അസിതനോ, ദേവലനോ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.
നല്ല കൂട്ടുകളോടുകൂടിയ, തന്തിരുവടിയുടെ ചാർച്ചയറിയുന്ന സോമങ്ങൾ കർമ്മത്തിൽ യജ്ഞമാർഗ്ഗത്തിലൂടേ കൊണ്ടുപോകപ്പെടുന്നു. 1
ഹവിസ്സുകളിൽ സ്തുത്യമായ യാതൊരു ഹവിസ്സു പെരിയ തണ്ണീരുകളിലിറങ്ങുമോ, ആ മധുവിന്റെ ധാരകൾ മുഖ്യങ്ങളാകുന്നു. 2
സത്യഭൂതവും അഹിംസവും മുഖ്യവുമായ വൃഷാവു് യജ്ഞത്തെ നോക്കി വെള്ളത്തിൽ തക്ക ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 3
സമ്പത്തുടുക്കുന്ന കവി കാവ്യങ്ങളിൽ ചുറ്റിനടക്കുന്നതെപ്പൊഴോ, അപ്പോൾ വിണ്ണിലെക്കുതിര യാത്രയ്ക്കൊരുങ്ങും! 4
കർമ്മികളാൽ പ്രേരിപ്പിയ്ക്കപ്പെട്ടാലപ്പോൾ, ഈ പവമാനം ഒരു രാജാവെന്നപോലെ മുടക്കികളെ മുടിയ്ക്കും! 5
അരുമപ്പെട്ട പച്ചനിറക്കാരൻ തണ്ണീരോടു ചേർന്നിട്ടു, കമ്പിളിയിലിരിയ്ക്കുന്നു; ഒലി കൂട്ടിക്കൊണ്ടു സ്തുതിയ്ക്കപ്പെടുകയും ചെയ്യുന്നു. 6
ഇതിന്റെ കർമ്മങ്ങളിൽ ആർ രമിയ്ക്കുമോ, അവൻ വായുവിന്റെയും ഇന്ദ്രന്റെയും അശ്വികളുടെയും അടുക്കൽ ലഹരിയോടേ ചെന്നെത്തും! 7
എവരുടെ മധുവീചികൾ മിത്രവരുണഭഗന്മാരെ നീരാടിയ്ക്കുമോ, അവർ ഇതിനെ അറിഞ്ഞു, സുഖയുക്തരായിത്തീരും! 8
ദ്യാവാപൃഥിവികളേ, നിങ്ങൾ ഞങ്ങൾക്കു, മത്തുപിടിപ്പിയ്ക്കുന്ന സോമം കിട്ടാൻ ധനവും അന്നവും ജംഗമസ്വത്തുക്കളും ഉളവാക്കുവിൻ! 9
[1] കൂട്ടുകൾ – പാലും മറ്റും. തന്തിരുവടി – ഇന്ദ്രൻ. അറിയുന്ന – അനുഭവിയ്ക്കുന്ന എന്നർത്ഥം.
[2] ആ മധു – സോമം.
[3] അഹിംസം = ഹിംസാരഹിതം. വൃഷാവു് – സോമം.
[4] സമ്പത്തുടുക്കുന്ന – യജമാനർക്കു കൊടുക്കാൻ ധനമെടുക്കുന്ന. കവി – സോമം. കാവ്യങ്ങൾ – സ്തോതാക്കളുടെ സ്തുതികൾ. വിണ്ണിലെ കുതിര – ഇന്ദ്രാശ്വം. യാത്രയ്ക്കു – യാഗത്തിനു പോരാൻ.
[5] മുടക്കികൾ – യജ്ഞവിഘ്നകാരികളായ കൂട്ടർ.
[6] അരുമപ്പെട്ട – ദേവകൾക്കു പ്രിയനായ. പച്ചനിറക്കാരൻ – സോമം. കമ്പിളി – കമ്പിളിയരിപ്പ.
[7] കർമ്മങ്ങൾ – പിഴിയുകയും മറ്റും.
[8] എവരുടെ മധുവീചികൾ – എവർ പിഴിഞ്ഞ സോമത്തിന്റെ നീരലകൾ. അവർ – ആ യജ്ഞമാനർ. ഇതിനെ അറിഞ്ഞു – സോമത്തിന്റെ പ്രഭാവം അറിഞ്ഞു്.
[9] ജംഗമസ്വത്തുകൾ – ഗവാശ്വാദികൾ.