സുകക്ഷൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
സൂര്യനായുള്ളോവേ, നിന്തിരുവടിതന്നെയാണല്ലോ, വിശ്രുതധനനും വൃഷാവും മനുഷ്യഹിതകർമ്മാവും, അത്യുദാരനുമായി ഉദിയ്ക്കുന്നതു്!1
യാതൊരുവൻ കൈക്കരുത്തുകൊണ്ടു തൊണ്ണൂറ്റൊമ്പതു പുരികൾ പൊളിച്ചുവോ, ആ വൃത്രഘ്നൻ മേഘത്തെയും പിളർത്തി!2
ആ സുമംഗളനും സഖാവുമായ ഇന്ദ്രൻ നമുക്കു് കുതിരകളെയും മാടുകളെയും യവത്തെയും, ഒരു പാലൊഴുക്കുന്ന പയ്യുപോലെ ചുരത്തിത്തരട്ടെ!3
വൃതഹന്താവായ സൂര്യ, ഭവാൻ ഇന്നു് എന്തെന്തിന്നായി ഉദിച്ചുവോ; ഇന്ദ്ര, അതൊക്കെ അങ്ങയുടെ വരുതിയിൽത്തന്നെ!4
വർദ്ധിച്ചിയങ്ങുന്നവനേ, സൽപതേ, നിന്തിരുവടി, ‘ഞാൻ മരിയ്ക്കില്ലെ’ന്നു വിചാരിച്ചാൽ, അതും യഥാർത്ഥംതന്നെ!5
ഇന്ദ്ര, തുലോം അകലത്തും, തുലോം അരികത്തും യാവചില സോമങ്ങൾ പിഴിയപ്പെടുമോ, അവയിലെല്ലാം അവിടുന്നു ചെന്നെത്തും!6
കൂറ്റനായ വൃത്രനെക്കൊല്ലാൻ ആ ഇന്ദ്രനെ നാം ബലപ്പെടുത്തുക: ആ വൃഷാവു ചൊരിഞ്ഞുതരട്ടെ!7
ആ ഇന്ദ്രൻ ദാനത്തിനു സൃഷ്ടിക്കപ്പെട്ടവനാണു്; ആ ബലിഷ്ഠൻ മധുവിന്നു നിയമിയ്ക്കപ്പെട്ടവനാണ്; യശസ്വിയും സ്തുതനും സോമാർഹനുമാണ,വിടുന്ന്!8
വജ്രമെന്നപോലെ സ്തുതികൊണ്ടു മൂർച്ചകൂട്ടപ്പെട്ട ബലവാനും, അധർഷിതനും, അഹിംസിതനും, കൊണ്ടുവരാനിച്ഛിയ്ക്കുന്നവനുമാണ്, ആ മഹാൻ!9
ഇന്ദ്ര, സ്തോത്രസേവ്യ, സ്തുതിയ്ക്കപ്പെടുന്ന ഭവാൻ ഞങ്ങൾക്കു ദുർഗ്ഗമവും സുഗമവുമാക്കുക; മഘവാവേ, മനസ്സുംവെയ്ക്കുക!10
നിന്തിരുവടിയുടെ ആജ്ഞയെയും സ്വരാജ്യത്തെയും ഒരു ദേവനോ, അജ്ഞാതഗമനനോ, മനുഷ്യനോ അന്നും ഇന്നും ലംഘിച്ചിട്ടില്ല!11
നല്ല തൊപ്പിയിട്ടവനേ, ദ്യാവാപൃഥിവികളാകുന്ന ഇരുദേവിമാരും അങ്ങയുടെ അനിരോധ്യമായ ബലത്തെ ആരാധിച്ചുപോരുന്നു:12
അവിടുന്നാണല്ലോ, കറുത്ത പൈക്കളിലും ചെമന്ന പൈക്കളിലും ഈ വെളുത്ത പാൽ വെച്ചതു്!13
വൃത്രന്റെ ചെന്തീക്കൂർക്കത്താൽ ദേവകളെല്ലാം അലഞ്ഞു നടക്കുകയുണ്ടായല്ലോ: ആ മൃഗരൂപന്റെ ബലം അവരെ ആക്രമിച്ചുമിരുന്നു.14
അനന്തരം എന്റെ (ഇന്ദ്രൻ) വൃത്രനെ തടുത്തു കൊന്നു; ബലം ഉറപ്പിച്ചു; നിസ്സപത്നനും അഹിംസിതനുമായിത്തീർന്നു!15
തുലോം വൃത്രഹന്താവായ പുകൾപ്പെട്ട ബലവാനെക്കൊണ്ടു ഞാൻ മനുഷ്യരായ നിങ്ങൾക്കു വമ്പിച്ച സമ്പത്തു തരുവിയ്ക്കാം!16
ബഹുനാമാവേ, ബഹുസ്തുത, അവിടുന്നു സോമത്തിൽ സംബന്ധിയ്ക്കുമല്ലോ; അപ്പോൾ ഞങ്ങൾക്കു ഗോകാംക്ഷ നിറവേറുമാറാകട്ടെ!17
