കശ്യപപുത്രൻ രേഭൻ ഋഷി; ബൃഹതിയും അതിജഗതിയും ഉപരിഷ്ടാൽ ബൃഹതിയും ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
ഇന്ദ്ര, വിണ്ണിൽ വാഴുന്ന ഭവാൻ അസുരന്മാരിൽ നിന്നു ഭോഗ്യങ്ങൾ കൊണ്ടുപോന്നിട്ടുണ്ടല്ലോ; മഘവാവേ, അവകൊണ്ടു സ്തോതാവിനേയും, അങ്ങയ്ക്ക് ദർഭ വിരിച്ചവരെയും അഭിവൃദ്ധിപ്പെടുയാലും!1
ഇന്ദ്ര, അശ്വങ്ങളും പൈക്കളുമാക്കുന്ന അനശ്വരസമ്പത്തു് അങ്ങയുടെ പക്കലുണ്ടല്ലോ; അതു, ആ പിഴിഞ്ഞു ദക്ഷിണകൊടുക്കുന്ന യഷ്ടാവിങ്കൽ വെച്ചാലും – ലുബ്ധങ്കലരുതു് ! 2
ഇന്ദ്ര, യാതൊരുവൻ ദേവന്മാരിൽ ഭക്തിയില്ലാതെയും കർമ്മം ചെയ്യാതെയും സ്വപ്നം കണ്ടുകൊണ്ടുറങ്ങുന്നുവോ, അവന്റെ പോഷണീയമായ ധനം അവന്റെ നടപ്പുകൊണ്ടുതന്നേ നശിച്ചുപോകട്ടെ; പിന്നീട് അവനെ നിന്തിരുവടി മറയത്തെങ്ങാനും ഇരുത്തിയാലും!3
ശക്ര, ഭവാൻ അകലത്തായിരിയ്ക്കാം; വൃത്രഹന്താവേ, അരികത്തായിരിയ്ക്കാം; ഇന്ദ്ര അവിടെനിന്നു ഭവാനെ, സോമം പിഴിഞ്ഞവൻ വിണ്ണിലേയ്ക്കു പോകുന്ന, ഹരികൾ പോലുള്ള സ്തോത്രങ്ങളാൽ ഇങ്ങോട്ടു കൊണ്ടുപോരുന്നു!4
വൃത്രഹന്താവേ, നിന്തിരുവടി സ്വർഗ്ഗത്തിലെ രോചനത്തിലായിരിയ്ക്കാം; സമുദ്രത്തിലൊരേടത്തായിരിയ്ക്കാം; ഭൂമിയിലെങ്ങാനുമായിരിയ്ക്കാം; അന്തരിക്ഷത്തിലായിരിയ്ക്കാം. അവിടെനിന്നു് ഇങ്ങെഴുന്നള്ളിയാലും!5
ബലരക്ഷക, സോമം കുടിയ്ക്കുന്നവനേ, ഇന്ദ്ര, സോമം പിഴിഞ്ഞ ഞങ്ങളെ ആ നിന്തിരുവടി നിഷ്കപടമായ അന്നം കൊണ്ടും, വിപുലമായ ധനംകൊണ്ടും ഇമ്പപ്പെടുത്തിയാലും! 6
ഇന്ദ്ര, അവിടുന്നു് ഞങ്ങളെ കൈവിടരുതേ: ഞങ്ങളുടെ ഇടയിൽ ഒപ്പം മത്തടിയ്ക്കുക. ഇന്ദ്ര, അവിടുന്നാണു്, ഞങ്ങൾക്കു രക്ഷിതാവ്; ബന്ധുവും അവിടുന്നുതന്നെ ഇന്ദ്ര ഞങ്ങളെ കൈവിടരുതേ! 7
ഇന്ദ്ര, ഞങ്ങൾ ഒന്നിച്ചു പിഴിഞ്ഞതിനാൽ, അവിടുന്നു് മധുനുകരാനിരുന്നാലും; മഘമാവേ, ഇന്ദ്ര, ഞങ്ങൾ ഒന്നിച്ചു പിഴിഞ്ഞതിനാൽ, അവിടുന്നു സ്തോതാവിനു വലിയ രക്ഷ നൽകിയാലും!8
വജ്രിൻ, അവിടുത്തോടടുക്കില്ല, ദേവകൾ – മനുഷ്യരുമില്ല: എല്ലാജ്ജീവികളെയും അവിടുന്നു കെല്പാൽ കീഴടക്കിയിരിയ്ക്കുന്നു; അവിടുത്തോടടുക്കില്ല, ദേവകൾ! 9
