വരുണപുത്രൻ ഭൃഗുവോ, ജമദഗ്നിയോ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.
പണിയെടുക്കുന്ന ചാർച്ചക്കാരായ വിരലുകൾ അഭിലാഷം പൂണ്ടു സുവീര്യനും മഹാനും സ്വാമിയുമായ സോമത്തെ പിഴിയുന്നു. 1
പവമാനമേ, ഓരോ പ്രഭകൊണ്ടും തിളങ്ങുന്ന ഭവാൻ ദേവകൾക്കായി പാത്രങ്ങളിലെല്ലാം പ്രവേശിച്ചാലും! 2
പവമാനമേ, ദേവകളെ പരിചരിപ്പാൻ നല്ല സ്തുതിയും, അന്നത്തിന്ന് അച്ചടക്കമുള്ള മഴയും ഭവാൻ പൊഴിച്ചാലും! 3
പവമാനമേ, വൃഷാവാണല്ലോ, അവിടുന്ന്: തേജസ്സാൽ തിളങ്ങുന്ന നിന്തിരുവടിയെ ഞങ്ങൾ വഴിപോലെ ധ്യാനിച്ചു വിളിയ്ക്കുന്നു. 4
ശോഭനായുധ, ഭവാൻ സന്തുഷ്ടനായി നല്ല വീര്യത്തെ ഒഴുക്കിയാലും; ഇന്ദോ, ഇങ്ങോട്ടുതന്നെ എഴുനള്ളിയാലും! 5
കൈകൾ അങ്ങയെ മേൽത്തേപ്പിച്ചു വെള്ളം പകരുന്നു; ഉടനേ അങ്ങു് മരപ്പാത്രത്തിലൂടേ സ്വസ്ഥാനം പ്രാപിയ്ക്കും. 6
ആയിരം കണ്ണുകളുള്ള മഹാനായ പവമാനസോമത്തെകുറിച്ചു നിങ്ങൾ വ്യശ്വനെപ്പൊലെ പാടുവിൻ: 7
ഇതാ, നിവാരകനായ, മധു തൂകുന്ന, പച്ചനിറം പൂണ്ട സോമത്തെ, ഇന്ദ്രന്നു കുടിപ്പാൻ, അമ്മിക്കുഴകൊണ്ടു ചതയ്ക്കുന്നു. 8
അന്നവാന്മാരായ ഞങ്ങൾ ആ സമ്പത്തെല്ലാം കീഴടക്കുന്ന നിന്തിരുവടിയുടെ സഖ്യം വരിച്ചുകൊള്ളുന്നു! 9
എല്ലാം ബലത്താൽ നല്കിപ്പൊരുന്ന വൃഷാവായ ഭവാൻ നീരൊഴുക്കുക; മരുത്ത്വാനെ മത്തും പിടിപ്പിയ്ക്കുക! 10
പവമാനമേ, സർവദ്രഷ്ടാവായ, വാനൂഴികളെത്താങ്ങുന്ന, ബലവാനായ ഭവാനെ ഞാൻ അന്നത്തിന്നു പ്രേരിപ്പിയ്ക്കുന്നു! 11
ഈ നടക്കുന്ന വിരലുകളാൽ പിഴിയപ്പെട്ട ഭവാൻ നീർ ധാരയായി ഒഴുക്കുക; സഖാവിനെ സമരത്തിന്നിറക്കുക! 12
ഇന്ദോ, ഏവർക്കും ദർശനീയനായ ഭവാൻ ഞങ്ങൾക്കു ധാരാളം അന്നമൊഴുക്കുക; സോമമേ, അങ്ങു് ഞങ്ങൾക്കു വഴി കാട്ടിത്തരിക! 13
ഇന്ദോ, ബലവാനായ ഭവാന്റെ നീർ നിറച്ച കലശം സ്തുതിയ്ക്കപ്പെടുന്നു: ഭവാൻ ഇന്ദ്രന്നു കുടിപ്പാൻ ചെന്നാലും! 14
അങ്ങയുടെ മത്തുപിടിപ്പിയ്ക്കുന്ന കടുംനീർ അമ്മികൾകൊണ്ടു കറക്കപ്പെടുന്നുണ്ടല്ലോ; ആ ഭവാൻ ശത്രുക്കളെ ഹനിപ്പാൻ ഒഴുകിയാലും! 15
പാമാനസോമം യജ്ഞത്തിൽ, അന്തരിക്ഷത്തിലൂടേ പോകാൻ, സ്തുതികളോടുകൂടി നടക്കുന്നു. 16
ഇന്ദോ, അവിടുന്നു നൂറുഗോക്കളെയും തീറ്റയും, നല്ല അശ്വങ്ങളെയും, ധനവും ഞങ്ങൾക്കു രക്ഷയ്ക്കായി കൊണ്ടുവന്നാലും! 17
സോമമേ, ദേവകൾക്കു കുടിപ്പാൻ പിഴിയപ്പെടുന്ന ഭവാൻ ഞങ്ങൾക്കു തടവില്ലാത്ത ബലവും ഒളിവീശുന്ന വടിവും കൊണ്ടുവന്നാലും! 18
സോമമേ, മിന്നിത്തിളങ്ങുന്ന ഭവാൻ, ഒരു പരുന്തു കുട്ടിലെയ്ക്കുപോകുന്നതുപോലെ, ഒച്ച പുറപ്പെടുവിച്ചുകൊണ്ടു കലശത്തിലെയ്ക്കൊഴുകിയാലും! 19
