അംഗിരോഗോത്രരായ നൃമേധനും പുരുമേധനും ഋഷികൾ; പ്രഗാഥവും അനുഷ്ടപ്പും ബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
മിതസ്വരന്മാരേ, തുലോം പാപനാശനമായ ബൃഹത്സാമം നിങ്ങൾ ഇന്ദ്രനായി പാടുവിൻ: ഇതുകൊണ്ടാണല്ലോ യജ്ഞവർദ്ധകന്മാർ ദേവന്നുവേണ്ടി, ഉണർവേകി വിളങ്ങുന്ന ജ്യോതിസ്സിനെ ആവിർഭവിപ്പിച്ചതു്!1
അസ്തോതാക്കളെ ഹനിയ്ക്കുന്ന ഇന്ദ്രൻ ശത്രുബാധകൾ പോക്കി തിളങ്ങുന്ന പുകൾ നേടിയിരിയ്ക്കുന്നു. ഇന്ദ്ര, തേജസ്സേറിയവനേ, മരുത്ത്വാനേ, ദേവന്മാർ സഖ്യത്തിന്ന് അങ്ങയെ പിടിച്ചുനിർത്തുന്നു!2
മിതസ്വരന്മാരേ, നിങ്ങളുടെ മഹാനായ ഇന്ദ്രന്നു നിങ്ങൾ ബൃഹത്തു ചൊല്ലുവിൻ: ആ പാപനാശനനായ ശതക്രതു നൂറുമൊട്ടുള്ള വജ്രംകൊണ്ടു വൃതനെ വധിയ്ക്കട്ടെ!3
കീഴമർത്തലിൽ മനസ്സുപതിഞ്ഞവനേ, വളരെ അന്നമുണ്ടല്ലോ, ഭവാന്റെപക്കൽ; അതു കൂസാതെ കൊണ്ടു വന്നാലും. അമ്മമാരായ തണ്ണീരുകൾ വേഗത്തിൽ ഇറങ്ങിവരട്ടെ: ഭവാൻ മേഘത്തെ പിളർത്തുക; സകലത്തെയും ജയിയ്ക്കുക!4
ഒന്നാമനായ മഘവാവേ, വൃത്രവധത്തിന്നാണല്ലോ, ഭവാൻ പിറന്നതു്; അതോടേ, മന്നിനെ ഉറപ്പിച്ചു; വിണ്ണിന്നൂന്നും കൊടുത്തു!5
അതോടെ യജ്ഞം പിറന്നു: മന്ത്രവും പുഞ്ചിരിയിട്ടു. ജനിച്ചതും, ജനിപ്പാനിരിയ്ക്കുന്നതുമായ ജഗത്തെല്ലാം അവിടുന്നു കീഴടക്കി!6
നിന്തിരുവടി ഇളംപൈക്കളിൽ കൊഴുത്ത പാൽ വെച്ചു. സൂര്യനെ വാനിൽ കേറ്റി. നിങ്ങൾ (ഇന്ദ്രനെ) നല്ല സ്തുതികൾകൊണ്ടു, സാമങ്ങൾകൊണ്ടു മഹാവീരത്തെയെന്നപോലെ ചൂടുപിടിപ്പിയ്ക്കുവിൻ – സ്തുതിസേവ്യനായി ബൃഹത്തു (പാടുവിൻ)!7
[1] സ്തോതാക്കളോടു്: യജ്ഞവർദ്ധകന്മാർ – ദേവന്മാർ. ദേവൻ – ഇന്ദ്രൻ. ജ്യോതിസ്സിനെ—സൂര്യനെ.
[2] ഉത്തരാർദ്ധം പ്രത്യക്ഷം:
[3] സ്തോതാക്കളോടു്: ബൃഹത്ത് – ബൃഹത്സാമം.
[4] കീഴമർത്തലിൽ – ശത്രുക്കളെ കീഴമർത്തുന്നതിൽ. അമ്മമാർ – പോറ്റി വളർത്തുന്നവ.
[6] പുഞ്ചിരിയിട്ടു – സന്തോഷിച്ചു.
[7] സൂര്യനെ വാനിൽ കേറ്റി – അസുരന്മാർ ഗോക്കളെ ഒളിപ്പിച്ച, ഇരുളടഞ്ഞ സ്ഥലം കണ്ടുപിടിപ്പാൻ. ഉത്തരാർദ്ധം സ്തോതാക്കളോടു്: ചൂടുപിടിപ്പിയ്ക്കുവിൻ – ഉശിർപിടിപ്പിയ്ക്കുവിൻ.