ഗോതമഗോത്രൻ നോധസ്സ് ഋഷി; പ്രഗാഥം ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
പാത്രത്തിലെ സോമംകൊണ്ടു മത്തുപിടിയ്ക്കുന്നവനും, അമിത്രരെ അമർത്തുന്നവനും, ദർനീയനുമായ നിങ്ങളുടെ ആ ഇന്ദ്രനെ ഞങ്ങൾ അഹസ്സുകളിൽ, പൈക്കൾ കുട്ടിയെയെന്നപോലെ, നോക്കി സ്തുതിച്ചുകൊള്ളുന്നു.1
ബലങ്ങളാൽച്ചുറ്റപ്പെട്ടു മലപോലിരിയ്ക്കുന്നവനും, വളരെയാളുകളാൽ ഊട്ടപ്പെടേണ്ടവനും, വിണ്ണിൽ വാഴുന്നവനുമായ ശോഭനദാനനോടു് ഞങ്ങൾ ഒച്ചപ്പെട്ട, നൂറായിരം ധനത്തോടും ഗോക്കളോടും കൂടിയ അന്നം ചിക്കെന്നു യാചിയ്ക്കുന്നു.2
ഇന്ദ്ര, നിന്തിരുവടിയെ ഉറപ്പുറ്റ പെരുമലകൾ പോലും തടുക്കുകയില്ല – അങ്ങ് എന്നെപ്പോലെയുള്ള ഒരു സ്തോതാവിന്നു കൊടുക്കാൻ നിശ്ചയിച്ചാൽ, ആ ധനം ആരും തട്ടിക്കളയില്ല!3
ഭവാൻ പഠിപ്പും കെല്പുമുള്ള ഒരു പടയാളിയാണു്. നിലവിളിപ്പിയ്ക്കുന്ന വിക്രമംകൊണ്ടു സകലരെയും കീഴമർത്തും. ഗോതമരാൽ ആവിഷ്കൃതനായ ആ നിന്തിരുവടിയെ ഈ സ്തോതാവ് രക്ഷയ്ക്കായി ഇങ്ങോട്ടു തിരിയിയ്ക്കുന്നു!4
ഇന്ദ്ര, അവിടുന്നു് ഓജസ്സുകൊണ്ടു സ്വർഗ്ഗത്തിന്റെ ചുറ്റളവിനെക്കാൾ കവിഞ്ഞിരിയ്ക്കുന്നു; ഭൂലോകവും അങ്ങയോടൊക്കില്ല. ആ നിന്തിരുവടി അന്നം തരാനുറച്ചാലും!5
മഘവാവേ, അവിടുന്ന് ഹവിർദ്ദാതാവിന്നു കല്പിച്ചുകൊടുക്കുമ്പോൾ, അങ്ങയുടെ ആ ധനത്തെ ആരു വിലക്കില്ല. അയച്ചുകൊടുക്കുന്ന അത്യുദാരനായ ഭവാൻ, ഞങ്ങളുടെ സ്തുതി അന്നം കിട്ടാനാണെന്നറിഞ്ഞാലും!6
[1] ഋത്വിഗ്യജമാനരോട്: പൈക്കൾ കുട്ടിയെ എന്നപോലെ—പെറ്റ പൈകൾ തൊഴുത്തിൽ കുട്ടിയെനോക്കി ഉമ്പയിടുന്നതുപോലെ.
[2] ഊട്ടപ്പെടേണ്ടവൻ – ഹവിസ്സർപ്പിയ്ക്കപ്പെടേണ്ടവൻ.
[4] ഗോതമർ – ഗോതമഗോത്രക്കാർ. ആവിഷ്കൃതനായ – യജ്ഞത്തിൽ പ്രത്യക്ഷനാക്കപ്പെട്ട. ഈ സ്തോതാവ്-ഞാൻ.
[6] അയച്ചുകൊടുക്കുന്ന – സ്തോതാക്കൾക്കു് ധനം.