മരുൽപുത്രനെ ദ്യുതാനനോ, തിരശ്ചീയോ ഋഷി; ത്രിഷ്ടുപ്പും വിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രനും മരുത്തുക്കളും ബൃഹസ്പതിയും ദേവത.
ഈ ഇന്ദ്രന്നുവേണ്ടി ഉഷസ്സുകൾ നിത്യം വന്നുതുടങ്ങി; രാത്രികൾ ഒടുവിൽ നല്ല ശബ്ദം പുറപ്പെടുവിച്ചു; അവിടെയ്ക്കുവേണ്ടി, വിശാലങ്ങളായ ഏഴു നദീമാതാക്കൾ മനുഷ്യർക്കു സുഖേന കടക്കാവുന്നവയായി നിന്നു!1
കൂടിച്ചേർന്ന ഇരുപത്തൊന്നു പർവതസാനുക്കളെ തനിയെ വജ്രംകൊണ്ടു അങ്ങോളം പിളർത്തി: ആ വളർന്ന വൃഷഭൻ ചെയ്തവ ഒരു ദേവനോ മനുഷ്യനോ സാധിയ്ക്കില്ല!2
ഇന്ദ്രന്റെ മുറുകെപ്പിടിച്ച വജ്രം ഇരിമ്പാണ്; ഇന്ദ്രന്റെ കൈകൾക്കു വളരെയുണ്ടു്, ബലം. ഇന്ദ്രൻ പുറപ്പെടുമ്പോൾ തലയും വായും ജോലിചെയ്യും; കേൾപ്പാൻ (ആൾക്കാർ) അരികത്തുനില്ക്കും!3
എനിയ്ക്കറിയാം: യജ്ഞാർഹരിൽവെച്ചു യജ്ഞാർഹനണ,വിടുന്നു്, എനിയ്ക്കറിയാം: വീഴാത്തവരെയും വീഴിയ്ക്കുന്നവവാണ,വിടുന്നു്; എനിയ്ക്കറിയാം: ഇന്ദ്ര, സേവകർക്കു് ഒരു കൊടിമരമാണ,വിടുന്നു്; എനിയ്ക്കറിയാം: മനുഷ്യർക്ക് അഭീഷ്ടവർഷിയാണ,വിടുന്നു്!4
ഇന്ദ്ര, നിന്തിരുവടി അഹിയെ ഹനിപ്പാൻ, കുറുമ്പകറ്റുന്ന വജ്രം തൃക്കയ്യിലെടുത്തപ്പോൾ, മേഘങ്ങളും ജലങ്ങളും ഇരമ്പി; ബ്രാഹ്മണർ ഇന്ദ്രന്റെ ചുറ്റും കൂടി!5
ഇവയെ ഉൽപാദിപ്പിച്ച ഇന്ദ്രനെത്തന്നെ നാം സ്തുതിയ്ക്കുക: ജഗത്തെല്ലാം, തനിയ്ക്കു താഴെയാണ് നമുക്കു സ്തുതികളാൽ അവിടുത്തോടു സഖ്യം ചെയ്യാം; നമസ്സുകളാൽ വൃഷാവിനെ ആഭിമുഖ്യപ്പെടുത്താം!6
ഇന്ദ്ര, സഖാക്കളായിരുന്ന ദേവന്മാരെല്ലാം വൃത്രന്റെ കൂർക്കം മൂലം പാഞ്ഞ്, അങ്ങയെ വെടിഞ്ഞുവല്ലോ; എന്നാൽ അങ്ങയ്ക്കു മരുത്തുക്കളോടു് സഖ്യമുണ്ടാകട്ടെ. അതോടേ, ഈ സൈന്യത്തെ മുഴുവൻ അവിടുന്നു ജയിയ്ക്കും!7
അറുപത്തിമൂന്നു മരുത്തുക്കൾ അങ്ങയെ കൂട്ടമിട്ട ഗോക്കൾ പോലെ ശക്തിപ്പെടുത്തിയതിനാൽ യജ്ഞാർഹരായിത്തീർന്നു; ഞങ്ങൾ ആ ഭവാങ്കലണയുന്നു. ഞങ്ങൾക്കു ധനം തരിക: ഞങ്ങളും ഈ ഹവിസ്സുകൊണ്ടു ഭവാനു ബലമുണ്ടാക്കാം! 8
ഇന്ദ്ര, ഭവാന്റെ തിളങ്ങുന്ന വില്ലിനെയും മരുത്സംഘത്തെയും വജ്രത്തെയും ആരെതിർക്കും? ഋജീഷിൻ, ആയുധമില്ലാത്ത ദേവദ്വേഷികളായ അസുരന്മാരെ നിന്തിരുവടി ചക്രംകൊണ്ടു് ആട്ടിപ്പായിച്ചാലും!9
മഹാനും ഉഗ്രനും പ്രവൃദ്ധനുമായ സുമംഗളനെപ്പറ്റി ഭവാൻ ഗോവിന്നുവേണ്ടി നല്ല സ്തുതി ചൊല്ലുക – സ്തോത്രവാഹ്യനായ ഇന്ദ്രന്നു വളരെ സ്തവങ്ങൾ രചിയ്ക്കുക: വെക്കം പുത്രനു ധാരാളം കിട്ടിയ്ക്കട്ടെ!10
