അംഗിരോഗോത്രൻ ശ്രുതകക്ഷമോ, സുകക്ഷനോ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
നിങ്ങളുടെ സോമം കുടിയ്ക്കുന്ന ഇന്ദ്രനെക്കുറിച്ചു – സകലരെയും കീഴമർത്തുന്നവനും, മനുഷ്യർക്കു ധാരാളം കൊടുക്കുന്നവനുമായ ശതക്രതുവിനെക്കുറിച്ചു് – നിങ്ങൾ കേമമായി പാടുവിൻ!1
പുരുഹൂതൻ, പുരുസ്തുതൻ, പാടിവാഴ്ത്തപ്പെടേണ്ടവൻ, പണ്ടേ പുകൾപ്പെട്ടവൻ – ഇങ്ങനെയുള്ള ആൾ, ഇന്ദ്രനാണെന്നു നിങ്ങൾ കീർത്തിയ്ക്കുവിൻ!2
മുന്തിയ അന്നങ്ങൾ നല്കുന്ന, നൃത്തംചവുട്ടിയ്ക്കുന്ന, മഹാനായ ഇന്ദ്രൻതന്നേ നമുക്കു മുട്ടിന്നുനേരെ നിന്നു തന്നരുളട്ടെ!3
തൊപ്പിയണിഞ്ഞ ഇന്ദ്രൻ കേമമായി ഹോമിയ്ക്കുന്ന സുദക്ഷന്റെ യവമിട്ടു കുറുക്കിയ സോമരസം കുടിച്ചുവല്ലോ;4
ആ ഇന്ദ്രനെത്തന്നേ സോമപാനത്തിന്നു നിങ്ങൾ സ്തുതിയ്ക്കുവിൻ: അതു തന്തിരുവടിയെ തടിപ്പിയ്ക്കുമല്ലോ!5
ഈ തിളങ്ങുന്ന മധു കുടിച്ചിട്ടാണല്ലോ, ദേവൻ കെല്പുകൊണ്ടു ഉലകൊക്കെ കീഴടക്കിയതു്!6
ചെന്നു കീഴമർത്തുന്നവനും, നിങ്ങളുടെ എല്ലാ സ്തുതികളിലും വ്യാപിച്ചവനുമായ തന്തിരുവടിയെത്തന്നേ ഭവാൻ രക്ഷയ്ക്കായി ഇങ്ങോട്ടിറക്കുക – 7
എതിരറ്റ അഹിംസിതനായ പടയാളിയെ, സോമപായിയെ, അനിവാര്യകർമ്മാവിനെ, നേതാവിനെ!8
ഇന്ദ്ര, സർവസംപ്രാപ്യാ, വിദ്വാനായ നിന്തിരുവടി ഞങ്ങൾക്കു വളരെദ്ധനം തന്നാലും – ശത്രു സമ്പത്തുകൊണ്ടു ഞങ്ങളെ രക്ഷിച്ചാലും! 9
ഇന്ദ്ര, ഭവാൻ അവിടെനിന്നുതന്നേ, നൂറുമായിരവും കരുതിയെന്ന അന്നരസത്തോടുകൂടി ഞങ്ങളിൽ എഴുന്നള്ളിയാലും!10
ശക്ര, പർവതങ്ങളെപ്പിളർത്തവനേ, വജ്രിൻ, കർമ്മികളായ ഞങ്ങൾ കർമ്മമനുഷ്ഠിയ്ക്കുകയും, യുദ്ധങ്ങളിൽ അശ്വങ്ങളെക്കൊണ്ടു് ജയിയ്ക്കുകയും ചെയ്യുമാറാകണം!11
ശതക്രതോ, ഞങ്ങൾ അങ്ങയെത്തന്നേ, മാടുകളെ പുല്ലുകൊണ്ടെന്നപോലെ, സ്തോത്രംകൊണ്ടു രമിപ്പിയ്ക്കുന്നു.12
ശതക്രതോ, എല്ലാ മനുഷ്യരുടെയും സ്വഭാവമാണല്ലോ, ആഗ്രഹിയ്ക്കൽ; വജ്രിൻ, ഞങ്ങളും ആശകളുൾക്കൊള്ളുന്നു!13
