ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ദേവന്മാരെ യജിപ്പാൻതുടങ്ങുന്ന ഈ പവമാനസോമത്തെപ്പറ്റി, നേതാക്കളേ, നിങ്ങൾ ഗാനംചെയ്യുവിൻ! 1
ദേവ, ഭവാന്റെ ദേവകാമമായ (നീരിൽ) ദേവന്നായി അഥർവാക്കൾ ഗോക്ഷീരം പകരുന്നു. 2
രാജാവേ, ആ തിരുമേനി ഗോവിന്നു സുഖമാംവണ്ണവും, ആളുകൾക്കു സുഖമാംവണ്ണവും, അശ്വത്തിന്നു സുഖമാംവണ്ണവും, സസ്യങ്ങൾക്കു സുഖമാംവണ്ണവും നീരൊഴുക്കിയാലും! 3
തവിട്ടുനിറം തടവുന്ന, തുടുപ്പിയന്ന, സ്വർഗ്ഗത്തെ തലോടുന്ന, സ്വതവേ ബലവത്തായ സോമത്തിന്നു നിങ്ങൾ സ്തോത്രം ചൊല്ലുവിൻ. 4
അമ്മിക്കുഴകൊണ്ടു ചതച്ചു പിഴിഞ്ഞ സോമം നിങ്ങൾ അരിയ്ക്കുവിൻ; ഈ മധുവിൽ പശുവിൻപാലും പകരുവിൻ. 5
ഇന്ദുവിനെ നിങ്ങൾ വണങ്ങി സമീപിയ്ക്കുവിൻ; തയിർതന്നേ ചേർക്കുവിൻ; ഇന്ദ്രന്നു വെയ്ക്കുവിൻ. 6
സോമമേ, വഴിപോലെ കാണുന്ന, വൈരികളെ വധിയ്ക്കുന്ന, ദേവന്മാർക്കഭിമതം നല്കുന്ന നിന്തിരുവടി ഗോവിന്നു സുഖമാംവണ്ണം നീരൊഴുക്കിയാലും! 7
സോമമേ, മനസ്സറിയുന്ന മനസ്പതിയായ ഭവാൻ ഇന്ദ്രന്നു കുടിച്ചു ലഹരിക്കൊള്ളാനായി പകർന്നുവെയ്ക്കപ്പെടുന്നു. 8
ഇന്ദോ, പവമാനസോമമേ, അങ്ങു് ഞങ്ങൾക്കു, ഞങ്ങളുടെ ഇന്ദ്രന്റെ തുണയാൽ നല്ല വീര്യവും ധനവും തന്നാലും! 9