ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
തേരുകൾപോലെയും കുതിരകൾപോലെയും ഒലിയിടുന്ന സോമങ്ങൾ അന്നത്തിന്നും സ്വത്തിന്നും വന്നെത്തുന്നു! 1
തേരുകൾപോലെ വരുന്ന സോമങ്ങൾ, ചുമട്ടുകാരുടെ ചുമടുകൾപോലെ ഇരു കൈകളിൽ എടുക്കപ്പെടുന്നു. 2
രാജാവിനെ സ്തുതിപോലെയും, യജ്ഞത്തെ സപ്തഹോത്രകൾപോലെയും, സോമത്തെ ഗോരസം പൂശിയ്ക്കുന്നു. 3
പിഴിയപ്പെടുന്ന സോമം മഹത്തായ സ്തുതിയോടേ പിഴിയപ്പെട്ടു, മത്തിന്നായി ധാരാരൂപേണ ചുറ്റും നടക്കുന്നു. 4
ഇന്ദ്രന്നു കുടിപ്പാനുള്ളതും, ഉഷസ്സിന്നു ശോഭയുണ്ടാക്കുന്നതുമായ സോമം ഒഴുകിക്കൊണ്ടു് ഒച്ച പുറപ്പെടുവിയ്ക്കുന്നു! 5
പഴയ സ്തുതികാരന്മാരും, വൃഷാവിനെ കൊണ്ടുവരുന്ന മനുഷ്യരും (യജ്ഞത്തിന്റെ) കതകുകൾ തുറക്കുന്നു! 6
നല്ലവരായ, ചാർച്ചക്കാരായ ഏഴുഹോത്രകർ ഒന്നിന്റെ അടുക്കൽ തിക്കിക്കൊണ്ടിരിയ്ക്കുന്നു! 7
നാഭിയെ ഞാൻ നാഭിയിലാക്കുന്നു; കണ്ണു സൂര്യങ്കലും ചേരുന്നു. കവിയുടെ കുഞ്ഞിനെ ഞാൻ വളർത്തുന്നു! 8
വിണ്ണിന്റെ അരിയ ഇരിപ്പിടം അധ്വര്യുക്കളാൽ ഗുഹയിലടയ്ക്കപ്പെട്ടതും ഇന്ദ്രൻ തൃക്കണ്ണുകൊണ്ടു നോക്കുന്നു! 9
[1] അന്നത്തിന്നും സ്വത്തിന്നും – ശത്രുക്കളിൽനിന്നു് അന്നവും സ്വത്തും കവർന്നു യജമാനർക്കു കൊടുക്കാൻ.
[2] വരുന്ന – യാഗശാലയിലെയ്ക്കു്. ഇരുകൈകളിൽ – ഋത്വിക്കുകളുടെ.
[3] പൂശിയ്ക്കുന്നു – കർമ്മികൾ.
[4] മത്തിന്നായി – ദേവന്മാരെ മത്തു പിടിപ്പിയ്ക്കാൻ. ചുറ്റും നടക്കുന്നു – യാഗശാലയിലെങ്ങും കൊണ്ടുപോകപ്പെടുന്നു.
[6] വൃഷാവു് – സോമം. കതകുകൾ – ദ്വാരങ്ങൾ.
[7] ചാർച്ചക്കാർ – പരസ്പരസ്നേഹികൾ. ഒന്ന് – സോമം.
[8] നാഭിയെ – യജ്ഞത്തിന്റെ പൊക്കിളായ സോമത്തെ. നാഭിയിലാക്കുന്നു – കുടിയ്ക്കുന്നു എന്നർത്ഥം; സോമം കുടിച്ചാൽ സൂര്യനെ നോക്കാൻ കെല്പുണ്ടാകും. കവിയുടെ കുഞ്ഞു് – സോമവല്ലിത്തയ്യു്.
[9] വിണ്ണിന്റെ അരിയ ഇരിപ്പിടം – സോമം. ഗുഹയിലടയ്ക്കുക – വയറ്റിലാക്കുക, കുടിയ്ക്കുക.