ഈ ബലിഷ്ഠൻ ശ്രുതർവാവു്.