പടകളെയെല്ലാം കീഴമർത്തുന്ന നേതാവിനെ – കർമ്മത്തിന്റെ മികവും, കനത്ത കെല്പും, ഓജസ്സും, വളർച്ചയും, വെമ്പലുമിയന്ന നിഹന്താവായ ഇന്ദ്രനെ – (ആളുകൾ) ധനത്തിന്നു് ഉത്തേജിപ്പിച്ചു; വെളിച്ചത്തിന്നുദിപ്പിച്ചു!10
ഇന്ദ്രനെ രേഭന്മാർ സോമപാനത്തിനു വഴിപോലെ സ്തുതിച്ചു: വർദ്ധിപ്പിയ്ക്കപ്പെടുമ്പോൾ, കർമ്മവാനായ ഈ സ്വർഗ്ഗപ്പെരുമാൾ കരുത്തോടും മരുത്തുക്കളോടും ചേരുന്നു.11
ഉരുൾച്ചുറ്റിനെ കണ്ടാൽ നമസ്കരിയ്ക്കുന്നു: ആടിനെ മേധാവികൾ പുകഴ്ത്തുന്നു. ദ്രോഹിയ്ക്കാത്ത ശോഭനതേജസ്കരായ നിങ്ങൾ സത്വരം തൃച്ചെവിയിൽ മന്ത്രം ചൊല്ലുവിൻ!12
ആ ഇന്ദ്രനെ – ഉഗ്രനും, യഥാർത്ഥബലനും അനിവാര്യനുമായ മഘവാവിനെ – ഞാൻ വീണ്ടും വീണ്ടും വിളിയ്ക്കുന്നു: പരമപൂജ്യനായ യജ്ഞാർഹൻ സ്തുതികളാൽ ഇങ്ങോട്ടു തിരിയട്ടെ; വജ്രി നമുക്കു ധനത്തിനു നല്ല വഴിയെല്ലാം വെട്ടട്ടെ!13
ഇന്ദ്ര, കെല്പും കഴിവുമേറിയവനേ, അങ്ങയ്ക്കറിയാം, ഈ പുരികൾ ബലംകൊണ്ടു മുടിയ്ക്കാൻ. വജ്രിൻ, സർവഭൂവനങ്ങളും വാനൂഴികളും ഭവാനെപ്പേടിച്ചു് വിറകൊള്ളുന്നു!14
ഇന്ദ്ര, ശൂര, നാനാരൂപ, ഭവാന്റെ ആ സത്യം എന്നെ രക്ഷിയ്ക്കട്ടെ: വജ്രിൻ, അവിടുന്നു ബഹുപാപങ്ങൾ, പുഴപോലെ കടത്തിയാലും. ഇന്ദ്ര, തമ്പുരാനേ, അവിടുന്നു ഞങ്ങൾക്കു സ്പൃഹണീയമായ വിവിധസമ്പത്തു് എന്നു തന്നരുളും!15
[1] ദർഭ വിരിച്ചവർ – യജമാനർ.
[3] നടപ്പു് – അമാർഗ്ഗ സഞ്ചാരം.
[4] സോമവാൻ സ്തോത്രം സ്വർഗ്ഗത്തിലെയ്ക്കയയ്ക്കുന്നു. നിന്തിരുവടി വന്നെത്താൻ.
[10] വെമ്പൽ – ശത്രുവധത്വര. നിഹന്താവു്—വൈരിഘ്നൻ. വെളിച്ചത്തിന്നുദിപ്പിച്ചു എന്നതു് ഇന്ദ്രന്റെ സൂര്യാത്മത്മകത്വത്തെ വ്യഞ്ജിപ്പിയ്ക്കുന്നു.
[11] രേഭന്മാർ – കശ്യപപുത്രന്മാർ കരുത്തോടും – സ്തുതിയാൽ ബലവും മരുത്തുക്കളാൽ രക്ഷയും നേടുന്നു എന്നു സാരം.
[12] ഉരുൾച്ചുറ്റിനെ – തേരിന്റെ ഉരുൾച്ചുറ്റ് ഏർക്കാലുകളിലെല്ലാം വ്യാപിച്ചിരിയ്ക്കുമല്ലോ; അതുപോലെ സർവവ്യാപ്തനായിരിയ്ക്കുന്ന ഇന്ദ്രനെ, ആദിനെ – മേധാതിഥിയെ സ്വർഗ്ഗത്തിലെയ്ക്കു കൊണ്ടുപോകാൻ ആടിന്റെ രൂപം ധരിച്ച ഇന്ദ്രനെ. ബാക്കി സ്തോതാക്കളോടു് യജമാനവാക്യം: ദ്രോഹിയ്ക്കാത്ത – ഉപകാരപരരായ, തൃച്ചെവിയിൽ – ഇന്ദ്രന്റെ കർണ്ണത്തിൽ.
[13] സ്തുതികളാൽ – നമ്മുടെ.
[14] പുരികൾ – ശംബരന്റെ നഗരികൾ.