കശ്യപഗോത്രൻ അസിതനോ, ദേവലനോ ഋഷി; ഗായത്രിയും, അനുഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.
സർവത്ര അധിപതിയും വൃഷാവുമായ സമിദ്ധപവമാനം പ്രീണിപ്പിച്ചുകൊണ്ടും ഒച്ച പുറപ്പെടുവിച്ചുകൊണ്ടും വിളങ്ങുന്നു! 1
തനൂനപാൽപവമാനം ഇരുകൊമ്പുകളെ മൂർച്ചകൂട്ടിക്കൊണ്ടു്, അന്തരിക്ഷത്തിലൂടേ ഒളി വീശി നടകൊള്ളുന്നു! 2
ഈഡ്യപവമാനം അഭീഷ്ടദാതാവും ദീപ്തവുമായിത്തീർന്നു, ജലധാരകളോടേ ബലത്താൽ വിളങ്ങുന്നു! 3
പച്ചനിറം പൂണ്ട പവമാനദേവൻ യാഗങ്ങളിൽ ദർഭ തുമ്പു കിഴക്കോട്ടാക്കി വിരിപ്പിച്ചുകൊണ്ടു, ബലത്തോടേ നടക്കുന്നു! 4
കനകമയികളായ പെരിയ ദ്വാരദേവിമാർ പവമാനത്തോടു കൂടി, സ്തുതിയ്ക്കപ്പെട്ടു, ദിക്കുകളിൽനിന്നുയരുന്നു! 5
സുരൂപകളായ, മുന്തിയ മഹതികളായ, ഇപ്പോൾ ദർശനീയളായ രാത്ര്യുഷസ്സുകളെ പവമാനം കാമിയ്ക്കുന്നു! 6
മനുഷ്യരെ നോക്കുന്ന രണ്ടു ദേവഹോതാക്കളായ ദേവന്മാരെ ഞാൻ വിളിയ്ക്കുന്നു. ഉജ്ജ്വലവും വൃഷാവുമാകുന്നു, പവമാനം! 7
ഭാരതി, സരസ്വതി, മഹതിയായ ഇള എന്നീ മൂന്നു സുരൂപമാരായ ദേവിമാർ നമ്മുടെ പവമാനത്തിന്റെ ഈ യജ്ഞത്തിൽ എഴുന്നള്ളട്ടെ! 8
മുമ്പേ ജനിച്ച, ജഗദ്രക്ഷകനായ, മുന്നിൽ നടക്കുന്ന ത്വഷ്ടാവിനെ ഞാൻ വിളിയ്ക്കുന്നു. പച്ചനിറം പൂണ്ട പവമാനസോമം ഇന്ദ്രനാണു്, വൃഷാവാണു്, പ്രജാപതിയാണു്! 9
പവമാനമേ, പച്ചനിറത്തിലും സ്വർണ്ണവർണ്ണത്തിലും വിളങ്ങുന്ന, ആയിരം കൊമ്പുകളുള്ള വനസ്പതിയെ അങ്ങു് മധുധാരയാടിച്ചാലും! 10
വായു, ബൃഹസ്പതി, സൂര്യൻ, അഗ്നി, ഇന്ദ്രൻ എന്നീ ദേവന്മാരേ, നിങ്ങളെല്ലാവരും ഒന്നിച്ചു പവമാനത്തിന്റെ സ്വാഹാകാരത്തിന്നു വന്നെത്തുവിൻ! 11
[1] ഈ സൂക്തത്തിൽ, പവമാനസോമത്തെ നരാശംസനൊഴിച്ചുള്ള അഗ്നികളാക്കിയിരിയ്ക്കുന്നു. സമിദ്ധൻ – ഒരഗ്നിയുടെ പേർ. പ്രീണിപ്പിച്ചുകൊണ്ടും – ദേവന്മാരെ.
[2] തനൂനപാത്ത് – പേർ. ഇരുകൊമ്പുകൾ – രണ്ടായി ഒഴുകിയ്ക്കപ്പെടുന്ന നീര്. നടകൊള്ളുന്നു – ദ്രോണകലശത്തിലെയ്ക്ക്.
[3] ഈഡ്യൻ – പേർ.
[9] മുന്നിൽ – ദേവന്മാരുടെ.
[10] വനസ്പതി – ഒരു ദേവൻ. മധുധാര – മധുരസപ്രവാഹം.
[11] സ്വാഹാകാരം – യജ്ഞകർമ്മം.