ഉക്ഥവാഹ്യനായ വിഭൂവിന്നു ഭവാൻ, തോണികൊണ്ടു പുഴ കടത്തുന്നതുപോലെ, സ്തുതിയയച്ചാലും; തുലോം പ്രീതിപ്പെടുത്തുന്ന വിശ്രുതന്റെ (ധനം) കർമ്മത്താൽ പുത്രന്നായി കൈവരുത്തിയാലും. വെക്കം ധാരാളം കിട്ടിയ്ക്കട്ടെ!11
ഇന്ദ്രൻ സ്വീകരിയ്ക്കുന്നതു ഭവാൻ ഒരുക്കിവെയ്ക്കുക: ശോഭന സ്തോത്രനെ ഹവിസ്സുകൊണ്ടു പരിചരിയ്ക്കുക. സ്തോതാവേ, ഭവാൻ അണിഞ്ഞുകൊൾക – കരയേണ്ടാ; സ്തുതി കേൾപ്പിയ്ക്കു; വെക്കം ധാരാളം കിട്ടിയ്ക്കട്ടെ!12
ദ്രുതസഞ്ചാരിയായ കൃഷ്ണൻ പതിനായിരമാളുകളോടുകൂടി അംശുമതീതീരത്തു പാർത്തിരുന്നു: അതറിഞ്ഞു മനുഷ്യസ്നേഹിയായ ഇന്ദ്രൻ അട്ടഹാസമിടുന്ന അവങ്കൽ ചെന്നെത്തി, കൊലപടകളെ കൊന്നൊടുക്കി!13
‘അംശുമതീനദിയുടെ ഒരു വിപുലമായ നിഗൂഢസ്ഥലത്തു്, ആകാശത്തെന്നപോലെ, നിവസിയ്ക്കുന്ന ദ്രുതസഞ്ചാരിയായ കൃഷ്ണനെ ഞാൻ കണ്ടെത്തി: വൃഷാക്കളേ, ഞാൻ നിങ്ങളെ തേടുകയായിരുന്നു; നിങ്ങൾ പോരിൽ പൊരുതുവിൻ.’!14
ദ്രുതസഞ്ചാരി അംശുമതീസമീപത്തു മിന്നിത്തിളങ്ങിക്കൊണ്ടുദ്ദേഹം തടിപ്പിച്ചുപോന്നു. ഇന്ദ്രനാകട്ടേ, ബൃഹസ്പതിയോടൊന്നിച്ചു്, എതിർത്തെത്തിയ അസുരപ്പടകളെ നിഹനിച്ചു!15
അതേ: നിന്തിരുവടി ജനിച്ചപ്പോൾത്തന്നേ, ശത്രുവില്ലാത്ത ഏഴു ശത്രുക്കൾക്കു ശത്രുവായിത്തീർന്നുവല്ലോ! ഇന്ദ്ര, ഇരുളടഞ്ഞ വാനൂഴികളെ അവിടുന്നു കണ്ടുപിടിച്ചു; വലിയ ലോകങ്ങളെ ആഹ്ലാദിപ്പിച്ചു!16
അതേ: വജ്രിൻ, അവിടുന്നു വജ്രംകൊണ്ടു ശുഷ്ണന്റെ നിസ്തുല്യമായ ബലം കൂസാതെ നശിപ്പിച്ചുവല്ലോ; അവിടുന്ന് ആയുധങ്ങൾ കൊണ്ടു കൊന്നു. ഇന്ദ്ര, അവിടുന്നു് ബുദ്ധികൊണ്ടു ഗോക്കളെ നേടി!17
അതേ: വൃഷാവേ, അവിടുന്നു മനുഷ്യർക്കു് ഉപദ്രവം പോക്കി, വളർന്നുവല്ലോ;: അവിടുന്നു നിരോധിയ്ക്കപ്പെട്ട നദികളെ ഒഴുക്കി; അവിടുന്നു ശത്രുക്കളുടെ കയ്യിലായിരുന്ന തണ്ണീരുകളെ വെന്നടക്കി! 18
സോമം പിഴിഞ്ഞാൽ വിളിയാടുന്ന ശോഭനപ്രജ്ഞൻ, ആരോ; അനിർവ്വാര്യക്രോധനും, അഹസ്സുപോലെ ധനവാനും, ആരോ; അർ ഒറ്റയ്ക്കു നേതാവിങ്കൽ കർമ്മം നടത്തുമോ; ആ വൃത്രഘ്നനെ പരാസ്കന്ദി എന്നു പറഞ്ഞുവരുന്നു!19
ആ വൃത്രഘ്നനായ ഇന്ദ്രൻ മനുഷ്യരെ പോറ്റിപ്പോരുന്നു. ആ ആഹ്വാതവ്യനെ നാം വഴിപോലെ സ്തുതിച്ചു വിളിയ്ക്കുക: ആ മഘവാവു നമ്മെ സംരക്ഷിയ്ക്കും; കൂട്ടിപ്പറയും; അദ്ദേഹം യശോജനകമായ അന്നം തരും!20
ഋഭൂക്കളൊടുകൂടി മേവുന്ന വൃത്രഘ്നനായ ഇന്ദ്രൻ, പിറന്നപ്പോൾത്തന്നേ അഹ്വാതവ്യനായിത്തീർന്നു – മനുഷ്യഹിതങ്ങളായ വളരെക്കർമ്മങ്ങൾ ചെയ്യുന്നതിനാൽ, കുടിയ്ക്കപ്പെട്ടസോമംപോലെ, സഖാക്കൾക്കു് ആഹ്വാതവ്യനായിത്തീർന്നു!21
[1] ഒടുവിൽ – അന്തിമയാമത്തിൽ. നല്ല ശബ്ദം – മനുഷ്യാദികളുടെ. ഇതൊക്കെ ഇന്ദ്രശാസനത്താലാണെന്നർത്ഥം.
