അസിതനോ, ദേവലനോ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.
സോമമേ, ദേവന്മാരിലും ഞങ്ങളിലും കൂറുറ്റ വൃഷാവായ ഭവാൻ മത്തുണ്ടാക്കുന്ന നീർ ആട്ടിൻരോമങ്ങളിൽ ഒഴുക്കിയാലും! 1
ഇന്ദോ, അങ്ങ് ഇന്ദ്രനാകകൊണ്ടു്, ആ മദകരമായ മധുവിനെയും, കരുത്തുള്ള കുതിരകളെയും നേരേ ഒഴുക്കിയാലും! 2
പിഴിയപ്പെടുന്ന ഭവാൻ ആ പുരാതനമായ മധു അരിപ്പയിൽ വീഴ്ത്തുക; ബലം, അന്നം എന്നിവയെയും ഒഴുക്കുക! 3
തെരുതെരെ വീഴുന്ന സോമരസങ്ങൾ, തണ്ണീരുകൾ താന്നേടത്തൂടെയെന്നപോലെ പാഞ്ഞ്, ഇന്ദ്രങ്കലണയുന്നു! 4
ആട്ടിൻരോമത്തിൽപ്പെടാതെ കാട്ടിൽ വിളയാടുന്ന യാതൊന്നിനെ പത്തു മങ്കമാർ, ഒരു കെല്പുറ്റ കുതിരയെയെന്നപോലെ തുടയ്ക്കുന്നുവോ; 5
ദേവന്മാർക്കു കുടിച്ചു മത്താടാൻ പിഴിയപ്പെട്ട ആ വൃഷാവായ നീരിൽ ഭവാൻ യുദ്ധത്തിന്നായി ഗോരസങ്ങൾ പകരുക. 6
ഇന്ദ്രദേവന്നായി പിഴിയപ്പെട്ട തെളിസോമം, തന്തിരുവടിയെ സംതൃപ്തനാക്കുന്ന പയസ്സിനെ ധാരയായൊഴുക്കുന്നു. 7
യജ്ഞത്തിന്റെ ആത്മാവു പിഴിയപ്പെട്ടു്, (അഭീഷ്ടങ്ങളെ) അയച്ചുകൊണ്ടു, വിരഞ്ഞൊഴുകുന്നു; പുരാതനമായ കവിത്വത്തെ പുലർത്തുകയും ചെയ്യുന്നു! 8
അതിമാദകമേ, അങ്ങു് ഇന്ദ്രന്നു കുടിപ്പാൻ ഇപ്രകാരം മധു പൊഴിയ്ക്കുന്നു; മറവിൽ ഒലികളും കൂട്ടുന്നു! 9
[1] ആട്ടിൻരോമങ്ങൾ – കമ്പിളിയരിപ്പ.
[2] ഒഴുക്കിയാലും – ഞങ്ങൾക്കായി.
[5] പ്രത്യക്ഷോക്തി: പത്തു മങ്കമാർ – പത്തു കൈവിരലുകൾ. തുടയ്ക്കുന്നു – പരിചരിയ്ക്കുന്നു എന്നർത്ഥം.
[7] പയസ്സ് – പാൽ, നീര്.
[8] യജ്ഞത്തിന്റെ ആത്മാവു് – സോമം. അയച്ചുകൊണ്ടു് – യഷ്ടാക്കൾക്കു. കവിത്വം – ഋഷിത്വം.
[9] പ്രത്യക്ഷോക്തി: മറവിൽ – യാഗശാലയിൽ.