വസിഷ്ഠപുത്രൻ ദ്യുമ്നീകനോ, അംഗിരോഗോത്രൻ പ്രിയമേധനോ, കൃഷ്ണൻതന്നെയോ ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; അശ്വികൾ ദേവത.
അശ്വികളേ, നിങ്ങളെ സ്തുതിയ്ക്കുന്നതിനാൽ ദ്യുമ്നീകൻ, മഴയാൽ കിണറുപോലെ (വളരും) നിങ്ങൾ സോമനീരിന്നെഴുന്നള്ളുവിൻ: അവൻ യജ്ഞത്തിൽ അരിമപ്പെടും. നേതാക്കളേ, നിങ്ങൾ, ജലാശയത്തിൽ രണ്ടു ഗൗരമൃഗങ്ങൾപോലെ പാനംചെയ്യുവിൻ!1
അശ്വികളേ, മഹാവീരത്തിലെ മധു കുടിയ്ക്കുവിൻ; നേതാക്കളേ, ദർഭയിലിരിയ്ക്കുവിൻ. ആ നിങ്ങൾ മനുഷ്യന്റെ ഗൃഹത്തിൽ മത്തു പൂണ്ടു, ധനവും ആയുസ്സും രക്ഷിച്ചരുളുവിൻ!2
നിങ്ങളെയും എല്ലാ രക്ഷകളെയും പ്രിയമേധൻ വിളിച്ചുവല്ലോ; അതിനാൽ നിങ്ങൾ ദർഭ മുറിച്ചവന്റെ തികഞ്ഞ ഹവിസ്സിനായി പുലർകാലത്തു ഗൃഹത്തിലെഴുന്നള്ളുവിൻ!3
അശ്വികളേ, നിങ്ങൾ സോമമധു നുകരുവിൻ; അഴകോടേ ദർഭയിലിരിയ്ക്കുവിൻ. അങ്ങനെ വളർച്ചകൊള്ളുന്ന നിങ്ങൾ സ്വർഗ്ഗത്തിൽ നിന്നു ശോഭാനസ്തുതിയിലെയ്ക്കു, രണ്ടു ഗൗരമൃഗങ്ങൾ ജലാശയത്തിലെയ്ക്കെന്നപോലെ വരുവിൻ!4
അശ്വികളേ, നിങ്ങൾ ഉടനേ ദേഹത്തിൽ എണ്ണയിഴുകിയ കുതിരകളിലൂടെ വന്നെത്തുവിൻ: ദസ്രരേ, പൊന്നിൻതേരുള്ളവരേ, ഉദകരക്ഷികളേ, സത്യവർദ്ധകരേ, സോമം കുടിയ്ക്കുവിൻ!5
അശ്വികളേ, സ്തുതിയ്ക്കുന്ന മേധാവികളായ ഞങ്ങൾ അന്നം കിട്ടാൻ നിങ്ങളെത്തന്നെ വിളിച്ചുകൊള്ളുന്നു: ദസ്രരേ, മിടുക്കോടേ നടക്കുന്നവരും ബഹുകർമ്മാക്കളുമായ നിങ്ങൾ സ്തുതി കേട്ടു വെക്കം വന്നെത്തുവിൻ!6