[2] വൃഷഭൻ = വൃഷാവ്.
[3] പുറപ്പെടുമ്പോൾ – യുദ്ധത്തിന്ന്. തലയുടെ ജോലി – തൊപ്പിവെയ്ക്കുലും മറ്റും, വായയുടെ ജോലി – ആജ്ഞ നല്കൽ, കേൾപ്പാൻ – ആജ്ഞ കേട്ടനുഷ്ഠിപ്പാൻ.
[4] വീഴാത്തവരെയും – സ്ഥിരപ്രതിഷ്ഠരായ വീരന്മാരെപ്പോലും. സേവകർക്ക് – ഭടന്മാർക്കു്.
[5] അഹി – അസുരൻ. കുറുമ്പകറ്റുന്ന – ശത്രുക്കളുടെ. ഒടുവിലെ വാക്യം പരോക്ഷം: ചുറ്റും കൂടി – പരിചരിച്ചു.
[6] സ്തോതാക്കൾ തമ്മിൽ: ഇവ – ചരാചരങ്ങൾ നമസ്സുകൾ = നമസ്കാരങ്ങൾ, ഹവിസ്സുകൾ.
[7] പാഞ്ഞു് – പേടിച്ചോടി. ഈ സൈന്യത്തെ – ശത്രുസേനയെ.
[9] ചക്രം – ചക്രരൂപമായ വജ്രം.
[10] സ്തോതാവിനോട്: സുമംഗളൻ – ഇന്ദ്രൻ. ഗോവിന്നുവേണ്ടി – ഇരുകാൽ-നാല്കാലിനന്മയ്ക്കായി. വളരെ – ബഹുധം. കിട്ടിയ്ക്കട്ടെ – ഇന്ദ്രൻ.
[11] കടത്തുന്നതുപോലെ – നാവികൻ പഥികനെ കടത്തിയയയ്ക്കുന്നതു പോലെ. കർമ്മം – സ്തുതി.
[12] ഋത്വിക്കിനോടു്: അണിഞ്ഞുകൊൾക – ആഭരണങ്ങൾ. കരയേണ്ടാ – സ്വന്തം ദാരിദ്ര്യമോർത്തു ദുഃഖിയ്ക്കേണ്ട. കേൾപ്പിയ്ക്ക – ഇന്ദ്രനെ.
[13] കൃഷ്ണൻ – ഒരസുരൻ. അംശുമതി – ഒരു നദി. കൊലപടകൾ – കൃഷ്ണന്റെ ഹിംസകസൈന്യങ്ങൾ.
[14] ഇന്ദ്രൻ മരുത്തുക്കളോടു്: വൃഷാക്കളേ. പൊരുതുവിൻ – കൃഷ്ണനോട്.
[15] ദ്രുതസഞ്ചാരി – കൃഷ്ണാസുരൻ തടിപ്പിച്ചുപോന്നു. പോഷകാഹാരങ്ങളാൽ.
[16] ശത്രുവില്ലാത്ത – അത്ര പ്രബലന്മാരായ. ഏഴു ശത്രുക്കൾ – കൃഷ്ണൻ, വൃത്രൻ മുതലായവർ.
[17] കൊന്നു – ശുഷ്ണനെ.
[19] പരോക്ഷം: അഹസ്സുപോലെ – പകൽസ്സമയത്താണല്ലോ, ആളുകൾ ധനമാർജ്ജിയ്ക്കുക. പരാസ്കന്ദി – ശത്രുക്കളെ ആക്രമിയ്ക്കുന്നവൻ.
[21] സോമംപോലെ – ദേവന്മാർക്കു് ആഹ്വാതവ്യമാണല്ലോ, സോമം, സഖാക്കൾക്കു് – ഋത്വക്കുകൾക്കു്.