വളരെയെണ്ണം ഹോമിയ്ക്കപ്പെടുന്ന വൃത്രഘ്നൻ നമ്മുടെ മനസ്സറിയട്ടെ; ശുക്രൻ സ്തോത്രം ശ്രവിയ്ക്കട്ടെ!18
വൃഷാവേ, അവിടുന്നു് എതൊരാഗമനം കൊണ്ടു ഞങ്ങളെ ആഹ്ലാദിപ്പിയ്ക്കും? എപ്പോൾ സ്തോതാക്കൾക്കു കൊണ്ടുവരും?19
വർഷകനായ വൃഷാവ്, നിയുത്തുക്കളോടുകൂടിയ വൃത്രാഹന്താവു്, ആരുടെ യജ്ഞത്തിലായിരിയ്ക്കും, സോപാനത്തിന്നു വിളയാടുന്നതു്?20
നിന്തിരുവടി ഇമ്പം പൂണ്ടു ഞങ്ങൾക്കു് ഒരായിരം ധനംകൊണ്ടുവന്നാലും: അവിടുന്നു യഷ്ടാവിന്നു ദാതാവാണെന്നോർത്താലും!21
ഇതാ, വെള്ളം കൂട്ടിപ്പിഴിഞ്ഞതു് അമറേത്താശിച്ചു ചെല്ലുന്നു; ചണ്ടി ജലത്തിലെയ്ക്കും പോകുന്നു.22
അധ്വരത്തിൽ വളർത്തിക്കൊണ്ടു യജിയ്ക്കുന്ന ഹോത്രകന്മാർ തേജസ്സു പൂണ്ടു്, ഇന്ദ്രനെ അവഭൃഥത്തിൽ തിരിച്ചയയ്ക്കുന്നു.23
ഒപ്പം മത്താടുന്ന ആ പൊൻകുഞ്ചിരോമങ്ങളുള്ള ഹരികൾ ഇവിടെ വെയ്ക്കപ്പെട്ടിട്ടുള്ള അന്നത്തിന്റെ അടുക്കലെയ്ക്കു കൊണ്ടുവരട്ടെ!24
വിഭാവസോ, ഇതാ, അങ്ങയ്ക്കായി സോമം പിഴിഞ്ഞിരിയ്ക്കന്നു; ദർഭയും വിരിച്ചിരിയ്ക്കുന്നു. ഭവാൻ സ്തോതാക്കൾക്കായി ഇന്ദ്രനെ കൊണ്ടുവന്നാലും!25
ഹവിസ്സു നല്കുന്ന ഭവാന്ന് ഇന്ദ്രൻ തിളങ്ങുന്ന ബലവും രത്നങ്ങളും കല്പിച്ചുതരും; സ്തോതാക്കളേ, പൂജിച്ചുകൊള്ളുവിൻ!26
ശതക്രതോ, ഞാൻ നിന്തിരുവടിയ്ക്കു വീര്യവത്തായ (സോമവും), എല്ലാ സ്തോത്രങ്ങളും ഒരുക്കുന്നു; ഇന്ദ്ര, സ്തോതാക്കളെ സുഖിപ്പിയ്ക്കുക!27
ശതക്രതോ, ഇന്ദ്ര, അവിടുന്നു ഞങ്ങളെ സുഖിപ്പിയ്ക്കുമെങ്കിൽ, ഞങ്ങൾക്കു നല്ല നല്ല (ധനവും) ബലവത്തായ അന്നവും കൊണ്ടുവന്നാലും!28
ശതക്രതോ, ഇന്ദ്ര, അവിടുന്നു ഞങ്ങളെ സുഖിപ്പിയ്ക്കുമെങ്കിൽ, ഞങ്ങൾക്കു എല്ലാ അഭ്യുദയങ്ങളും കൊണ്ടുവന്നാലും !29
മികച്ച വൃത്രഹന്താവേ, ഇന്ദ്ര, അവിടുന്നു ഞങ്ങളെ സുഖിപ്പിയ്ക്കുമെങ്കിൽ ഞങ്ങൾ സോമം പിഴിഞ്ഞു് അങ്ങയെത്തന്നെ വിളിയ്ക്കാം.30
സോമങ്ങളുടെ രാജാവേ,അവിടുന്നു ഹരികളോടുകൂടി ഞങ്ങളുടെ സമത്തിന്നു – ഹരികളോടുകൂടി ഞങ്ങളുടെ സോമത്തിനു – വന്നാലും!31
രണ്ടുതരത്തിൽ അറിയപ്പെട്ടവനാണല്ലോ, മികച്ച വൃത്രഹന്താവും ശതക്രതുവുമായ ഇന്ദ്രൻ; ആ നിന്തിരുവടി ഹരികളോടുകൂടി ഞങ്ങളുടെ സോമത്തിന്നു വന്നാലും!32
വൃത്രഹന്താവേ, ഈ സോമങ്ങൾ നുകരുന്നവനാണല്ലോ, അങ്ങ്; ഹരികളോടുകൂടി ഞങ്ങളുടെ സോമത്തിന്നു വന്നാലും!33
മഹാനും ദാതാവുമായ ഋഭുവിനെ ഇന്ദ്രൻ നമുക്കു് അന്നത്തിന്നായി തരട്ടെ; വാജനെയും ബലവാൻ തരട്ടെ!34
[1] ഉദിയ്ക്കുന്നതു് – യജ്ഞത്തിൽ ആവിർഭവിയ്ക്കുന്നതു്.
