അംഗിരോഗോത്രൻ ഹിരണ്യസ്തൂപൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.
പവമാനസോമമേ, മഹത്തായ അന്നമേ, ഭവാൻ ചെല്ലുക; വെല്ലുക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 1
സോമമേ, അങ്ങു് തേജസ്സു തരിക; സ്വർഗ്ഗവും സർവ്വസൗഭാഗ്യങ്ങളും തരിക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 2
സോമമേ, ഭവാൻ ബലവും ജ്ഞാനവും തരിക; ദ്രോഹികളെ കൊല്ലുക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 3
പിഴിയുന്നവരേ, നിങ്ങൾ ഇന്ദ്രന്നു കുടിപ്പാൻ സോമം അരിയ്ക്കുവിൻ. അങ്ങനെ ഭവാൻ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 4
ഭവാൻ ഭവാന്റെ കർമ്മംകൊണ്ടും ഭവാന്റെ രക്ഷകൾകൊണ്ടും ഞങ്ങളെ സൂര്യങ്കലണയ്ക്കുക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 5
ഭവാന്റെ ജ്ഞാനംകൊണ്ടും ഭവാന്റെ രക്ഷകൾകൊണ്ടും ഞങ്ങൾ സൂര്യനെ നീണാൾ കാണുമാറാകണം; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 6
നല്ല ആയുധങ്ങളുള്ള സോമമേ, അങ്ങു് രണ്ടിടങ്ങളിലെയും മുന്തിയ സമ്പത്തു കിട്ടിച്ചാലും; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 7
യുദ്ധങ്ങളിൽ പരിക്കുപറ്റാതെ കീഴമർത്തുന്ന നിന്തിരുവടി ധനം കിട്ടിച്ചാലും; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 8
പവമാനമേ, അങ്ങയെ (ആളുകൾ) നിലനില്പിന്നായി യജ്ഞങ്ങൾകൊണ്ടു വളർത്തുന്നു; അങ്ങനെ ഭവാൻ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 9
ഇന്ദോ, അവിടുന്നു ഞങ്ങൾക്കു നാനാരൂപവും അശ്വസമേതവും വിശ്വവ്യാപിയുമായ ധനം കൊണ്ടുവന്നാലും; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 10