വെള്ളമുൾപ്പുക്ക സോമം ഇന്ദ്രന്നും വായുവിന്നും വരുണന്നും മരുത്തുക്കൾക്കും വിഷ്ണുവിന്നുമായി ഒഴുകുന്നു. 20
സോമമേ, അവിടുന്നു ഞങ്ങളുടെ മകന്ന് അന്നം തന്നുകൊണ്ടു, ഞങ്ങൾക്കും നീളെ ആയിരമൊഴുക്കുക! 21
യാതൊരു സോമം അകലത്തും, യാതൊന്നരികത്തും, യാതൊന്ന് ആ ശര്യണാവത്തിലും പിഴിയപ്പെടുന്നുവോ; 22
യാതൊന്ന് ആർജ്ജീകത്തും, കൃത്വാവിലും, യാതൊന്നു നദികൾക്കിടയിലും, യാതൊന്നു പഞ്ചജനങ്ങളിലും പിഴിയപ്പെടുന്നുവോ; 23
ആ പിഴിയപ്പെടുന്ന സമുജ്ജ്വലമായ ഇന്ദു നമുക്ക് അന്തരിക്ഷത്തിൽനിന്നു മഴയും സുവീര്യവും ഒഴുകട്ടെ! 24
കാമിയ്ക്കുന്ന ഹരിതവർണ്ണൻ കാളത്തോലിലാക്കപ്പെട്ടു, ജമദഗ്നിയാൽ സ്തുതിയ്ക്കപ്പെട്ട്, ഒഴുകുന്നു. 25
അന്നമയയ്ക്കുന്ന ഇന്ദുക്കൾ (ക്ഷീരാദികളോടു)ചേർന്നു, തെളിയ്ക്കപ്പെടുന്ന കുതിരകൾപോലെ വെള്ളത്തിൽ കഴുകപ്പെടുന്നു. 26
അങ്ങയെ സവനത്തിൽ ഋത്വിക്കുകൾ ദേവന്മാർക്കായി പിഴിയുന്നു; ആ ഭവാൻ ഈ ശോഭയോടേ ഒഴുകിയാലും! 27
സുഖകരവും, കൊണ്ടുവരുന്നതും, രക്ഷകവും, പുരുകാമ്യവുമായ അങ്ങയുടെ ബലത്തെ ഇന്നു ഞങ്ങൾ വരിയ്ക്കുന്നു – 28
മദകരനെ, വരണീയനെ, മേധാവിയെ, മനീഷിയെ, രക്ഷകനെ, പുരുകാമ്യനെ (ഞങ്ങൾ വരിയ്ക്കുന്നു). 29
സുകർമ്മാവേ, പുത്രന്മാർക്കായി ധനത്തെയും നല്ല ജ്ഞാനത്തെയും (ഞങ്ങൾ വരിയ്ക്കുന്നു); രക്ഷകനെ, പുരുകാമ്യനെ (ഞങ്ങൾ വരിയ്ക്കുന്നു). 30
[1] ചാർച്ചക്കാർ – ഒരേകയ്യിന്മേൽ ജനിച്ചവർ.
[3] അച്ചടക്കം – ഒതുങ്ങിനില്ക്കൽ.
[6] മേൽത്തേപ്പിച്ചു – വെടുപ്പു വരുത്താൻ.
[7] സ്തോതാക്കളോടു്: വ്യശ്വൻ – ഋഷി.
[8] നിവാരകൻ – ശത്രുക്കളെ തടുക്കുന്നവൻ.
[9] അന്നവാന്മാർ – ഹവിസ്സമേതർ. സമ്പത്ത് – ശത്രുധനം.
[10] എല്ലാം – സമസ്തസമ്പത്തും. നല്കിപ്പോരുന്ന – സ്തോതാക്കൾക്ക്. മരുത്ത്വാൻ = ഇന്ദ്രൻ.
[11] അന്നത്തിന്നു പ്രേരിപിയ്ക്കുന്നു – എനിയ്ക്കന്നം തന്നാലും.
[12] നടക്കുന്ന – കർമ്മങ്ങളിൽ പെരുമാറുന്ന. സഖാവ് – ഇന്ദ്രൻ.
[14] ചെന്നാലും – ചമസങ്ങളിൽ.
[16] പോകാൻ – കലശത്തിലെയ്ക്ക്. സ്തുതികളോടുകൂടി – സ്തുതിയ്ക്കപ്പെട്ടുകൊണ്ടു്.
[18] ഒളിവീശുന്ന വടിവ് – ഉജ്ജ്വലമായ ആകൃതി.
[21] ആയിരം – വളരെദ്ധനം.
[23] ആർജ്ജീകവും കൃത്വാവും ദേശനാമങ്ങളത്രേ.
[25] കാമിയ്ക്കുന്ന – ദേവന്മാരെ. ജമദഗ്നി – ഞാൻ.
[27] പ്രത്യക്ഷോക്തി: സവനം – സോമയാഗം. ഒഴുകിയാലും – കലശത്തിലെയ്ക്ക്.
[28] കൊണ്ടുവരുന്നതും – ധനാദികളെ.