[3] പയ്യുപോലെ – പയ്യു കുട്ടിയ്ക്കു പാലെന്നപോലെ.
[4] അതൊക്കെ—ജഗത്തെല്ലാം.
[5] സൽപതേ = നക്ഷത്രാധിപ. യഥാർത്ഥംതന്നെ – അവിടെയ്ക്കു മരണമില്ലല്ലോ.
[7] ചൊരിഞ്ഞുതരട്ടെ—ധനം.
[8] സൃഷ്ടിയ്ക്കപ്പെട്ടവനാണു് – പ്രജാപതിയാൽ മധു – മാദകമായ സോമം.
[9] കൊണ്ടുവരാൻ – സ്തോതാക്കൾക്കു ധനവും മറ്റും.
[10] മനസ്സുംവെയ്ക്കുക – ഞങ്ങളിൽ താൽപര്യവും കൊള്ളുക.
[11] അജ്ഞാതഗമനൻ – യുദ്ധത്തിൽ സത്വരനായ വീരൻ എന്നു നിഷ്കൃഷ്ടാർത്ഥം.
[14] ചെന്തീകൂർക്കം – തീ പാറുന്ന കൂർക്കംവലി. ആ മൃഗരൂപന്റെ – ദേവന്മാരെ പേടിപ്പിയ്ക്കാൻ മൃഗരൂപം ധരിച്ച വൃത്രന്റെ.
[16] ഋത്വിഗ്യജമാനരോടു്:
[18] ഋത്വിക്കുകളോടു്:
[19] സ്തോതാക്കൾക്കു – സ്കൃതിയ്ക്കുന്ന ഞങ്ങൾക്കു ധനം കൊണ്ടുവരും.
[20] വൃഷാവ് = ഇന്ദ്രൻ. നിയുത്തുക്കളോടുകൂടിയ – വായു, തന്റെ കുതിരകളായ നിയുത്തുക്കളെ ഒരു യുദ്ധത്തിൽ സഹായിപ്പാൻ ഇന്ദ്രന്നു കൊടുക്കുകയുണ്ടായി.
[21] ഇമ്പം പൂണ്ട് – ഞങ്ങളുടെ സോമം കുടിച്ചു്.
[22] പിഴിഞ്ഞതു് – സോമം. അമറേത്താശിച്ചു – ഇന്ദ്രൻ കുടിയ്ക്കട്ടേ എന്നിച്ഛിച്ചു്. ചെല്ലുന്നു – ഇന്ദ്രന്റെ അടുക്കൽ. ചണ്ടി – ഋജിഷം; ഇതു വെള്ളത്തിലെറികയാണത്രേ, പതിവു്.
[23] അവഭൃഥം (യാഗാന്തസ്നാനം) വരെ ഇന്ദ്രനെ യജിയ്ക്കുമെന്നർത്ഥം. തേജസ്സ് – യജ്ഞാനുഷ്ഠാനജനീതമായ തേജസ്സ്.
[24] ഒപ്പം – ഇന്ദ്രനോടുകൂടി. അന്നം – ഹവിസ്സ്. കൊണ്ടുവരട്ടെ – ഇന്ദ്രനെ.
[25] വിഭാവസോ – അഗ്നേ.
[26] യഷ്ടാവിനോടും മറ്റും: സ്തോതാക്കളേ – നിങ്ങൾക്കും തരുമെന്നർത്ഥം.
[32] പൂർവാർദ്ധം പരോക്ഷം: രണ്ടുതരത്തിൽ – വൃത്രവധാദിയിൽ ഉഗ്രനായും, വിശ്വരക്ഷണത്തിൽ സൗമ്യനായും.
[34] ഋഭുക്കൾ മൂന്നുപേരിൽ ജ്യേഷ്ഠന്റെയും ഇളയവന്റെയും പേരുകളേ ഇതിലുള്ളൂ; എന്നാൽ മധ്യമനായ വിഭ്വാവിനെയും ഗ്രഹിച്ചുകൊള്ളണം. അന്നത്തിന്നായി – അന്നം കിട്ടാൻ.