ബലപുത്ര, ഭവാങ്കലാണു്, അഭിലാഷാശംസികൾ നില്ക്കുന്നതു്: ഇന്ദ്ര, അങ്ങയ്ക്കുമീതേ ആരുമില്ല!14
വൃഷാവേ, ആ നിന്തിരുവടി അത്യുദാരവും, പോഷകവും, ഘോരവും, പായിയ്ക്കുന്നതുമായ കർമ്മംകൊണ്ടു ഞങ്ങളെ കാത്തരുളണം!15
ഇന്ദ്ര, ശതക്രതോ, ഇതാ, മുമ്പേത്തെപ്പോലെ ഭവാന്നു മിന്നിത്തിളങ്ങുന്ന മധു; ഇപ്പോഴും ഭവാൻ ഇതുകൊണ്ടു് ഇമ്പംപൂണ്ടു (ഞങ്ങളെ) ഇമ്പപ്പെടുത്തുക:16
ഇന്ദ്ര, ഏറ്റവും വിചിത്രകീർത്തിയുള്ളതും, ഏറ്റവും പാപനാശനവും, ഏറ്റവും ബലകരവുമാണല്ലോ, ഈ മധു!17
വജ്രവൻ, സത്യകർമ്മാവേ, സോമപായിൻ, ദർശനീയ, ഞങ്ങൾക്കറിയാം, അവിടുന്നു് ആളുകൾക്കെല്ലാം കല്പിച്ചുകൊടുത്തിട്ടുള്ളതു്!18
മത്തടിച്ചുപോരുന്ന ഇന്ദ്രന്നായി പിഴിഞ്ഞതിനെ നമ്മുടെ സ്തുതികൾ ചുഴലട്ടെ; പൂജനീയത്തെ സ്തോതാക്കൾ പൂജിയ്ക്കട്ടെ!19
എല്ലാശ്ശോഭയും ആരിലോ ഏറെ; സപ്തഹോതാക്കൾ ആരെ സ്തുതിയ്ക്കുന്നുവോ ആ ഇന്ദ്രനെ ഞങ്ങൾ പിഴിഞ്ഞുവെച്ചു വിളിയ്ക്കുന്നു. 20
ദേവന്മാർ യാതൊരു ജ്ഞാനസാധനത്തെ ത്രികദ്രുകങ്ങളിൽ വിപുലീകരിച്ചുവോ; ആ യജ്ഞത്തെത്തന്നേ നമ്മുടെ സ്തുതികൾ വർദ്ധിപ്പിയ്ക്കട്ടെ!21
ഇന്ദ്ര, നദികൾ സമുദ്രത്തിലെന്നപോലെ, സോമരസങ്ങൾ ഭവാനിൽ കടക്കട്ടെ: ആരുമില്ല, അങ്ങയ്ക്കു മീതെ!22
ഇന്ദ്ര, വൃഷാവേ, ഉണർവുറ്റവനേ, അങ്ങയുടെ വയറ്റിൽ യാതൊന്നോ, ആ സോമം കുടിപ്പാൻ അവിടുന്നു മഹത്ത്വത്താൽ എങ്ങും വ്യാപിച്ചിരിയ്ക്കുന്നു!23
ഇന്ദ്ര, വൃത്രഹന്താവേ, സോമം തിരുവയറ്റിന്നു തികയട്ടെ – സോമനീർ അങ്ങയുടെ ശരീരങ്ങൾക്കു തികയട്ടെ!24
ശ്രുതകക്ഷൻ അശ്വലാഭത്തിന്നു മതിയാവോളം, ഗോലാഭത്തിന്നു മതിയാവോളം, ഗൃഹലാഭത്തിന്നു മതിയാവോളം ഇന്ദ്രനെപ്പറ്റി പാടുന്നു.25
ഇന്ദ്ര, ഞങ്ങൾ പിഴിഞ്ഞ സോമങ്ങൾക്കു് അവിടുന്നുതന്നെ, പോന്നവൻ; ശക്ര, ദാതാവായ ഭവാന്നു തികയട്ടെ!26
വജ്രിൻ, ഞങ്ങളുടെ സ്തുതികൾ അതിദൂരത്തുനിന്നുതന്നെയും ഭവാങ്കലെത്തട്ടെ: അപ്പോൾ, ഭവാങ്കൽനിന്നു മതിയാവോളം കിട്ടുമല്ലോ, ഞങ്ങൾക്കു്!27
വീരന്മാരെ തേടുന്നവനും, ശൂരനും, സ്ഥിരനുമാണല്ലോ, അവിടുന്നു്; അങ്ങയുടെ മനസ്സ് ആരാധനീയം തന്നെ!28
