അംഗിരോഗോത്രൻ നൃമേധൻ ഋഷി; ഉഷ്ണിക്കും കകുപ്പും പുരഉഷ്ണിക്കും ചന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
മേധാവിയും, മഹാനും, ധർമ്മകർത്താവും, വിദ്വാനും, സ്തോത്രതൽപരനുമായ ഇന്ദ്രന്നു ബൃഹത്സാമം പാടുവിൻ!1
ഇന്ദ്ര, അവിടുന്നു കീഴമർത്തുന്നവനാണു്; അവിടുന്നു് സൂര്യനെ ഉദ്ഭാസിപ്പിച്ചു. വിശ്വകർമ്മാവും, വിശ്വദേവനും മഹാനുമാണ,വിടുന്നു്!2
ഇന്ദ്ര അവിടുന്നു് തേജസ്സിനാൽ, സൂര്യപ്രകാശകമായ സ്വർഗ്ഗത്തെ വിളങ്ങിച്ചുംകൊണ്ടെഴുന്നള്ളി; ദേവന്മാർ ഭവാന്റെ സഖ്യത്തിന്നുഴറി.3
ഇന്ദ്ര, പ്രിയനും, മഹാന്മാരെ ജയിയ്ക്കുന്നവനും, പിടിയിൽപ്പെടാത്തവനും, ഒരു പർവ്വതംപോലെ എമ്പാടും വിശാലനും, വിൺപെരുമാളുമായ നിന്തിരുവടി ഞങ്ങളിൽ വന്നാലും!4
സത്യസ്വരൂപ, സോമപായിൻ, അവിടുന്നു് വാനൂഴികൾ രണ്ടിനേയും കീഴടക്കിയിരിയ്ക്കുന്നുവല്ലോ; ഇന്ദ്ര, ആ നിന്തിരുവടി പിഴിയുന്നവനെ തഴപ്പിയ്ക്കുന്നവനും, വിൺപെരുമാളുമാകുന്നു!5
ഇന്ദ്ര, അങ്ങ് വളരെപ്പുരികൾ പിളർത്തിയിരിയ്ക്കുന്നുവല്ലോ; ദസ്യുഹന്താവും, മനുഷ്യവർദ്ധകനും, വിൺപെരുമാളുമാണ,വിടുന്നു്!6
ഇന്ദ്ര, സ്തുതിസേവ്യ, ഞങ്ങൾ വലിയ സ്തോത്രങ്ങൾ ഭവാങ്കൽ വീഴ്ത്തുന്നു: വെള്ളത്തിലൂടേ പോകുന്നവർ വെള്ളം കോരിയൂക്കുന്നതുപോലെ.7
വജ്രിൻ, ശൂര, വെള്ളം വേണ്ടുന്ന നിലത്തെ നദികളെന്നപോലെ, വളർന്നവൻതന്നെയായ ഭവാനെ സ്തോത്രങ്ങൾ നാളിൽ നാളിൽ വളർത്തുന്നു!8
ഗമനശീലനായ ഇന്ദ്രന്റെ പെരുംനുകമുള്ള പെരുംതേരിൽ, കേവലം വാക്കുകൊണ്ടു പൂട്ടാവുന്ന രണ്ടു പള്ളിക്കുതിരകളെ (സ്തോതാക്കൾ) സ്തുതിയാൽ പൂട്ടുന്നു!9
ഇന്ദ്ര, ശതക്രതോ, ശരിയ്ക്കു കാണുന്നവനേ, പടകളെ കീഴമർത്തുന്ന വീരനായ നിന്തിരുവടി ഞങ്ങൾക്കു് ബലവും ധനവും കൊണ്ടുവന്നാലും!10
വസോ, അങ്ങ് ഞങ്ങൾക്കച്ഛനാണു്; ശതക്രതോ, അങ്ങ് അമ്മയുമാണു്. അതിനാൽ ഞങ്ങൾ അങ്ങയുടെ സുഖം യാചിയ്കന്നു.11
ബലവാനേ, പുരുഹൂത, ശതക്രതോ, കെല്പിച്ഛിയ്ക്കുന്ന ഭവാനെ ഞാൻ പുകഴ്ത്തുന്നു; ഭവാൻ ഞങ്ങൾക്കു നല്ല വീര്യമുള്ള (ധനം)കല്പിച്ചുതന്നാലും!12