അത്രിപുത്രി അപാല ഋഷി; പംക്തിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
വെള്ളത്തിന്നുപോയ സ്ത്രീയ്ക്കു വഴിയിൽവെച്ചു് ഒരു സോമലത കിട്ടി; അതു ഗൃഹത്തിലെയ്ക്കു കൊണ്ടുപോരുമ്പോൾ അവൾ പറഞ്ഞു:-‘നിന്നെ ഞാൻ ഇന്ദ്രന്നായി പിഴിയാം – നിന്നെ ഞാൻ ശക്രന്നായി പിഴിയാം!’1
വീരനായി വിളങ്ങുന്ന ഭവാൻ ഗൃഹത്തിൽ ചെല്ലാറുണ്ടല്ലോ; ആ ഭവാൻ, പല്ലുകൾകൊണ്ടു പിഴിഞ്ഞു സ്തോത്രം ചൊല്ലപ്പെട്ട ഇതു പൊരിയവിലിനോടും മലർപ്പൊടിയോടും അപ്പങ്ങളോടുംകൂടി കുടിച്ചാലും!2
ഞങ്ങൾക്കു് അങ്ങയെ അറിയേണമെന്നുണ്ടു്: അങ്ങ് ആരാണെന്നു മനസ്സിലായില്ല. ‘സോമമേ, നീ ഇന്ദ്രന്നായി പതുക്കെയും വേഗത്തിലും നീരൊഴുക്കുക!’3
ഇന്ദ്രൻ ഞങ്ങളെ വളരെയുരു ശക്തിപ്പെടുത്തട്ടെ – വളരെ ചെയ്യട്ടെ; വളരെയുരു ധനികരാക്കട്ടെ. വളരെയുരു, ഭർത്താവു ദ്വേഷിച്ചതിനാൽ വിട്ടുപോന്ന ഞങ്ങൽ ഇന്ദ്രനോടു ചേരുമാറാകണം!4
‘ഇന്ദ്ര, ഇതാ, മൂന്നു സ്ഥാനങ്ങൾ: അച്ഛന്റെ തല, തരിശു നിലം, എന്റെ ഗുഹ്യാംഗം; അവയിൽ ഭവാൻ മുളപ്പിച്ചാലും – 5
ഞങ്ങളുടെ ഈ തരിശുനിലം, എന്റെ ഈ അവയവം, അച്ഛന്റെ തല ഇവയിലെല്ലാം രോമം മുളപ്പിച്ചാലും!6
ഇന്ദ്ര, ശതക്രതോ, അവിടുന്നു് അപാലയെ തേരിന്റെ തുളയിലും, അച്ചുതണ്ടിന്റെ തുളയിലും, നുകത്തിന്റെ തുളയിലും മൂന്നുപ്രാവശ്യം ഇട്ടു വലിച്ചു, സൂര്യവർണ്ണയാക്കിത്തീർത്തു!7
[1] ഒരു ത്വഗ്രോഗം ബാധിച്ചതിനാൽ ഭർത്തൃപരിത്യക്തയായ അപാല അച്ഛന്റെ (അത്രിയുടെ) ആശ്രമത്തിൽ വസിച്ചു് ഇന്ദ്രനെ തപസ്സുചെയ്യുകയായി. അന്നൊരിയ്ക്കൽ പുഴയിൽ കുളിപ്പാൻ പോന്ന അവൾക്ക് ഒരു സോമലത കിട്ടി: അതു് അവൾ വഴിയിൽവെച്ചുതന്നേ കടിച്ചുതിന്നാൻ തുടങ്ങി. കടിയ്ക്കുമ്പോഴത്തെ പല്ലൊച്ച കേട്ടിട്ട്, അമ്മിമേൽ സോമലത ചതയ്ക്കുയാണെന്നു വിചാരിച്ചു് ഇന്ദ്രൻ വന്നെത്തി, ‘ഇവിടെ സോമം പിഴിയുന്നുണ്ടോ’ എന്നു ചോദിച്ചു. അപാല പറഞ്ഞു: – ‘ഇല്ല: ഒരു സ്ത്രീ സോമലത തിന്നുന്നുണ്ടു്; അതിന്റെ ശബ്ദമാണിതു്.’ ഇതു കേട്ട് ഇന്ദ്രൻ മടങ്ങി. അതു കണ്ടു് അവൾ വീണ്ടും പറഞ്ഞു: – ‘പോകേണ്ടാ: എന്റെ ഗൃഹത്തിലെയ്ക്കു പോന്നാൽ ഞാൻ സൽക്കരിയ്ക്കാം’. ഇന്ദ്രനാകട്ടേ, കൊതിമൂലം അപാലയുടെ വായിൽനിന്നുതന്നേ സോമനീർ കുടിച്ചു; സംതൃപ്തിയടഞ്ഞു! എന്നിട്ടദ്ദേഹം, ‘നിനക്കെന്തുവരം വേണം?’എന്നു ചോദിച്ചു. അവൾ സ്വാഭീഷ്ടം അറിയിച്ചു; ഇന്ദ്രൻ അവളെ ദുഃഖവിമുക്തയുമാക്കി.
[2] പല്ലൊച്ച കേട്ടു വന്നണഞ്ഞ ഇന്ദ്രനോടു് അപാല പറയുന്നു: ചെല്ലാറുണ്ടല്ലോ – സോമം കുടിപ്പാൻ. ഇതു – സോമനീർ. അവൾ സോമനീരോടുകൂടി പൊരിയവിൽ മുതലായവയും നിവേദിച്ചു, സ്തുതിച്ചു എന്നർത്ഥം.
[3] പതുക്കെയും വേഗത്തിലും – യാഗത്തിൽ അമ്മിക്കുഴകൊണ്ടു ചതയ്ക്കുമ്പോളെന്നപോലെ.
[4] ഞങ്ങളെ – എന്നെ. വളരെചെയ്യട്ടെ – വളരെ ഗുണം വരുത്തട്ടെ. ഞങ്ങൾ – ഞാൻ.
[5] ‘നിനക്കെന്തു വരം വേണ?’മെന്നു ചോദിച്ച ഇന്ദ്രനോടു്: തല—കഷണ്ടിത്തല.
[6] ത്വഗ്രോഗംമൂലമാണു്, ഗുഹ്യാംഗം രോമവർജ്ജിതമായതു്.
[7] ത്വഗ്ദോഷശമനമത്രേ, ഈ സൂക്തം.