ബഹുധന, ഇന്ദ്ര, എല്ലാക്കർമ്മികൾക്കും അവിടുന്നു കൊടുത്തു പോരുന്നുണ്ടല്ലോ; എന്നെയും സഹായിയ്ക്കുക!29
ബലപതേ, അവിടുന്നു് ഒരു മടിയനായ ബ്രാഹ്മണനെപ്പോലെയാകരുതു്; ഗവ്യമിശ്രിതമായ സോമംകൊണ്ടു മത്തുപൂണ്ടാലും!30
ഇന്ദ്ര, രാത്രികളിൽ രക്ഷസ്സുകൾ ആയുധം ചാട്ടിക്കൊണ്ടു ഞങ്ങളെ എതിർക്കരുതു്; അവരെ അങ്ങയുടെ തുണയാൽ ഞങ്ങൾ ഹനിയ്ക്കുമാറാകണം!31
ഇന്ദ്ര, അങ്ങയുടെ തുണയാൽത്തന്നെ, ഞങ്ങൾ മാറ്റലരോടു മറുപടി പറയുമാറാകണം: അങ്ങ് ഞങ്ങളുടെയാണു്; ഞങ്ങൾ അങ്ങയുടെതാണു്! 32
ഇന്ദ്ര, ഭവൽക്കാമന്മാരായി പേർത്തും പേർത്തും സ്തുതിയ്ക്കുന്ന സഖാക്കളായ സ്തോതാക്കൾ അങ്ങയെത്തന്നേ പരിചരിയ്ക്കുമാറാകട്ടെ!33
[1] ഋത്വിക്കുകളോടു്:
[3] നൃത്തംചവുട്ടിയ്ക്കുന്ന – പ്രാണികളെ ചേഷ്ടിപ്പിയ്ക്കുന്ന. മുട്ടിന്നുനേരേ നിന്നു് – മുൻഭാഗത്തു വർത്തിച്ചു്. തന്നരുളട്ടെ – ധനം.
[4] സുദക്ഷൻ – ഒരു ഋഷി.
[5] അതു—സോമപാനം.
[6] മധു – മദകരമായ സോമം. ദേവൻ – ഇന്ദ്രൻ.
[7] സ്തോതാവിനോടു്:
[8] മുൻ ഋക്കിലെ തന്തിരുവടിയെ എന്നതിന്റെ വിശേഷണങ്ങൾ.
[10] അവിടെനിന്നു – സ്വർഗ്ഗത്തിൽനിന്നു.
[14] അഭിലാഷശംസികൾ = അഭിലാഷങ്ങൾ പറഞ്ഞുകൊണ്ടിരിയ്ക്കുന്നവർ. മറ്റാരെ അറിയിയ്ക്കും, ഞങ്ങളുടെ അഭിലാഷങ്ങൾ?
[15] പായിയ്ക്കുന്നതും – ശത്രുക്കളെ ധാരാളം ധനം തന്നും, ശത്രുക്കളെ പേടിപ്പിച്ചോടിച്ചും ഞങ്ങളെ രക്ഷിയ്ക്കണം.
[18] ആളുകൾ – യഷ്ടാക്കൾ. കൊടുത്തിട്ടുള്ളതു്–ധനം.
[19] പിഴിഞ്ഞിട്ടുള്ളതിനെ—സോമത്തെ.
[21] ത്രികദ്രുകങ്ങൾ – കർമ്മവിശേഷങ്ങൾ.
[24] സോമം – ഞങ്ങളുടെ, ശരീരങ്ങൾക്കു് – ബഹുരൂപനാണല്ലോ, ഇന്ദ്രൻ.
[26] സോമങ്ങൾക്കു് – സോമം മുഴുവൻ കുടിപ്പാൻ.
[27] കിട്ടുമല്ലോ—ധനം.
[28] തേടുന്നവനും – പൊരുതിജ്ജയിപ്പാൻ. സ്ഥിരൻ – യുദ്ധത്തിൽ ഉറച്ചു നില്ക്കുന്നവൻ. മനസ്സ് – ശത്രുവധോത്സാഹവും ധീരതയും മറ്റും.
[30] മടിയനായ – യാതൊരു വേലയും ചെയ്യാത്ത.