ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ക്രാന്തകർമ്മാവായ കവി, പിഴിയാൻ ഇരുപലകകളിൽ വെയ്ക്കപ്പെട്ടു, വിണ്ണിന്നാരോമലായ അമ്മിമേൽ ചെല്ലുന്നു. 1
ത്രാണിയുള്ള ഭവാൻ, ഭവാന്റെ ഇരിപ്പിടമായിത്തീർന്ന, അദ്രോഹിയായ സ്തോതാവിന്നു ഭക്ഷിപ്പാൻ ധാരാളം അന്നവുമായി വന്നാലും! 2
പിറന്നു പരിശുദ്ധി പൂണ്ട ആ മഹാനായ മകൻ മഹതികളും യജ്ഞത്തെ വളർത്തുന്നവരും ജനയിത്രികളുമായ ഇരുതായകളെ വിളങ്ങിയ്ക്കുന്നു! 3
മുഖ്യമായ അതു് അംഗുലികളാൽ പിടിയ്ക്കപ്പെട്ടിട്ടു്, ഏഴുനദികളെ – അതിനെ ചടവുപറ്റാതെ വളർത്തിപ്പോന്ന ദ്രോഹവർജ്ജിതകളെ – പ്രീണിപ്പിയ്ക്കുന്നു! 4
ഇന്ദ്ര, അങ്ങയ്ക്കുള്ള വലിയ കർമ്മത്തിന്നാണു്, ആ അംഗുലികൾ ഹിംസിയ്ക്കപ്പെടാത്ത, യുവാവായ ഇന്ദുവിനെ എടുത്തത്. 5
ഏറ്റവും മതി വരുത്തുന്ന, മരണമില്ലാത്ത ഭാരവാഹി ഏഴുദേവിമാരെ നോക്കുന്നു, ഒരു കിണറായിത്തീർന്നു സംതൃപ്തകളാക്കുന്നു! 6
ഒരു പുരുഷനായ പവമാനസോമമേ, യജ്ഞദിവസങ്ങളിൽ ഭവാൻ ഞങ്ങളെ രക്ഷിച്ചാലും; ആ പൊരുതപ്പെടേണ്ടുന്ന തമസ്സുകളെ തകർത്താലും! 7
ശ്ലാഘ്യമായ പുത്തൻസൂക്തത്തിന്നു നിന്തിരുവടി വെക്കം വഴിയിലിറങ്ങിയാലും; മുമ്പേത്തെപ്പോലെ വെളിച്ചവും വീശിയാലും! 8
പവമാനമേ, മഹത്തായ അന്നത്തെയും ഗോവിനെയും അശ്വത്തെയും പുത്രനെയും നിന്തിരുവടി നല്കാറുണ്ടല്ലോ; ആ നിന്തിരുവടി മേധ തരിക – എല്ലാം തരിക! 9
[1] കവി – സോമം. വിണ്ണിന്നാരോമലായ – സോമം പിഴിയാനുള്ള ഉപകരണം വിണ്ണിന്നു (ദേവന്മാർക്കു്) പ്രിയപ്പെട്ടതായിരിയ്ക്കുമല്ലോ.
[3] മകൻ – സോമം. ജനയിത്രികൾ – ഭുതജാതത്തെ ജനിപ്പിച്ചവർ. ഇരുതായകളെ – ദ്യാവാപൃഥിവികളെ.
[4] അതു് – സോമം. ദ്രോഹവർജ്ജിതകൾ – സ്നേഹശാലിനികൾ.
[6] മതി – ദേവന്മാർക്കു്. ഭാരവാഹി – യജ്ഞത്തിന്റെ ഭാരം വഹിയ്ക്കുന്ന സോമം. ഏഴുദേവിമാർ – സപ്തനദികൾ. കിണറായിത്തീർന്നു – വലിയ കുട്ടകത്തിൽ നിറഞ്ഞുനിന്നു, ദേവന്മാരാൽ കുടിയ്ക്കപ്പെട്ടു്. സംതൃപ്തകളാക്കുന്നു – മഴ പെയ്യിച്ചു്.
[7] തമസ്സുകൾ – രക്ഷസ്സുകൾ.
[8] സൂക്തത്തിന്നു – സ്തോത്രം കേൾപ്പാൻ. വഴിയിലിറങ്ങിയാലും – ഇങ്ങോട്ടു പുറപ്പെട്ടാലും.
[9] നല്കാറുണ്ടല്ലോ – ഞങ്ങൾക്കു്.