നൃമേധനും പുരുഷമേധനും ഋഷികൾ; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ: ഇന്ദ്രൻ ദേവത.
അറാത്ത വിൽ ഞാണുള്ളവൻ, സ്തുതികൊണ്ടു് അഭിമുഖനാക്കപ്പെടേണ്ടവൻ, ആഹവങ്ങളിലെല്ലാം ആഹ്വാതവ്യൻ – ഇങ്ങനെയുള്ള വൃത്രഘ്നനായ ഇന്ദ്രൻ നമ്മുടെ സ്തോത്രങ്ങളെയും സവനങ്ങളെയും സമാസ്വദിയ്ക്കട്ടെ!1
ഒന്നാമനായ ധനദാതാവണു്, നിന്തിരുവടി; ഐശ്വര്യം നല്കുന്ന സത്യമർമ്മാവുമാണു് അതിനാൽ, ബഹുധനനും ബലസുതനുമായ മഹാനോടു ഞങ്ങൾ തക്കവ യാചിച്ചുകൊള്ളുന്നു.2
ഇന്ദ്ര, സ്തുതികൊണ്ടു വശീകരിയ്ക്കപ്പെടേണ്ടവനേ, അങ്ങയെക്കുറിച്ചു് അത്യുക്തിയില്ലാത്ത സ്തോത്രം ചമയ്ക്കപ്പെട്ടിരിയ്ക്കുന്നു: ഇന്ദ്ര, അങ്ങയ്ക്കു യോഗ്യമായ അതു ഞങ്ങൾ ചൊല്ലാം; ഹര്യശ്വ, കേട്ടാലും!3
മഘവാവേ, തലകുനിയ്ക്കാത്ത സത്യകർമ്മാവായ ഭവാൻ വളരെ രക്ഷസ്സുകളെ കുമ്പിടുവിച്ചിരിയ്ക്കുന്നുവല്ലോ; ബലിഷ്ഠ, വജ്രപാണേ, ആ നിന്തിരുവടി ഹവിർദ്ദാതാവിന്നു ധനം ഇങ്ങോട്ടയച്ചാലും!4
ഇന്ദ്ര, ബലപാലക, ഋജീഷവാനായ ഭവാൻ പുകൾപ്പെട്ടിരിയ്ക്കുന്നു: അകറ്റാൻ വയ്യാത്ത, എതിരില്ലാത്ത രക്ഷസ്സുകളെ അവിടുന്നു തനിയേ മനുഷ്യരക്ഷിയായ (വജ്രംകൊണ്ടു) വധിച്ചുവല്ലോ!5
ബലവാനേ, പ്രകൃഷ്ടജ്ഞാനനായ നിന്തിരുവടിയോടു ഞങ്ങൾ, ഭാഗമെന്നപോലെ ധനം യാചിയ്ക്കുന്നു. ഇന്ദ്ര, വലിയ യശസ്സുപോലെ ഗൃഹവുമുണ്ടല്ലോ, അങ്ങയ്ക്ക്; അങ്ങയുടെ ആ സുഖങ്ങളും ഞങ്ങളിലെത്തട്ടെ!6